അവർക്ക് കൊടുക്കേണ്ടത് ചരട് മാത്രം...
പ്രദീപ് പുറവങ്കര
അധികാരസ്ഥാനങ്ങളിൽ എത്തിയതിന് ശേഷം കോടീശ്വരൻമാരാകുന്ന പല രാഷ്ട്രീയക്കാരെയും നമ്മൾ കണ്ടിട്ടുണ്ട്. എന്താണിതിന്റെ ഗുട്ടൻസ് എന്ന് ചിന്തിച്ച് തല പുകയ്ക്കുന്ന ധാരാളം പാവങ്ങളും ഇന്നും നമ്മുടെ ഇടയിലുണ്ട്. ഓരോ അഞ്ച് വർഷം കൂടുന്പോഴും മത്സരിക്കുന്ന വേളയിൽ സ്വത്തിന്റെ കോളം ഇരട്ടിയും ചിലപ്പോൾ നൂറിരട്ടിയുമൊക്കെയായി മാറുന്ന ജാല വിദ്യ ഗോപിനാഥ് മുതുകാടിന് പോലും മനസിലാകണമെന്നില്ല. എന്നാൽ അതേ സമയം അധികാരത്തിന്റെ ഇടനാഴികളിലേയ്ക്ക് ഒരു മടിയുമില്ലാതെ കോടീശ്വരൻമാർ കടന്നുവരുന്ന അവസ്ഥ ഇന്ന് സാധാരണയായിരിക്കുന്നു. നമ്മുടെ നിയമസംവിധാന സഭകളിലൊക്കെ ഇങ്ങിനെ ധാരാളം ശതകോടീശ്വരമാർ തങ്ങളുടെ ജനങ്ങളെ സേവിക്കുവാൻ സമയം കണ്ടെത്തുന്നുണ്ട്. അവരുടെ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ ദേശീയ തലത്തിലും, സംസ്ഥാന തലത്തിലും ഒക്കെ രാഷ്ട്രസേവനം നടത്താൻ എത്തുന്നത് അവരുടെ മഹാമനസ്കത എന്ന് നമുക്ക് വെറുതെ തെറ്റിദ്ധരിക്കാം.
കുറച്ചു ദിവസമായി കേരളം ചർച്ച ചെയ്യുന്ന പ്രധാനപ്പെട്ട വിഷയം നമ്മുടെ നിയമസഭയുടെ അഹങ്കാരമായ രണ്ട് വേദനിക്കുന്ന കോടീശ്വരമാരെ പറ്റിയാണ്. രാഷ്ട്രീയത്തിൽ ബാഹ്യസമ്മർദ്ധം കാരണം കയറേണ്ടി വന്ന ഹതഭാഗ്യർ. ഒരാൾ എൻസിപി എന്ന നാലാൾ പാർട്ടിയുടെ നേതാവും പിണറായി സർക്കാരിലെ ഗതാഗത മന്ത്രിയും, സർവോപരി നമ്മൾ പ്രവാസികളുടെ ഒക്കെ ആകെയുള്ള പ്രതിനിധി കൂടിയായ ശ്രീ തോമസ് ചാണ്ടിയാണ്. മറ്റൊരാൾ മല പോലെ നിലന്പൂരിൽ നിലകൊണ്ടിരുന്ന ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്തിനെ തെരഞ്ഞെടുപ്പ് ഗോദയിൽ മലർത്തിയടിച്ച പിവി അൻവർ. ഈ രണ്ടു പേരും തങ്ങളുടെ അധികാരങ്ങൾ ഉപയോഗിച്ച് നിയമലംഘനങ്ങൾ നടത്തിയെന്നാണ് ആരോപണം.
കുട്ടനാടിന്റെ എംഎൽഎ കൂടിയായ തോമസ് ചാണ്ടിക്കെതിരെ കായൽ നികത്തിയെന്നും സർക്കാർ വക ചതുപ്പുനിലം നിയമം ലംഘിച്ചു നികത്തി സർക്കാർ ചെലവിൽ തന്നെ റോഡ് നിർമ്മിച്ചു എന്നായിരുന്നു ആദ്യം ഉയർന്ന ആക്ഷേപങ്ങളെങ്കിൽ ഇപ്പോൾ നാമനിർദ്ദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ യഥാർത്ഥ സ്വത്തു വിവരം മറച്ചുവെച്ചു എന്നിടം വരെയെത്തി നിൽക്കുന്നു അത്. ആസ്തിയുടെയും ബിസിനസിന്റെയും കാര്യത്തിൽ തോമസ് ചാണ്ടിയോളം വരില്ലെങ്കിലും ഒട്ടും പിന്നിലല്ല അൻവർ. അദ്ദേഹത്തിനെതിരെയുള്ള ആരോപണം ആദിവാസികളുടെ വെള്ളംകുടി മുട്ടിച്ച് ഡാം നിർമിച്ചുവെന്നും അതീവ പരിസ്ഥിതിലോല പ്രദേശത്തു നിയമങ്ങൾ ഒക്കെ തൃണവത്കരിച്ച് വാട്ടർ തീം പാർക്ക് നിർമ്മിച്ചുവെന്നുമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഈ ഇന്ദ്രനും ചന്ദ്രനും നല്ല സർട്ടിഫിക്കേറ്റ് കൊടുത്തിട്ടുണ്ടെങ്കിലും വിവാദം കെട്ടടങ്ങുന്ന മട്ടില്ല. അതേസമയം പാവം പാവം കോടീശ്വരൻമാരായ ഇവർ രണ്ടും പേരും അതീവ സങ്കടത്തിലുമാണ്. നാൽപ്പതാണ്ടുകൾ കുവൈത്തിൽ അത്യദ്ധ്വാനം ചെയ്തു ഉണ്ടാക്കിയ നൂറ്റന്പത് കോടി രൂപ തന്റെ നാട്ടിൽ റിസോർട്ട് കെട്ടാൻ നിക്ഷേപിച്ചത് വഴി ഇരുന്നൂറ്റി അന്പതോളം പേർക്ക് ജോലി കൊടുത്തത് ഒരു തെറ്റാണോ എന്നാണ് തോമസ് ചാണ്ടിയുടെ ചോദ്യം. കടം കയറി മുടിഞ്ഞ കക്കാടംപൊയിലിലെ കർഷകരെ രക്ഷിക്കാനാണ് താൻ വാട്ടർ തീം പാർക്ക് നിർമ്മിക്കുന്നത് എന്നാണു അൻവർ മുതലാളിയുടെയും വാദം. സത്യത്തിൽ ഇത്രയും മഹാമനസ്കതയുള്ളവരെയാണോ ചാനലുകളും രാഷ്ട്രീയ എതിരാളികളും ചേർന്ന് ക്രൂശിക്കുന്നതെന്ന് ആരും ചോദിച്ചുപോകും.
എന്തായാലും അംബാനിക്കോ അദാനിക്കോ നമ്മുടെ പ്രധാനമന്ത്രി ഇതുവരെ മന്ത്രി കസേരയൊന്നും കൊടുക്കാത്തത്തിന്റെ കാര്യം ഇപ്പോൾ പിണറായിക്കും പിടികിട്ടി കാണും. ഇത്തരം ആളുകളെ മുന്പിൽ വെച്ച് കഴിഞ്ഞാൽ പിന്നെ അവർ ചെയ്തു കൂട്ടുന്ന ഓരോ മഹാമനസ്തയ്ക്കും ജനങ്ങളോട് ഉത്തരം പറയേണ്ട ഗതികേട് വരും. പിറകിലിരുന്നു ചരട് വലിക്കാനുള്ള അവസരം മാത്രമേ കോടീശ്വരമാർക്ക് നൽകാവൂ. അതാണ് നല്ലത്. അല്ലെങ്കിൽ അവർ വെറുതെ ഇങ്ങിനെ ഓരോ പുകിലുകൾ ഉണ്ടാക്കി വരുമെന്ന് ഓർമ്മിപ്പിച്ച് കൊണ്ട്...