അവകാശമാണ് സ്വാതന്ത്ര്യം...
പ്രദീപ് പുറവങ്കര
പ്രവാസലോകത്ത് നിന്ന് നാട്ടിലേയ്ക്ക് അവധിക്ക് പോകുന്പോൾ ഒരു തവണയെങ്കിലും അത്തറ് കൊണ്ടുപോകാത്തവർ നമ്മുടെ ഇടയിൽ കാണില്ല. അത്തറിന്റെ നറുമണം പോലെയാണ് സ്വാതന്ത്ര്യം. അനുഭവിച്ച് മാത്രം മനസിലാക്കാൻ സാധിക്കുന്ന അപൂർവമായ വികാരം. ഇന്ന് ലോകത്ത് മഹാഭൂരിഭാഗം പേർക്കും ഈ വികാരത്തെ അനുഭവിക്കാനുള്ള ഭാഗ്യമില്ല. എന്നാൽ നമ്മൾ ഇന്ത്യക്കാർക്ക് അതുണ്ട്. തോന്നുന്നത് പോലെ നടക്കാൻ സാധിക്കുന്നു എന്നതല്ല ഇതു കൊണ്ട് അർത്ഥം വെക്കുന്നത്. മറിച്ച് ചുറ്റുമുള്ളളവരെ അനാവശ്യമായി അലോസരപ്പെടുത്താതെ തന്റേതായ രീതിയിൽ സ്വപ്നങ്ങൾ കാണാനും, അവയെ പറ്റി ചിന്തിക്കാനും, പ്രവർത്തിപഥത്തിലേയ്ക്ക് ആ ചിന്തകളെ കൊണ്ടുവരാനുമുള്ള അവകാശമാണ് നമുക്ക് ഓരോർത്തർക്കും ലഭിച്ചിട്ടുള്ള സ്വാതന്ത്ര്യം. ഈ വികാരത്തിനെ ഓർമ്മപ്പെടുത്തുന്ന നാളാണ് ഓരോ സ്വാതന്ത്ര്യ ദിനവും.
ഒന്നുറങ്ങിയെഴുന്നേൽക്കുന്പോഴേയ്ക്കും കഴുത്തിന് മുകളിൽ തല കാണുമോ എന്ന ഭീതിയിൽ കഴിയുന്ന കോടിക്കണക്കിന് പേരുണ്ട് ഈ ലോകത്ത്. നൂറ്റി ഇരുപത് കോടി ജനങ്ങൾ കഴിയുന്ന ഇന്ത്യയെ പോലെയൊരു രാജ്യം മറ്റൊന്നില്ലെന്ന് നമ്മെ കൊണ്ട് പറയിക്കുന്നതിന്റെ പ്രധാന കാരണവും ഇത് തന്നെയാണ്. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം കഴിഞ്ഞ എഴുപത് വർഷവും നമ്മൾ ധാരാളം ബുദ്ധിമുട്ടുകൾ, പ്രതിസന്ധികൾ, ആശങ്കകൾ ഒക്കെ പങ്കിട്ടുണ്ടെന്ന് മറക്കുന്നില്ല. പക്ഷെ ഒരു വീടിനകത്ത് ഉണ്ടാകുന്ന പ്രശ്നങ്ങളെ പോലെയാണ് അതിനെയൊക്കെ നമ്മൾ തരണം ചെയ്തു വന്നത്. നമുക്ക് വളരെ വിശാലമായതും, വ്യവസ്ഥാപിതമായതുമായ ഒരു ഭരണഘടനയുണ്ട്. ഈ സംവിധാനം നൽകുന്നത് ഓരോ അഞ്ച് വർഷം കൂടുന്പോഴും അധികാര സ്ഥാനങ്ങളിലേയ്ക്ക് താൽപ്പര്യമുള്ളവരെ തിരഞ്ഞെടുക്കാനുള്ള അവകാശമാണ്. അതുകൊണ്ട് തന്നെ അധികാരികൾ നമ്മുടെ സേവകരാണ്. എന്നാൽ പലപ്പോഴും സാമാന്യജനം ഇത് തിരിച്ചറിയാറില്ല. ഇപ്പോഴും അധികാര കസേരകളിൽ ഇരിക്കുന്നവരുടെ മുന്പിലെത്തുന്പോൾ കാലിടറുന്നു, കൈ വിറയ്ക്കുന്നു. തങ്ങളുടെ അവകാശങ്ങളെ തിരിച്ചറിയുന്ന ഒരു തലമുറ വരുന്ന ദിനങ്ങളിലെങ്കിലും നമ്മുടെ നാട്ടിൽ ഉണ്ടാകട്ടെ എന്നാഗ്രഹിച്ച് കൊണ്ട് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു..