തി­മി­രം മനസ്സി­നെ­ ബാ­ധി­ക്കു­ന്പോൾ...


പ്രദീപ് പുറവങ്കര

കണ്ണിന് തിമിരം ബാധിച്ച് കഴി‍‍‍‍ഞ്ഞാൽ പിന്നെ കാണുന്നതൊന്നും വ്യക്തമാവില്ല. പഴയ ഓർമ്മകളിൽ നിന്നും ചിന്തകളിൽ നിന്നും ഉണ്ടാക്കിയെടുത്ത ധാരണകളെ അടിസ്ഥാനപ്പെടുത്തിയാണ് പിന്നെ മുന്പോട്ട് പോകാൻ സാധിക്കുന്നത്. ചിലർക്ക് മനസ്സിനും തിമിരം ബാധിക്കും. അതോടെ അവരുടെ ചിന്തകൾ കെട്ടിയിട്ടത് പോലെയാകും. സ്വതന്ത്രമായി ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് അത്. ഇന്ത്യയുടെ എഴുപ്പത്തിയൊന്നാം സ്വാതന്ത്ര്യ ദിനാഘോഷത്തിലേയ്ക്ക് കടക്കുന്ന ഈ നേരത്ത് നമ്മുടെ നാട്ടിൽ മനസ്സിന് തിമിരം ബാധിക്കുന്നവരുടെ എണ്ണം ഏറിവരുന്നു എന്നത് ദുഃഖകരമായ കാര്യമാണ്. ഇത് പറയാൻ കാരണം കഴിഞ്ഞ ദിവസം ഗോരഖ് പൂരിൽ കുട്ടികൾ മരിക്കാനുണ്ടായ വളരെ വേദനിപ്പിക്കുന്ന കാര്യത്തിൽ ശരിക്കും കക്ഷിരാഷ്ട്രീയഭേദമന്യേ വ്യാപകമായ പ്രതിക്ഷേധം സ്വാഭാവികമായി ഉണ്ടാവേണ്ടതാണ്. പക്ഷെ അതിന് പകരം പിഞ്ചുകുഞ്ഞുങ്ങളുടെ മരണത്തിൽ പോലും നമ്മുടെ നാട്ടിൽ പക്ഷങ്ങളുണ്ടാകുന്നു എന്നത് ഖേദകരമായ കാര്യമാണ്. ഇതേ വിഷയത്തെ പറ്റി ഇന്നലെ എഴുതിയപ്പോൾ എന്തുകൊണ്ട് കേരളത്തിൽ ഇങ്ങിനെ സംഭവങ്ങൾ നടക്കുന്പോൾ എഴുതുന്നില്ല എന്നായിരുന്നു ഒരു സുഹൃത്തിന്റെ ആശങ്ക. ഒന്നുകിൽ അദ്ദേഹം മുന്പ് എഴുതിയതൊന്നും വായിക്കുന്നില്ല, അല്ലെങ്കിൽ ആദ്യം സൂചിപ്പിച്ചത് പോലെ തിമിരം പിടിച്ചു പോയ മനസിന്റെ ഉടമയായി മാറിപോയി എന്നു മാത്രമേ പറയാൻ സാധിക്കൂ.

മനുഷ്യന് നേരെ ഉണ്ടാകുന്ന എന്ത് തരം അക്രമങ്ങളെയും ഒരേ തരത്തിൽ എതിർക്കുവാനും അവയെ അപലപ്പിക്കാനും ധൈര്യം കാണിക്കാത്ത ഭീരുക്കളുടെ ഒരിന്ത്യയെ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങൾ ഒരു തരത്തിലും ആശാസ്യമായ കാര്യമല്ല. അതോടൊപ്പം സ്വാതന്ത്ര്യസമരത്തിനിടെ ധീര സേനാനികൾ വിഭാവനം ചെയ്തതും കഴിഞ്ഞ ഏഴ് ദശാബ്ദങ്ങളായി നടപ്പാക്കാൻ ശ്രമിച്ചതുമായ പല കാര്യങ്ങളും മാറ്റിമറിക്കുവാനും ജനാധിപത്യമായ അവകാശങ്ങളെ ഇല്ലാതാക്കാനും സാധിക്കുമെന്ന് അബദ്ധധാരണ ആരെങ്കിലും വെച്ചുപുലർത്തുന്നുണ്ടെങ്കിൽ അത് വെറും മൗഢ്യമാണെന്നും പറയാതെ വയ്യ. 2014−ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ‍ 31 ശതമാനം ജനങ്ങളുടെ പിന്തുണയോടെ അധികാരത്തിൽ എത്തിയവരാണ് തങ്ങൾ എന്ന് മറന്നുപോകുകയും, യുക്തിക്ക് നിരക്കാത്ത കാര്യങ്ങൾ ജനങ്ങളുടെ മുകളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയുമാണ് ഉദ്ദേശ്യമെങ്കിൽ തിരിച്ചടികൾ നൽകാൻ നന്നായി അറിയുന്നവരാണ് ഇന്ത്യയിലെ ജനങ്ങൾ എന്ന് കൂടി ഓർത്താൽ നല്ലത്.  

ജാതി, മത, വർ‍ഗ്ഗ, ലിംഗ വ്യത്യാസമില്ലാതെ എല്ലാവർക്കും തുല്യത, സാമൂഹ്യനീതി, യുക്തിസഹജത, മതേതര ജനാധിപത്യം എന്നിവയെ ആധാരമാക്കിയുള്ള ഒരു ഭരണഘടനയുള്ള രാജ്യമാണ് നമ്മുടെ ഇന്ത്യ. സമത്വസുന്ദരമായ ഒരു സമൂഹത്തെ വാർത്തെടുക്കാനുള്ള ഈ ആശയത്തിൽ നിന്ന്  വ്യതിചലിച്ച് തൂണിലും തുരുന്പിലും വരെ അഴിമതി തൊട്ടുകൂട്ടിയ ചില നെറികെട്ട നേതാക്കളാണ് രാജ്യത്തെ ജനങ്ങളെ മാറ്റിചിന്തിക്കാൻ പ്രേരിപ്പിച്ചത്. ഇന്ന് അതിന്റെ ഭാഗമായി സമൂഹത്തിലെ മതേതരത്വത്തേയും ബഹുസ്വരതയേയും ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ‍ നടക്കുന്നുണ്ട് എന്ന് ഇന്ത്യയുടെ മുൻ രാഷ്ട്രപതി വരെ അഭിപ്രായപ്പെട്ടിരിക്കുന്നു. വളരെ സൂക്ഷ്മമായി പാർ‍ലമെന്ററി സംവിധാനത്തെ പോലും തകർക്കാൻ ശ്രമിക്കുന്നു എന്ന് പരാതികൾ ഉയരുന്നു. അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കുന്നതിനെ രാജ്യദ്രോഹമായി കാണുന്നു. ഇതൊക്കെ കണ്ടും കേട്ടും അനുഭവിച്ചുമാണ് ഓരോ ഇന്ത്യക്കാരനും 71ലേയ്ക്ക് നടന്നുകയറുന്നത് എന്ന ഓർമ്മപ്പെടുത്തലോടെ...

You might also like

Most Viewed