സ്വാതന്ത്ര്യം - ഇരുട്ടും വെളിച്ചവും...
പ്രദീപ് പുറവങ്കര
ഒരു സ്വാതന്ത്ര്യ ദിനം കൂടി കഴിഞ്ഞിരിക്കുന്നു. പിറന്ന നാട് വിട്ട് അകലെ ജോലി ചെയ്യുന്നവർക്ക് സ്വന്തം രാജ്യവുമായി ബന്ധപ്പെട്ടുള്ള എല്ലാ ആഘോഷങ്ങളും പ്രിയപ്പെട്ടതാണ്. അതിന് മണ്ണിന്റെ മണ്ണവും, രക്തബന്ധങ്ങളുടെ തീവ്രതയും, സൗഹൃദങ്ങളുടെ തുടിക്കുന്ന ഓർമ്മകളും ഉണ്ടാകും. പ്രവാസലോകത്തും പതിവുപോലെ നമ്മളെല്ലാവരും തന്നെ ഇന്ത്യയെന്ന മാതൃരാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ പിറന്നാൾ കൊണ്ടാടി. പ്രവർത്തി ദിവസമായിട്ട് പോലും പല കൂട്ടായ്മകളും സംഘടിപ്പിച്ച പരിപാടികളിലും ഇവിടെയുള്ളവർ സജീവമായി പങ്കെടുത്തു. നമുക്ക് ഇന്ന് കാണുന്ന തരത്തിലുള്ള സ്വാതന്ത്ര്യം നേടി തരാൻ ജീവിതം ബലി നൽകിയ ആയിരങ്ങളുണ്ട്. പതിനായിരക്കണക്കിന് പേർ ക്രൂരമായ മർദ്ദനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. അന്ന് അവർ കണ്ട സ്വപ്നത്തിന്റെ ബാക്കിപത്രമാണ് ഇന്ന് നമ്മളൊക്കെ ശ്വസിക്കുന്ന സ്വാതന്ത്ര്യം. പക്ഷെ ആ സ്വപ്നങ്ങളിൽ നിന്ന് ഇപ്പോഴും ഇന്ത്യ എത്രയോ അകലെയാണെന്ന തിരിച്ചറിവിന്റെ വേദനയുമായാണ് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ സപ്തതിയിലേക്ക് കടന്നതെന്ന് പറയാതിരിക്കാൻ വയ്യ.
മനുഷ്യ വിഭവശേഷിയാലും പ്രകൃതിവിഭവങ്ങളാൽ അസൂയാർഹമാം വിധം സന്പന്നവുമായ നാടാണ് നമ്മുടെ ഭാരതം. ശൂന്യാകാശത്ത് പോലും വിസ്മയകരമായ നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കാൻ നമ്മുടെ രാജ്യത്തിന് സാധിക്കുന്നുണ്ട്. സാന്പത്തികമായി വൻതോതിൽ വളർച്ച കൈവരിച്ചുവെന്ന് കണക്കുകളും പറയുന്നു. ലോകത്തെവിടെയുമുള്ള സന്പന്നരെ അസൂയാലുക്കളാക്കാൻ തക്കവണ്ണം സന്പത്തിന്റെ കൊടുമുടികളിൽ വിരാജിക്കുന്ന അതിസന്പന്നരും നമ്മുടെ നാട്ടിലുണ്ട്. ഇതൊക്കെ ഒരു ഭാഗത്ത് നിലനിൽക്കുന്പോഴും എഴുപത് വയസ് പിന്നിടുന്പോഴും ശിശുമരണങ്ങളും കർഷക ആത്മഹത്യകളും മനുഷ്യാവകാശ ധ്വംസനങ്ങളും പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും കരളലിയിക്കുന്ന കഥകളും കൂടാതെ സ്വതന്ത്ര ഇന്ത്യയുടെ ഒരു ദിനം പോലും കടന്നുപോകുന്നില്ല എന്നത് വർത്തമാന യാത്ഥാർത്ഥ്യമാണ്. അതുകൊണ്ട് തന്നെ സന്പൂർണമായ അർത്ഥത്തിൽ സ്വാതന്ത്ര്യം പ്രാപ്തമാവാൻ ഇനി എത്ര പതിറ്റാണ്ടുകൾ തന്നെ കാത്തിരിക്കേണ്ടി വരുമെന്ന ചിന്തയാണ് രാജ്യത്തെ മഹാഭൂരിപക്ഷത്തെയും ഇന്ന് ഭരിക്കുന്ന ചേതോവികാരം.
തൊഴിൽ രാഹിത്യം ഇന്നും നമ്മുടെ യുവജനതയുടെ ആശങ്കകളിൽ പ്രധാനമാണ്. അതുകൊണ്ട് തന്നെയാണ് ഇപ്പോഴും വിദേശവാസം തിരഞ്ഞെടുക്കാൻ എത്രയോ ലക്ഷം പേർ തയ്യാറാകേണ്ടി വരുന്നത്. താങ്ങാനാവാത്ത പഠന ചെലവ് പുതിയ തലമുറയെ അവരുടെ ജീവിതാരംഭത്തിൽ തന്നെ കടക്കാരനാക്കി മാറ്റുന്നു. സ്ത്രീകളോടും, കുട്ടികളോടുമുള്ള അക്രമങ്ങളെ പറ്റി കേൾക്കാതെ ഒരു ദിവസം പോലും മുന്പോട്ട് പോകുന്നില്ല. അധികാരത്തിന് വേണ്ടി ജനതയെ ജാതിയുടെയും മതത്തിന്റെയും വംശത്തിന്റെയും പാരന്പര്യങ്ങളുടെയും പേരിൽ നിരന്തരം ഭിന്നിപ്പിച്ച് നിർത്താനുള്ള ശ്രമങ്ങളും ഊർജിതമായി തന്നെ നടക്കുന്നു. പണക്കൊഴുപ്പും പേശിബലവും നീതിക്കും നിയമത്തിനും രാഷ്ട്രീയ ധാർമികതയ്ക്കും സത്യസന്ധതയ്ക്കും വഴിമാറുന്നു. നമുക്ക് കൈവിട്ടുപോകുന്ന ജനാധിപത്യം, മതനിരപേക്ഷത, മനുഷ്യാവകാശങ്ങൾ, സാമൂഹ്യവും സാന്പത്തികവുമായ നീതി, രാഷ്ട്രത്തിന്റെ സന്പൂർണ ബഹുസ്വരത എന്നിവ വീണ്ടെടുക്കാനും പരിരക്ഷിക്കാനുമുള്ള പോരാട്ടത്തെ മുന്പിൽ നിന്ന് നയിക്കാൻ പോലും ഇന്നാരുമില്ല എന്നതും ചിന്തിക്കേണ്ട കാര്യമാണ്.
രാജ്യത്തെ പറ്റി അഭിമാനവും ദേശസ്നേഹവും ഉണ്ടെങ്കിൽ പോലും വേദനിപ്പിക്കുന്ന ഇത്തരം കാര്യങ്ങളെ പറ്റി ഓർക്കുന്നത് മാതൃദേശത്തോട് സ്നേഹമുള്ളത് കൊണ്ടാണ്. യാഥാർത്ഥ്യങ്ങളെ മറന്ന് കൊണ്ട് അവയെ മൂടിവെച്ചു കൊണ്ട് സന്പൂർണ സ്വാതന്ത്ര്യവും, ഐശ്വര്യവുമുള്ള ഒരിന്ത്യയെ കെട്ടിപെടുക്കാൻ നമുക്ക് സാധിക്കില്ല. നൂറുകണക്കിന് നാട്ടുരാജ്യങ്ങളും വൈവിധ്യവും വിഭിന്നവുമായ സംസ്‌കാരങ്ങളും ഭാഷകളും ജീവിത രീതികളും കൊണ്ട് ശിഥിലമായ ഒരു ജനതയെ ഏകീകരിക്കാൻ നൂറ് വർഷത്തെ ഉജ്വല സമരചരിത്രമുള്ള ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങൾക്ക് സാധിച്ചിട്ടുണ്ടെങ്കിൽ സമാനമായ സമരങ്ങൾ ഇനിയും സാധ്യമാണ്. സ്വാതന്ത്ര്യത്തിന്റെ എഴുപതാണ്ട് പിന്നിടുന്പോൾ രാജ്യത്തിന്റെ സാഹചര്യങ്ങൾ അത്തരമൊരു ഉയർത്തെഴുന്നേല്‍പിനുള്ള ആഹ്വാനമാണ് പല സംഭവങ്ങളും നൽകുന്നതെന്ന ഓർമ്മപ്പെടുത്തലോടെ...