വംശീയഭ്രാന്തിലേയ്ക്ക് അടുത്ത് അമേരിക്ക...
പ്രദീപ് പുറവങ്കര
കുലം, ജാതി, വംശം, മതം, നിറം തുടങ്ങിയ വ്യത്യസ്തകരമായ കളങ്ങൾ മനുഷ്യനുണ്ടായ കാലം മുതൽക്ക് തന്നെയുള്ളതാണ്. അതിന്റെ പേരിലാണ് ലോകത്ത് വിനാശകാരമായ പല യുദ്ധങ്ങൾ പോലും ഉണ്ടായിട്ടുള്ളത്. കാലം പുരോഗമിച്ചപ്പോൾ ഇത്തരം ചിന്തകളെ മോശമായി കാണുന്ന അവസ്ഥയും ഈ അടുത്ത കാലം വരെയുണ്ടായിരുന്നു. എന്നാൽ ഇന്ന് ലോകമെന്പാടും ഈ നിലപാടിൽ നിന്ന് അൽപ്പാൽമായി മാറ്റങ്ങൾ ഉണ്ടായികൊണ്ടിരിക്കുന്നു എന്നതാണ് ദുഃഖകരമായ യാഥാർത്ഥ്യം. വെറുപ്പിന്റെ പ്രത്യയശാസ്ത്രം പെട്ടന്ന് വിറ്റുപോകുമെന്ന് രാഷ്ട്രീയനേതാക്കളും തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്ന വർത്തമാന കാലത്തിന്റെ ലോകപോലീസെന്ന് അറിയപ്പെടുന്ന അമേരിക്കയിൽ നിന്നും സമാനമായ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. കറുപ്പിന്റെയും വെളുപ്പിന്റെയും പേരിൽ ഏറ്റവുമധികം സമരങ്ങൾ നടന്ന രാജ്യമാണ് അമേരിക്ക. അവിടെ കഴിഞ്ഞ പത്ത് വർഷം ഭരിച്ചത് ഒരു കറുത്ത വംശജനായിരുന്നു എന്നതും ഇന്ന് ചരിത്രമാണ്. പക്ഷെ ആധുനികരെന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്ക ഇന്ന് അന്തമില്ലാത്ത വംശീയഭ്രാന്തിന്റെ ആഴക്കടലിലേയ്ക്ക് പതിക്കുകയാണോ എന്ന സംശയം തോന്നുന്ന തരത്തിലാണ് ചില സംഭവങ്ങൾ അവിടെ അരങ്ങേറുന്നത്. വിർജീനിയയിലെ ഷാലത്സ്വിൽ നഗരത്തിലുണ്ടായ സംഭവം ഇതാണ് സൂചിപ്പിക്കുന്നത്.
അമേരിക്കൻ ആഭ്യന്തരയുദ്ധ കാലത്ത് അടിമത്തം സംരക്ഷിക്കാനും വെള്ള മേധാവിത്വം നിലനിർത്താനുമായി ദക്ഷിണ സംസ്ഥാനങ്ങളെ കൂട്ടിയോജിപ്പിച്ച് കോൺഫെഡറേറ്റ് േസ്റ്ററ്റ്സിന് രൂപം നൽകാൻ ഇറങ്ങിപ്പുറപ്പെട്ട വിഘടനവാദികളുടെ സൈന്യത്തിന് നേതൃത്വം നൽകിയവരുടെ പ്രതിമകൾ നീക്കം ചെയ്യുന്നതിനെതിരെയാണ് വംശീയഭ്രാന്തന്മാർ ഒന്നിച്ചത്. ഹിറ്റ്ലറുടെ കാലത്തെ ഓർമ്മിപ്പിക്കുന്ന തരത്തിൽ വംശീയവാദത്തിന്റെ സകല ചിഹ്നങ്ങളും ഉയർത്തിപിടിച്ച് രക്തവും മണ്ണും എന്ന മുദ്രാവാക്യം ഉയർത്തി വെള്ളുത്തവരുടെ മേന്മകൾ ഉയർത്തി കാട്ടി ഈ വംശീയഭ്രാന്തമാർ നഗരത്തിൽ അഴിഞ്ഞാടിയെന്ന് വാർത്തകൾ സൂചിപ്പിക്കുന്നു. അമേരിക്കയുടെ സമീപകാല ചരിത്രത്തിൽ ആദ്യമായാണ് വെള്ള മേധാവിത്വവാദികളും നവനാസികളും ഫാസിസ്റ്റുകളും കൈകോർത്തുകൊണ്ട് ദേശീയത ഉയർത്തിപ്പിടിക്കാനെന്ന പേരിൽ സംഘടിച്ചത്. സൗത്ത് കരോലിനയിലെ ചരിത്രപ്രസിദ്ധമായ മദർ ഇമ്മാനുവൽ ചർച്ചിൽ കയറി ഡിലാൻ റൂഫ് എന്ന വംശീയവാദി ഒന്പതു പേരെ വെടിവച്ച് കൊന്നതോടെയാണ് കോൺഫെഡറേറ്റ് കാലത്തെ ഓർമ്മിപ്പിക്കുന്ന പ്രതിമകളും കൊടികളും മറ്റും നീക്കംചെയ്യണമെന്ന ആവശ്യം അമേരിക്കയിലെങ്ങും ഉയർന്നത്. തുടർന്ന് ആയിരത്തിലധികം വരുന്ന ഇത്തരം പ്രതീകങ്ങളിൽ പകുതിയിലധികവും ഇപ്പോൾ തന്നെ നീക്കിക്കഴിഞ്ഞു. അതിന്റെ ഭാഗമായി കോൺഫെഡറേറ്റ് സൈന്യാധിപനായിരുന്ന റോബർട്ട് ഇ ലീയുടെ പ്രതിമ നീക്കംചെയ്യാനും, ഈ പ്രതിമ സ്ഥിതിചെയ്യുന്ന പാർക്കിന്റെ പേര് ലീ പാർക്കിനു പകരം വിമോചന പാർക്ക് എന്നാക്കാനും തീരുമാനിച്ചതാണ് ഇവരെ ചൊടിപ്പിച്ചത്. ഇതിനെതിരെയാണ് വെള്ളമേധാവിത്വത്തിന്റെ കൊടിയുയർത്തി വംശീയഭ്രാന്തന്മാർ ഷാലത്സ്വിൽ പ്രകടനം നടത്തിയതും അഴിഞ്ഞാടിയതും.
ഈ വംശീയഭ്രാന്തിനെതിരെ പുരോഗമന− ജനാധിപത്യവാദികളും സോഷ്യലിസ്റ്റുകളും അടുത്തദിവസം തന്നെ നഗരത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത് അക്രമത്തിലാണ് കലാശിച്ചത്. അമേരിക്കയെ ആഭ്യന്തരയുദ്ധത്തിന്റെ ഇരുണ്ട നാളുകളിലേയ്ക്ക് തിരിച്ചുകൊണ്ട് പോകരുതെന്ന ആവശ്യവുമായി നടത്തിയ പ്രകടനത്തിലേയ്ക്ക് 20 വയസ്സുകാരനും, നവനാസിയുമായ ജെയിംസ് ഫീൽഡ്് കാറോടിച്ച് കയറ്റുകയും മൂന്നു പേർ കൊല്ലപ്പെടുകയും ചെയ്തു. നാസിവിരുദ്ധ പ്രവർത്തകയായ ഹീഥർ ഹെയർ എന്ന 32കാരിയും രണ്ട് പൊലീസുകാരുമാണ് ഇവിടെ കൊല്ലപ്പെട്ടത്. അമേരിക്കയിലെങ്ങും ഇപ്പോൾ വൻ പ്രതിഷേധമാണ് ഉയർന്നുവന്നിരിക്കുന്നത്. അതേസമയം വെള്ള മേധാവിത്വത്തെ ന്യായീകരിക്കാനാണ് പ്രസിഡണ്ട് ട്രംപ് തയ്യാറായിട്ടുള്ളത്. വൈറ്റ് ഹൗസ് തന്നെ ഈ വംശീയഭ്രാന്തിനെ ന്യായീകരിക്കുന്പോൾ അമേരിക്കയുടെ ഇനിയുള്ള കാലം അശാന്തമായിരിക്കുമെന്ന് ഉറപ്പിച്ചു തുടങ്ങേണ്ടി വരുന്നു. ആ ആശാന്തി ലോകത്തുള്ള മറ്റിടങ്ങളിലേയ്ക്ക് വ്യാപിക്കാതിരിക്കട്ടെ എന്നു മാത്രം ആഗ്രഹിച്ചു കൊണ്ട്...