ഇനി ഒളിഞ്ഞുനോക്കണ്ട...
പ്രദീപ് പുറവങ്കര
നമ്മുടെ ഭരണഘടന പ്രകാരം ഇന്ത്യ സ്വതന്ത്ര, ജനാധിപത്യ, മതേതര രാജ്യമാണ്. അത് ആവർത്തിച്ച് ഓർമ്മിപ്പിക്കുന്ന ഇടമാണ് നമ്മുടെ കോടതികൾ. മുത്വലാഖ് വിധിക്ക് പുറകെ ചരിത്രപരമായ മറ്റൊരു വിധി കൂടി ഇന്ന് സുപ്രീം കോടതിയിലൂടെ വന്നിരിക്കുന്നു. ഇതിലൂടെ സ്വകാര്യതയെ മൗലിക അവകാശമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങളുടെ സ്വകാര്യതയിലേയ്ക്ക് കടന്നുകയറാൻ സർക്കാറിന് വരെ സാധിക്കാത്ത വിധത്തിലാണ് ഈ വിധി വന്നിരിക്കുന്നത്. 1954ലെയും 62ലെയും ഭരണഘടന ബഞ്ചുകളുടെ വിധികൾ അസാധുവാക്കിയാണ് സ്വകാര്യതയെ മൗലിക അവകാശമായി പ്രഖ്യാപിച്ചിരിക്കുന്നത്. ആധാർ കാർഡ് നിർബന്ധമാക്കുന്നതുൾപ്പെടെയുള്ള നിരവധി തീരുമാനങ്ങളെ ഇത് ബാധിച്ചേക്കുമെന്നതിനാലാണ് ഈ വിധിക്ക് ചരിത്രപരമായ പ്രാധാന്യം കൈവരുന്നത്.
ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതും ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതും ഇഷ്ടമുള്ളയാളോടൊപ്പം ഇഷ്ടമുള്ളയിടത്ത് ഇരിക്കുന്നതുമെല്ലാം സ്വകാര്യതയായി പരിഗണിക്കുന്ന ഒരു രാജ്യത്ത് ഇപ്പോഴത്തെ കോടതി വിധി കാരണം വരാനിരിക്കുന്ന സംഭവവികാസങ്ങളുടെ വ്യാപ്തി വളരെ വലുതായിരിക്കുമെന്ന് സംശയമില്ല. എന്ത് ഭക്ഷണം കഴിക്കണമെന്നതിന് വരെ സർക്കാർ തലത്തിൽ നിയന്ത്രണം ഉള്ള രാജ്യമാണ് ഇന്ന് നമ്മുടെ ഇന്ത്യ. എന്നാൽ ഇനി മുതൽ സ്വകാര്യത മൗലിക അവകാശമായി തീരുന്നതോടെ നാം എന്ത് ഭക്ഷിക്കരുതെന്ന് തീരുമാനിക്കുന്ന സ്‌റ്റേറ്റിന്റെ നിലപാടുകൾ പോലും ചോദ്യം ചെയ്യപ്പെടും. അതുകൊണ്ട് തന്നെ ഒരു പൗരൻ്റെ മൗലികാവകാശമായ സ്വാകര്യത സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിന് തന്നെ ഉണ്ടാകുന്പോൾ വരാനിരിക്കുന്ന നാളുകൾ വ്യത്യസ്തമാകുമെന്ന് തന്നെ പറയാം.
ജീവിക്കുന്നതിനുള്ള അവകാശത്തേക്കാൾ വലുതല്ല സ്വകാര്യതയ്ക്കുള്ള അവകാശമെന്നാണ് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ വാദിച്ചത്. എന്നാൽ സ്വകാര്യതയ്ക്കുള്ള അവകാശം ജീവിക്കാനുള്ള അവകാശം തന്നെയാണെന്ന് തെളിയിക്കുകയാണ് സുപ്രീം കോടതിയുടെ വിധി. ഓരോ വ്യക്തിയുടെയും സ്വകാര്യതയിലേയ്ക്ക് ഭരണകൂടവും സമൂഹവും ഇടപെടുന്പോൾ സ്വതന്ത്രമായി ജീവിക്കാനുള്ള ഒരുവന്റെ അവകാശമാണ് ഇല്ലാതാകുന്നത്. പൗരനെ അംഗീകരിച്ചുകൊണ്ടുള്ള വിധിയായി ഈ സുപ്രീം കോടതി വിധി വിലയിരുത്തപ്പെടുന്നതും ഇതിനാലാണ്. പൗരന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും നീക്കങ്ങൾക്കാണ് ഇത് തിരിച്ചടി നൽകുന്നത്. അതുകൊണ്ട് തന്നെ ഞങ്ങളിലേയ്ക്ക് ഒളിഞ്ഞുനോക്കേണ്ടെന്ന് അവകാശത്തോടെ പറയാനുള്ള അവസരമാണ് ഈ വിധി സാധാരണക്കാരനായ പൗരന് നൽകുന്നത്.