ആഘോഷം അതിര് വിടാതിരിക്കട്ടെ...
പ്രദീപ് പുറവങ്കര
‘വളരെ വൃത്തികെട്ട ലോകത്തിലാണ് നാം ജീവിക്കുന്നത്. ഞാനൊരു പബ്ലിക്ക് ഫിഗറാണ്. അതുകൊണ്ട് തന്നെ സ്വകാര്യജീവിതം എന്ന ആർഭാടം തനിക്കൊരിക്കലും ആസ്വദിക്കാൻ കഴിയില്ലെന്ന് ബോധ്യമുണ്ട്. എന്നുകരുതി എന്നോട് അപമര്യാദയായി പെരുമാറാൻ അത് ആർക്കും അവകാശം നൽകുന്നില്ല.’ കഴിഞ്ഞ ദിവസം ബോളിവുഡ് നടിയായ ഇല്യാന ഡിക്രൂസ് തന്റെ ട്വിറ്ററിലൂടെ വ്യക്തമാക്കിയ കാര്യമാണിത്. ആരാധകരുടെ അമിത സ്‌നേഹം പ്രശസ്തരായ വ്യക്തികൾക്ക് തലവേദന സൃഷ്ടിക്കുന്നത് വാർത്തകളിൽ നിറയാറുണ്ട്. പബ്ലിക്ക് ഫിഗർ എന്നാൽ പൊതുമുതൽ എന്നതാണ് ഇത്തരം ആരാധകരും കരുതിപോകുന്നത്. അങ്ങിനെയുള്ള മുതലിന്റെ മുകളിൽ എന്ത് തരം അക്രമവും അതിക്രമവും കാണിക്കാമെന്ന അബദ്ധ ധാരണയും ഇവർ വെച്ചു പുലർത്തുന്നു.
ഇത് പറഞ്ഞുവരാനുള്ള കാരണം പ്രവാസ ലോകം ഇനി സാക്ഷ്യം വഹിക്കാൻ പോകുന്നത് വലിയ ഓണാഘോഷ പരിപാടികൾക്കാണ്. അതിപ്രശസ്തരും, പ്രഗത്ഭരുമായി നിരവധി പേർ ഇവിടെ ഈ നാളുകളിൽ ഒത്തുചേരും. അവർ വരുന്പോൾ ഒരു മനുഷ്യത്വപരമായ സമീപനം ആരാധക സുഹൃത്തുക്കൾ വെച്ചു പുലർത്തണമെന്നാണ് പറയാനുള്ളത്. ഒരിക്കൽ മലയാളത്തിന്റെ പ്രിയനടൻ ബഹ്റൈനിൽ വന്നപ്പോൾ ഒരു ആരാധകൻ അദ്ദേഹത്തിന്റെ കവിൾ കടിച്ചുമുറിച്ചത് ഓർക്കുന്നു. പാവം, അന്ന് ഒന്നും പറയാതെ വേദന കടിച്ച് പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തുകൊടുത്തു. പിന്നീട് ചോദിച്ചപ്പോൾ അവിടെ നിന്നെന്തെങ്കിലും പ്രതികരിച്ചു പോയാൽ അത് വാർത്തയാകുമെന്നും, ചിലപ്പോൾ താരം ആരാധകനോട് ചൂടായി എന്നുമൊക്കെ പറഞ്ഞ് പിന്നീട് നാണക്കേടാകുമെന്നുമൊക്കെ അദ്ദേഹം വിഷമത്തോടെ പറഞ്ഞു.
അന്ധമായ ആരാധനയ്ക്ക് പകരം അവരുടെയുള്ളിലെ കലയെ അഭിനന്ദിക്കുന്ന മാനസികാവസ്ഥയിലേയ്ക്ക് എത്തിച്ചേരുന്ന ഒരു പക്വമായ കലാസ്വാദകരെ സൃഷ്ടിച്ചെടുക്കാൻ പ്രവാസലോകത്തിനെങ്കിലും സാധിക്കേണ്ടതുണ്ട്. പലപ്പോഴും േസ്റ്റജ് ഷോകൾ അവസാനിക്കുന്പോൾ ഇരുന്ന കസേരകൾ പോലും തകർക്കുന്ന തരത്തിലാണ് ചിലരെങ്കിലും അഴിഞ്ഞാടാറുള്ളത്. സൗജന്യ പാസിൽ വന്നവർ പോലും ഇതൊക്കെ തങ്ങളുടെ അവകാശമാണെന്ന് ധരിച്ചു പോകുന്നു. വളരെ ആഗ്രഹത്തോടെ പരിപാടിയിൽ പങ്കെടുക്കാൻ വരുന്നവർക്ക് വരെ തലവേദന ഉണ്ടാക്കുന്ന ഇത്തരം ആളുകൾ ഇനിയെങ്കിലും മനസ് മാറ്റിയാൽ നല്ലത്.
വിദേശീയരായി ഇവിടെ ജോലി ചെയ്യുന്ന നമ്മുടെ ആഘോഷ പരിപാടികളിൽ വരും നാളുകളിൽ സർക്കാർ തലത്തിൽ തന്നെ നിരീക്ഷണം ശക്തമാകുമെന്നാണ് അധികൃതരുടെ ഇടയിൽ നിന്ന് മനസിലാക്കുന്നത്. അതുകൊണ്ട് ഈ ഇടത്തിൽ നമ്മൾ ജീവിതം മുന്പോട്ട് നയിക്കുന്പോൾ ഇവിടെയുള്ള നിയമങ്ങൾ പാലിച്ചു കൊണ്ട് തന്നെ ആഘോഷങ്ങളെ ആർഭാടമാക്കാൻ ശ്രമിക്കുക എന്നോർമ്മിപ്പിച്ചു കൊള്ളുന്നു...