ഓണത്തിനിടയിലെ ഫോൺ കച്ചോടം...
പ്രദീപ് പുറവങ്കര
മലയാളിക്ക് ഇന്ന് പുതുവർഷം. കാർഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റെയും ഗൃഹാതുരമായ സ്മരണകൾ ഉയർത്തി വീണ്ടും ഒരു പൊന്നിൻ ചിങ്ങമാസം പിറന്നിരിക്കുന്നു. മഴകോരിപെയ്യുന്ന കർക്കിടകത്തിൽ നിന്ന് മാനം തെളിയുന്ന ചിങ്ങം കടന്നു വരുന്പോൾ മനസ്സുകളും തെളിയുമെന്ന് പഴമൊഴി. പാടത്ത് നിന്ന് കൊയ്തെടുത്ത നെല്ല് കൊണ്ട് പത്തായം നിറച്ചിരുന്ന, ആ നെല്ല് ഉപയോഗിച്ച് പുത്തരി ചോറുണ്ട ഒരു കാലം നമ്മൾ മലയാളികൾക്കുണ്ടായിരുന്നു എന്നോർമ്മിപ്പിക്കുന്നുണ്ട് ഓരോ ചിങ്ങമാസവും. കാണം വിറ്റിട്ടാണെങ്കിൽ പോലും ഓണം ആഘോഷിക്കാനും അന്ന് നമ്മൾ തയ്യാറായിരുന്നു. വർണ്ണങ്ങളുടെ ആഘോഷം കൂടിയായിരുന്നു നമുക്ക് ഓണത്തിന്റെ ഈ കാലം. പാറപുറത്ത് പോലും പൂത്തുനിൽക്കുന്ന കാക്കപൂവും, തുന്പയും, മുക്കുറ്റിയും, കൊണ്ട് മാവേലി എന്ന ഐതിഹ്യത്തെ വരവേൽക്കാൻ പൂക്കളങ്ങൾ ഒരുക്കും നമ്മൾ മലയാളികൾ. ഇത്തരം നിരവധി കാരണങ്ങൾ കൊണ്ട് തന്നെ സ്വർണ്ണവർണ്ണത്തിൽ നെൽകതിരുകൾ വയലേലകൾക്ക് ശോഭ പകരുന്ന ഈ മാസത്തെ വല്ലാതെ ഇഷ്ടപ്പെടുന്നു ഓരോ മലയാളിയും എന്ന് പറയാതിരിക്കാൻ വയ്യ. പക്ഷെ ഇന്ന് ഇതിൽ പലതിനും നിറം മങ്ങിയിരിക്കുന്നു എന്നത് വേദനിപ്പിക്കുന്ന യാഥാർത്ഥ്യം.
മാവേലിമന്നന്റെ വരവിനേക്കാൾ ഇന്ന് നമ്മൾ മലയാളികൾ ചർച്ച ചെയ്യുന്നത് സണ്ണി ലിയോൺ കൊച്ചിയിലെത്തിയതാണ്. ഏത് വലിയ ഓണാഘോഷചടങ്ങുകളെയും കവച്ചുവെയ്ക്കുന്ന തരത്തിൽ ജനം ഒത്തുകൂടുന്ന ചിത്രങ്ങളാണ് അവിടെ നിന്നും നമ്മുടെ ഫോണുകളിൽ നിറയുന്നത്. ഓണക്കാലം ആരംഭിക്കുന്ന നേരത്ത് ഒരു ഫോൺ കട ഉദ്ഘാടനം ചെയ്യാൻ തൃക്കാക്കരയപ്പന്റെ നാട്ടിൽ ഒരു പോൺ സ്റ്റാർ തന്നെ വരുന്പോൾ അവരെ സ്നേഹിച്ച് ബുദ്ധിമുട്ടിക്കാൻ സാംസ്കാരിക മലയാളിക്ക് യാതൊരു അപകർഷതയും തോന്നാത്തതിനെ പറ്റിയൊന്നും വേവലാതിപ്പെടാൻ ഇപ്പോൾ തോന്ന്യാക്ഷരത്തിനും താത്പര്യമില്ല. ഇത് പുരോഗമനമാണോ അധോഗതിയാണോ എന്ന് മൂന്നരക്കോടി മലയാളികൾ തന്നെ വിലയിരുത്തട്ടെ. ഈ തിരക്കുകൾക്കിടയിലും നമുക്ക് പതിവ് പോലെ ആന്ധ്രയിലെ അരിയും തമിഴ്നാട്ടിൽ നിന്നുള്ള ജമന്തിപൂക്കളെയും കാത്തിരിക്കാം. ഫ്ളാറ്റിലെ ബാൽക്കണിയിൽ പൂക്കളമിട്ട് സെൽഫിയെടുത്ത് ഓണം കെങ്കേമമാക്കാം. തിരുവോണത്തിന് പാർസൽ സദ്യക്ക് ഓർഡർ നൽകാം. തൂശനിലയിൽ ആ സദ്യ കഴിക്കുന്പോൾ തരംഗണിയുടെ പൊന്നോണ പാട്ടുകൾ കേട്ട് മനസിനെ ഊഞ്ഞാലാട്ടാം. ഹൈപ്പർമാർക്കറ്റുകളുടെ ഓഫറുകൾ നോക്കി തല പുകയ്ക്കാം. കോടിതുണിയെടുത്തില്ലെങ്കിലും കോടികൾ ഉണ്ടാക്കാൻ പരക്കം പായാം. ഓണത്തല്ലും കന്പവലിയുമൊക്കെ പതിവ് പോലെ ബീവറേജസുകളുടെ മുന്പിൽ ആഘോഷമായി നടത്താം. ഇടയ്ക്കിടെ കുഞ്ഞുങ്ങളെ രാത്രി ഉറക്കാൻ വേണ്ടി നമ്മുടെ കൈയിലെ സ്മാർട്ട് ഫോണിലെ യുട്യൂബ്ബ് ചാനലുകൾ തുറന്ന് ആ പഴയ കഥ കാണിച്ചു കൊടുക്കാം. പണ്ട് പണ്ട് കേരളമെന്നൊരു രാജ്യത്ത് മഹാബലി എന്ന ഒരു രാജാവുണ്ടായിരുന്നു. കുംഭകുടവയറുള്ള ആ രാജാവിനെ പറ്റിയുള്ള പാട്ടിങ്ങനെയായിരുന്നു.. എന്ന്...
മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും
ആധികൾ വ്യാധികളൊന്നുമില്ല...
മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ചിങ്ങത്തിന്റെ നന്മകൾ ഏവർക്കമുണ്ടാകട്ടെ എന്നാംശിക്കുന്നു...