ആന മെലിഞ്ഞാൽ എന്ത് സൗന്ദര്യം...
പ്രദീപ് പുറവങ്കര
മനുഷ്യന്റെ സൗന്ദര്യ സങ്കൽപ്പങ്ങൾ ഓരോ കാലത്തും ഓരോന്നാണ്. ഓരോ ഇടങ്ങളിലും അത് വ്യത്യസ്തവുമാണ്. എന്തു കൊണ്ടോ ശരീര സൗന്ദര്യം തന്നെയാണ് ഇന്നും മനുഷ്യന് മിക്കപ്പോഴും പ്രധാനമാകുന്നത്. പ്രായമേറുന്പോഴാണ് ആന്തരിക സൗന്ദര്യത്തെ പറ്റി ചിന്തിച്ചു തുടങ്ങുക. ഇന്ന് ആധുനിക കാലത്ത് സീറോ സൈസ് എന്നൊരു ശരീര ഘടനയെ പറ്റി ഏറെ വേവലാതിപ്പെടുന്നവരാണ് പല സ്ത്രീ ജനങ്ങളും. സൗന്ദര്യമത്സരങ്ങൾ ഉണ്ടാക്കിയ ധാരണകൾ കാരണം കാറ്റിൽ പറക്കുന്നവിധം മെലിഞ്ഞ കുറേ സുന്ദരികൾ റാന്പിലൂടെ നടത്തുന്ന ക്യാറ്റ് വാക്കാണ് പലരുടെയും സ്വപനത്തിലെ ആഗ്രഹം. അതിന് വേണ്ടി പട്ടിണി കിടന്നും, ഓടി ചാടിയും തടി കുറയ്ക്കാൻ ശ്രമിക്കുന്നവരുടെ എണ്ണവും നമ്മുടെ ഇടയിൽ വർദ്ധിച്ചു വരുന്നു. ഇത് പല ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കുന്നുണ്ടെന്ന് വിദഗ്ധർ എത്ര തവണ ഉപദേശിച്ചാലും മിക്കവരും കാര്യമാക്കാറില്ല.
തടി കുറയുന്നതാണ് സൗന്ദര്യം എന്ന ധാരണയ്ക്ക് വിരുദ്ധമായി ഒരു സൗന്ദര്യ മത്സരം സമീപകാലത്ത് ബ്രസിലീൽ നടന്നു. ഭാരം കൂടിയവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന പതിവു സൗന്ദര്യമത്സരത്തിന്റെ ചരിത്രമാണ് ഇവിടെ തിരുത്തിക്കുറിച്ചത്. സീറോ സൈസ് ആകാനായി ആരോഗ്യം കളയുന്നവർ ശ്രദ്ധിക്കേണ്ട ഒരു മത്സരമായിരുന്നു അത്. തടിച്ചവരുടെ സൗന്ദര്യ മത്സരമാണ് സംഭവം. ബ്രസീലിലെ റിയോഡി ജനീറോയിലാണ് ‘തടിച്ചി’കളുടെ സൗന്ദര്യമത്സരം നടന്നത്. മത്സരാർത്ഥികളുടെയും കാണികളുടെയും സാന്നിദ്ധ്യം സാധാരണത്തേതിൽ നിന്ന് ഈ മത്സരങ്ങളിൽ അധികമായിരുന്നുതാനും. പതിനെട്ടിനും നാൽപ്പത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള ഇരുപത്തിനാലുപേരാണ് മത്സര രംഗത്തുണ്ടായിരുന്നത്. വണ്ണമുള്ളവരുടേതെന്ന് കരുതി സാധാരണ സൗന്ദര്യമത്സരങ്ങളിൽ നിന്ന് ഇത് ഒട്ടും പിന്നിലായിരുന്നില്ല. സാധാരണ സൗന്ദര്യ മത്സരത്തിനുള്ള ഒട്ടുമിക്ക റൗണ്ടുകളും ഇതിലും ഉണ്ടായിരുന്നു. ബ്രസീൽ സ്വദേശിനിയായ ജസിക്ക ലിമ എന്ന ഇരുപത്താറുകാരിയാണ് ഈ വ്യത്യസ്ത സൗന്ദര്യ മത്സരത്തിലെ വിജയിയായത്. വൻ സമ്മാനത്തുകയ്‌ക്കൊപ്പം വന്പൻ കന്പനികളുടെ മോഡലാകാനുള്ള അവസരവും ഇവർക്കു ലഭിച്ചു. സൗന്ദര്യ സങ്കൽപ്പങ്ങളുടെ സാധാരണ ചിന്താഗതികൾ തിരുത്തിക്കുറിച്ച ഈ സൗന്ദര്യമത്സരം ഇന്ന് യൂറോപ്പിൽ വലിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്. വിജയം പ്രതീക്ഷിച്ചതല്ലെന്നും, തടി കൂടിയതിന്റെ പേരിൽ സമൂഹത്തിന്റെ മുൻ നിരയിലേക്ക് വരാൻ ധൈര്യപ്പെടാത്തവർക്ക് ധൈര്യം തരുന്നതാണ് ഇതുപോലുള്ള മത്സരങ്ങളെന്നും ജസീക്ക അഭിപ്രായപ്പെട്ടു.
സമാനമായ തരത്തിൽ 2015ൽ പാരീസിൽ സർക്കാർ ഒരു നിയമം കൊണ്ടുവന്നിരുന്നു. ബോഡി മാസ് ഇൻഡക്‌സ് ഒരു നിശ്ചിത അളവിനും താഴെ ആണെങ്കിൽ സ്ത്രീകളെ ക്യാറ്റ് വാക്കിൽ പങ്കെടുപ്പിക്കരുത് എന്നായിരുന്നു ആ നിയമം. ആഗോള മോഡലിംഗിന്റെ തലസ്ഥാനമായ പാരീസിലെ മോഡലിംഗ് ഏജൻസികളുടെ എതിർപ്പിനെ അവഗണിച്ചായിരുന്നു ഭരണകൂടത്തിന്റെ ഈ തീരുമാനം. ഏതെങ്കിലും ഏജൻസികൾ നിയമം ലംഘിക്കുന്നതായി കണ്ടെത്തിയാൽ അവരിൽ നിന്ന് വൻ തുക പിഴ ഈടാക്കുന്നതിനോടൊപ്പം തടവ് ശിക്ഷയും നൽകുമെന്ന തീരുമാനവും ഇവർ നടപ്പിലാക്കി. നന്നായി ഭക്ഷണം കഴിക്കൂ, ആരോഗ്യം ശ്രദ്ധിക്കൂ എന്നായിരുന്നു അന്നത്തെ ആരോഗ്യ മന്ത്രിയുടെ നയം. ഫ്രാൻസിൽ അന്നത്തെ റിപ്പോർട്ട് പ്രകാരം 40,000ത്തോളം ആളുകൾ വിശപ്പില്ലായ്മ എന്ന രോഗം അനുഭവിക്കുന്നുണ്ടെന്നായിരുന്നു കണക്ക്. ഇതിൽ പത്തിൽ ഒന്‍പത് പേരും സ്ത്രീകളുമായിരുന്നു.
പ്രവാസലോകത്തും അതു പോലെ ഇപ്പോൾ നാട്ടിലുമുള്ള ടീനേജ് പ്രായത്തിലുള്ള കുട്ടികളിൽ പ്രത്യേകിച്ച് പെൺകുട്ടികളിൽ വിശപ്പില്ലായ്മ എന്ന രോഗം വർദ്ധിക്കുന്നുണ്ട്. ഒരു പാക്ക് ചിപ്സും, ഒരു ജ്യൂസുമുണ്ടെങ്കിൽ ഒരു ദിവസം കഴിച്ചു കൂട്ടാമെന്ന് പറയുന്നവരുടെ എണ്ണം വർദ്ധിക്കുന്പോൾ അവർ ഒരിക്കലും വരാനിരിക്കുന്ന ആരോഗ്യപ്രശ്നങ്ങളെ പറ്റി ബോധവാൻമാരാകുന്നില്ല. സിനിമകളിൽ തിളങ്ങുന്ന നായികമാരുടെ ഉടൽ ഭംഗി തങ്ങൾക്കുമുണ്ടാകണമെന്ന തരത്തിൽ നിരാഹരം കിടന്ന് ശരീരം തളർത്തുന്പോൾ അവരുടെ മെറ്റബോളിസം തകരാറിലാവുകയാണ്. ഒടുവിൽ വിനാശകരമായ രോഗങ്ങൾ നേരമെത്തും മുന്പെ ശരീരത്തെ ബാധിക്കുകയും, പിന്നീടുള്ള ജീവിതം ദുരിതമയാമാക്കുകയും ചെയ്യുന്നു. സ്വന്തം ശരീരത്തെ അന്യർക്കുള്ള കാഴ്ച്ചവസ്തു ആക്കുന്പോൾ ഉണ്ടാക്കുന്ന ദുരന്തങ്ങളെ ഓർമ്മിപ്പിച്ചു കൊണ്ട്...