ജീവിതമെന്ന ആഘോഷം...
പ്രദീപ് പുറവങ്കര
ജീവിതത്തെ ആഘോഷമാക്കി കാണുന്നവർ എന്നും സന്തോഷവാൻമാരായിരിക്കുമെന്ന് പറയാറുണ്ട്. എത്ര വലിയ പ്രശ്നം വന്നാലും അവർ ചിരിച്ചു കൊണ്ട് അതിനെ നേരിടും. പലപ്പോഴും നമ്മിൽ മിക്കവരും അങ്ങിനെയല്ല എന്നതാണ് സത്യം. പലരും പിരിമുറുക്കത്തിന്റെ കോട്ടകളാണ് മുഖത്ത് കെട്ടിവെക്കുന്നത്. ഇത്ര ദിവസം, അല്ലെങ്കിൽ ഇത്ര മണിക്കൂർ നീണ്ടു നിൽക്കുന്ന ചടങ്ങുകളാണ് മിക്കവരുടെയും ആഘോഷം. അതിനെ തുടർച്ചകളാക്കി കൊണ്ടുപോകാൻ പലപ്പോഴും സാധിക്കുന്നില്ല. അങ്ങിനെ ശ്രമിച്ചാൽ പിന്നെ ആഘോഷങ്ങൾക്ക് എന്ത് പ്രസക്തി എന്ന മറുചോദ്യവും നിലനിൽക്കുന്നുണ്ട്. ഓണാഘോഷത്തിന്റെയും പെരുന്നാളിന്റെയും ഒക്കെ തിരക്ക് പ്രവാസലോകത്തും ആരംഭിച്ചു കഴിഞ്ഞു. അവധിയുടെ ആലസ്യവും വിട്ടുമാറികൊണ്ടിരിക്കുന്നു. ഓണസദ്യയ്ക്ക് ഒരുങ്ങിയും പ്രിയപ്പെട്ടവരെ വിരുന്നുണ്ണാൻ ക്ഷണിച്ചും ഓണത്തിന്റെ ഓർമ്മകൾ ഗൃഹാതുരയിൽ ചാലിച്ച് ആസ്വദിക്കാൻ അണിയറ നീക്കങ്ങളും സജീവം. ആഘോഷങ്ങളോട് വിടപറയുന്പോൾ വീണ്ടും നമ്മളൊക്കെ യന്ത്ര മനുഷ്യരാകും. സ്വിച്ചിട്ടത് പോലെ ഉറങ്ങിയെഴുന്നേറ്റ് ജോലിചെയ്ത് വീണ്ടും ഉറങ്ങുന്ന യന്ത്ര മനുഷ്യർ.
എന്നാൽ അങ്ങിനെയല്ലാത്തവരും നമ്മുടെ ഇടയിൽ ഉണ്ട്. അവർക്ക് ഓരോ നിമിഷവും ആഘോഷമാണ്. ജീവിതത്തിന്റെ ഓരോ കണികയും അവർ ആസ്വദിക്കുന്നു. ഒരു സുഹൃത്തിനെ ഓർത്തു പോകുന്നു. നിരന്തരം ഫേസ് ബുക്കിലൂടെ ചാറ്റ് ചെയ്യാൻ വരാറുള്ള കൂട്ടുക്കാരനാണ് അദ്ദേഹം. യാതൊരു മുൻപരിചയവുമില്ല. ചാറ്റിങ്ങിലൊക്കെ വലിയ തമാശകളാണ് അദ്ദേഹം പങ്ക് വെയ്ക്കുക. തിരക്ക് പിടിച്ച ജീവിതത്തിൽ ഇങ്ങിനെയൊക്കെ തമാശകൾ പറയാൻ എങ്ങിനെ സാധിക്കുന്നു എന്നു ചോദിച്ചപ്പോഴാണ് അദ്ദേഹം ഒരു വാക്ക് പറഞ്ഞത്. അതിതായിരുന്നു. ഞാൻ ഈ ജീവിതത്തിന്റെ വില മനസിലാക്കുന്നു. താൻ ഒരു കാൻസർ രോഗിയാണെന്നും, എപ്പോൾ വേണമെങ്കിലും സങ്കീർണമായി തീരാവുന്ന തരത്തിലാണ് തന്റെ ആരോഗ്യനിലയെന്നും അദ്ദേഹം അതിനോടൊപ്പം പറഞ്ഞപ്പോഴാണ് ആ വാചകങ്ങളുടെ അർത്ഥം ശരിയായ തരത്തിൽ മനസിലായത്. ഏതൊരാളെയും പോലെ സോറി എന്ന വാക്കുപയോഗിച്ച് ആ വേദനയിൽ പങ്ക് ചേരാൻ ഞാൻ ശ്രമിച്ചെങ്കിലും, അദ്ദേഹം എന്നെ നിരുത്സാഹപ്പെടുത്തി. ആരോടും ഈക്കാര്യം പറയാത്തത് തന്നെ ഈ സോറി പറച്ചിൽ കേൾക്കാതിരിക്കാൻ വേണ്ടിയാണെന്നും മരണം എന്നത് ഏത് നിമിഷവും സംഭവിക്കാൻ സാധ്യതയുള്ള കാര്യമായത് കൊണ്ട് കിട്ടുന്നതൊക്കെ ബോണസാണെന്ന് കരുതിയാണ് മുന്പോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞപ്പോൾ, ജീവിതം ശരിയായി ഉപയോഗിക്കാത്തതിൽ എനിക്കും കുറ്റബോധം തോന്നി.
സൂര്യൻ ഉദിക്കുന്നതും, നിലാവ് പരക്കുന്നതും, തണുപ്പും, ചൂടും മാറി മാറി വരുന്നതും, പ്രിയപ്പെട്ടവർ നമുക്ക് ചെയ്ത് തരുന്ന ചെറുതും വലുതുമായകാര്യങ്ങളെ തിരിച്ചറിയാൻ പറ്റാത്തതുമൊക്കെ നമ്മളിൽ പലരുടെയും ജീവിതത്തിൽ വലിയ സങ്കടങ്ങൾ പെയ്ത് പോകാത്തത് കൊണ്ടാണെന്ന് ഇത്തരം വർത്തമാനങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു. ഒരു പൂവ് വിരിയുന്നത് പോലും നോക്കി നിൽക്കാൻ നമുക്ക് ഇന്ന് സാധിക്കാറില്ല. ഒരു പൂന്പാറ്റ ചുറ്റും പറന്നു നടക്കുന്നുണ്ടെങ്കിൽ അതിനെ ഒന്ന് സ്നേഹത്തോടെ നോക്കാൻ നമ്മളിൽ മിക്കവർക്കും പറ്റുന്നില്ല. നമ്മുടെ ചുറ്റും സംഭവിക്കുന്ന ഇത്തരം കാര്യങ്ങൾക്ക് വിലയിട്ട് തുടങ്ങിയാൽ സന്തോഷം മുഖത്തും മനസിലും നിറഞ്ഞു തുടങ്ങുമെന്നാണ് തോന്നുന്നത്. ഉദാഹരണത്തിന് വെറുതെ ഓക്സിജൻ കിട്ടുന്പോൾ അതിന് വിലയില്ല. മറിച്ച് ആശുപത്രി കിടക്കയിൽ ജീവിക്കുമോ മരിക്കുമോ എന്നറിയാതെ ഒരു ട്യൂബിലൂടെ ജീവവായു കിട്ടുന്പോൾ അതിന് പണം നൽകേണ്ടി വരുന്നു. അപ്പോൾ ഓക്സിജന് വില വരുന്നു. ഇത് തന്നെയാണ് നമ്മുടെ ബന്ധങ്ങളിലും സംഭവിക്കുന്നത്. സ്നേഹത്തിനും സൗഹർദത്തിനുമൊക്കെ മനസിലെങ്കിലും വിലയിട്ട് തുടങ്ങിയാൽ അതിനൊക്കെ മൂല്യമുണ്ടാകും. സത്യത്തിൽ ഓരോ ദിവസവും ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്നത് തന്നെ എത്രയോ വലിയ ഭാഗ്യമാണ്. എത്രയോ പേർക്ക് അത് സംഭവിക്കുന്നുണ്ടാകില്ല. ഇങ്ങിനെ, ചിന്തിക്കാൻ, സന്തോഷിക്കാൻ, സങ്കടപ്പെടാൻ, ആസ്വദിക്കാൻ, സ്നേഹിക്കാൻ, തിരിച്ചറിയാൻ ഒക്കെ സാധിക്കുന്നുവെങ്കിൽ ആഘോഷമായി മാറും ഓരോ ജീവിതങ്ങളും എന്നോർമ്മിപ്പിക്കുന്നു..