നടന്നത് ദു­രന്തമല്ല, കൂ­ട്ടക്കൊ­ല...


പ്രദീപ് പുറവങ്കര

ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ മണ്ധലത്തിലുള്ള മെഡിക്കൽ കോളേജ് അധികൃതരുടെ അനാസ്ഥ കാരണം പിഞ്ചുകുഞ്ഞുങ്ങളടക്കം അറുപത്തിമൂന്ന് പേർക്ക് ജീവിതം നഷ്ടപ്പെട്ടിട്ടും നമ്മുടെ രാജ്യത്തിലെജനങ്ങൾ ഇപ്പോഴും ഒന്നും പറയാതെ മൗനമായിരിക്കുന്ന കാഴ്ച്ചയാണ് എഴുപ്പത്തിയൊന്നാം സ്വാതന്ത്ര്യദിനത്തിലേയ്ക്ക് അടുക്കുന്പോൾ ഒരിന്ത്യക്കാരൻ എന്ന നിലയിൽ ഏറ്റവുമധികം ആശങ്കപ്പെടുത്തുന്ന കാര്യം. സമാനമായ ഒരു ദുരന്തം നമ്മുടെ നാട്ടിലാണ് നടന്നതെങ്കിൽ എന്നേ ഇവിടെയുള്ള സംസ്ഥാന സർക്കാരിനെ പിരിച്ച് വിട്ടേനേ എന്നതും ഈ നേരത്ത് ചിന്തനീയമാണ്. 

മൃഗീയ ഭൂരിപക്ഷവുമായി അധികാരത്തിലേറിയ ഉത്തർ‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ അൽപ്പമെങ്കിലും ആത്മാഭിമാനം ഉണ്ടെങ്കിൽ രാജിവെച്ച് പുറത്തു പോകാനുള്ള ആർജവം കാണിക്കേണ്ട സംഭവമാണ് നമ്മുടെ രാജ്യത്ത് ഉണ്ടായിരിക്കുന്നത്. വളരെ ഗുരുതരമായ ഭരണവീഴ്ച്ചാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് ആർക്കും തന്നെ മനസിലാകും. ഈ കുട്ടികൾ‍ മരിച്ചത് ശ്വാസംമുട്ടിയല്ല പകരം അസുഖം മൂലമാണെന്നാണ് ഉത്തർപ്രദേശ് ആരോഗ്യമന്ത്രി സിദ്ധാർത്ഥ് നാഥ് സിംഗ് നൽ‍കിയ വിശദീകരണം. ഇനി അഥവാ അസുഖം മൂലമാണ് 63 പേർ മരിച്ചതെങ്കിൽ തന്നെ അത് തന്റെ ഗവൺമെന്റിന്റെ വീഴ്ച്ചയാണെന്ന് സമതിക്കാൻ പോലും അദ്ദേഹം തയ്യാറാകുന്നില്ല എന്നതാണ് അതിശയകരം. അതേസമയം ആശുപത്രി അധികൃതർ‍ സർ‍ക്കാരിന് അയച്ച കത്തിൽ‍ നിന്നും ഈ വാദം തെറ്റാണെന്ന് വ്യക്തമാകുന്നുണ്ട്. ഓക്‌സിജൻ സിലിണ്ടർ വിതരണം ചെയ്യുന്ന ഏജൻ‍സിയ്ക്ക് എഴുപത് ലക്ഷത്തോളം രൂപ നൽ‍കാനുണ്ടെന്നും ആഗസ്റ്റ് 10 വരെ ആവശ്യമുള്ള സിലണ്ടറുകൾ ആശുപത്രിയിൽ ഇല്ലെന്നുമാണ് ഈ കത്തുകളുടെ ഉള്ളടക്കം. ഈ മാസത്തിന്റെ തുടക്കത്തിൽ ഈ ആശുപത്രി സന്ദർശിച്ചയാളാണ് ഇവിടത്തെ മുഖ്യമന്ത്രി. അദ്ദേഹം ഈ പ്രശ്നം തീർച്ചായയും അറിഞ്ഞിരിക്കും. എന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കാൻ സർ‍ക്കാർ തയ്യാറായില്ല എന്നത് തന്നെ ഈ ദുരന്തത്തിന് പൂർ‍ണ ഉത്തരവാദി സർ‍ക്കാരാണെന്ന് വ്യക്തമാകുന്നു. 

മനസാക്ഷിയുള്ള ആരെയും ഞെട്ടിക്കുന്ന ഈ  ഈ സംഭവം നടന്നിട്ടും, പല ദേശീയ മാധ്യമങ്ങളും ക്വിറ്റ് ഇന്ത്യ വാർ‍ഷികവുമായി ബന്ധപ്പെട്ട സ്‌പോൺസേർഡ് പരിപാടികൾ‍ അവതരിപ്പിക്കുന്ന തിരക്കിലായിരുന്നു എന്നതാണ് ഏറ്റവും ഖേദകരം. ജീവവായു കിട്ടാതെ കുഞ്ഞുങ്ങൾ മരിച്ച് വീഴുന്പോൾ അവർ ചർച്ച ചെയ്തത് വന്ദേമാതരം ആലപിക്കുന്നതിനെ പറ്റിയായിരുന്നു. ഒരു തരത്തിൽ ഈ മരണങ്ങളെ ദുരന്തങ്ങളായിട്ടല്ല നമ്മൾ കാണേണ്ടത്, മറിച്ച് കൂട്ടക്കൊല ആയിട്ട് തന്നെയാണ്. അറുപത്തി മൂന്ന് ജീവിതങ്ങളെ മാത്രമല്ല ഇവിടെ കൊല ചെയ്തിരിക്കുന്നത്. മറിച്ച് അവരുടെ മാതാപിതാക്കളുെട സ്വപന്ങ്ങളെയും ആഗ്രങ്ങളെയും ഒക്കെയാണ് അറുത്ത് മാറ്റിയിരിക്കുന്നത്.  

കേരളത്തിൽ ഉണ്ടായ രാഷ്ട്രീയ കൊലപാതകത്തെ തുടർന്ന് കേന്ദ്ര ഗവൺമെന്റും അതിലെ മന്ത്രിമാരും അടക്കമുള്ളവർ കാണിച്ച ശുഷ്കാന്തി ഉത്തർപ്രദേശിൽ അരങ്ങേറിയ ഈ കൂട്ടകുരതിയുടെ കാര്യത്തിലും കാണിച്ചാൽ മാത്രമേ അവരെയൊക്കെ രാഷ്ട്രീയ സത്യസന്ധൻമാരായി വിലയിരുത്താൻ സാധിക്കൂ എന്നതും പറയാതെ വയ്യ. അല്ലെങ്കിൽ അവർക്ക് ചേരുന്ന പട്ടം വിലകുറഞ്ഞ അവസരവാദികൾ എന്ന് മാത്രമാണ്. മരണപ്പെട്ട് പോയവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. 

You might also like

Most Viewed