നമ്മളാണ് കാട് കയറുന്നത്...
പ്രദീപ് പുറവങ്കര
കഴിഞ്ഞയാഴ്ച്ച നമ്മുടെ വാട്സാപ്പുകളിൽ നിറഞ്ഞ ഒരു വീഡിയോ ദൃശ്യം പാലക്കാട് കോട്ടായി, മാങ്കുറുശ്ശി മേഖലകളിൽ ജനവാസ കേന്ദ്രങ്ങളിൽ ആനയിറങ്ങി നടക്കുന്ന കാഴ്ച്ചയായിരുന്നു. കാട്ടിലേയ്ക്ക് ഇവയെ തിരികെ എത്തിക്കാൻ പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും പാവം മനുഷ്യർ കഷ്ടപ്പെടുന്നതും നമ്മൾ കണ്ടു. ആകെ മൂന്ന് കാട്ടാനകൾ മാത്രമാണ് ഈ നാട്ടിലേയ്ക്ക് ഈ തരത്തിൽ വന്നത്. അപ്പോഴേയ്ക്കും തന്നെ അവിടെയുള്ളവരുടെ മനഃസമാധാനവും പോയി. സഹ്യപർവ്വതത്തിന്റെ മടിയിൽ തല വെച്ചുറങ്ങുന്ന മനോഹരമായ ഭൂപ്രദേശമാണ് കേരളം എന്ന് കവികൾ വാഴ്ത്തിപാടിയിട്ടുണ്ട്. സഹ്യന്റെ മകനായിട്ടാണ് കഥകളിലൊക്കെ ആനകളെ വർണ്ണിക്കാറുള്ളതും. ഇതാദ്യമായിട്ടല്ല നാട്ടിലേയ്ക്ക് കാട്ടാനകൾ ഇറങ്ങിവരുന്നത്. കേരളത്തിലെ പല ജില്ലകളിലും മനുഷ്യരും കാട്ടാനകളും തമ്മിൽ വലിയ സംഘർഷങ്ങൾ പലപ്പോഴായി ഉണ്ടായിട്ടുണ്ട്. ഇടുക്കിയിലും വയനാട്ടിലും പാലക്കാടും കാട്ടാനകളുടെ ശല്യം മുന്പെ തന്നെ വളരെ രൂക്ഷമാണ്. കാടുവിട്ടു നാട്ടിലിറങ്ങുന്ന ഈ കാട്ടാനക്കൂട്ടങ്ങൾ കൃഷിയിടങ്ങൾക്കും വീടുകൾക്കും വ്യാപകമായി നാശം വിതയ്ക്കുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ കാട്ടാനകളുടെ അക്രമണത്തിൽ 103 പേർക്കാണ് കേരളത്തിൽ ജീവൻ നഷ്ടമായത്. 548 പേരാണ് ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെടുകയും, 8 കോടിയുടെ കൃഷി നാശം ഇത് കാരണം സംഭവിക്കുകയും ചെയ്തു. ഇടുക്കി ജില്ലയിലെ മൂന്നാറിലാണ് കാട്ടാനകളുടെ ശല്യം ഏറെ ഉള്ളത്.
വേനൽ കടുക്കുന്പോഴാണ് മിക്കപ്പോഴും ഈ വന്യമൃഗശല്യം നാട്ടിലുള്ളവർക്ക് ഉണ്ടാകുന്നത്. എത്ര മഴ പെയ്തിട്ട് പോലും ഏറ്റവും വലിയ വരൾച്ചയിലൂടെയാണ് നമ്മുടെ നാട് ഇന്ന് കടന്ന് പോയികൊണ്ടിരിക്കുന്നത്. ഇത് ബാധിക്കുന്നത് മനുഷ്യരെ മാത്രമല്ല മറിച്ച് ഇവിടെയുള്ള എല്ലാ ജീവജാലങ്ങളെയുമാണ്. കാടിനുള്ളിൽ ഭക്ഷണവും വെള്ളവും ലഭിക്കാതെ വരുന്പോൾ അത് തേടിപ്പോകുകയല്ലാതെ ഇവയ്ക്ക് വേറെ മാർഗ്ഗമില്ല. അല്ലാതെ നാട് കാണാൻ വരുന്ന വിനോദസഞ്ചാരികളൊന്നുമല്ല ഈ വന്യമൃഗങ്ങൾ. അത്തരത്തിൽ അൽപ്പം ദാഹജലത്തിന് വേണ്ടി നാട്ടിലിറങ്ങുന്ന കാട്ടാനകളെ വെടിവെച്ചു കൊല്ലുകയോ ഉന്മൂലനം ചെയ്യുകയോ എന്നത് നമ്മുടെ പരിഷ്‌കൃത സമൂഹത്തിന് ചേർന്ന പരിഹാരമേ അല്ല. മനുഷ്യരെപോലെ തന്നെ ഈ ഭൂമിയിൽ ജീവിക്കാനുള്ള എല്ലാ അവകാശങ്ങളും അവർക്കുമുണ്ട് എന്ന് തിരിച്ചറിഞ്ഞ് കാടിനകത്ത് ഇവയ്ക്ക് വേണ്ട ജലസ്രോതസുകൾ ഉണ്ടാക്കി നൽകുകയാണ് വേണ്ടത്.
സത്യത്തിൽ നമ്മൾ മനുഷ്യരാണ് ആനകളടക്കമുള്ള മൃഗങ്ങളെ ശല്യം ചെയ്യുന്നത്. ഭൂരഹിതരായവർക്ക് സർക്കാർ വനഭൂമികൾ പതിച്ചു നൽകുന്പോൾ, സ്വകാര്യ കുടിയേറ്റക്കാർ പല മാർഗ്ഗങ്ങളിലൂടെയും കൈയേറ്റങ്ങൾ നടത്തുന്പോൾ ആനകളടക്കമുള്ള ജീവികളുടെ സ്വാഭാവികമായ ആവാസ വ്യവസ്ഥ ഇല്ലാതാകുന്നു. തങ്ങളുടെ ജീവിതവും അഭയസ്ഥാനവും നഷ്ടമാകുന്നു എന്ന ഈ തിരിച്ചറിവാണ് അവയെ അക്രമകാരികളായി മാറ്റുന്നത്. ഇതോടൊപ്പം ടൂറിസം വികസനത്തിന്റെ പേരിൽ കാണിച്ച് കൂട്ടുന്ന കോപ്രായങ്ങൾ വേറെ. വനങ്ങളിലെ പുൽമേടുകളിലെ സമൃദ്ധമായ തീറ്റയും ഇവിടെ ഉണ്ടാകുന്ന ജലാശയത്തിലെ കുടിവെള്ളവുമാണ് കാട്ടാനകൾക്ക് ആവശ്യം. ഇവിടെയുള്ള ജലാശയങ്ങളിൽ സ്പീഡ് ബോട്ട് ഓടിച്ചു തുടങ്ങിയതോടെ ആനകൾ ജലാശയം മുറിച്ചുകടക്കുന്ന പതിവും ഇല്ലാതെയായി. ഇങ്ങിനെ അവയുടെ സ്വാഭാവികമായ ജീവിതക്രമത്തെ താളം തെറ്റിക്കുന്നത് നമ്മൾ മനുഷ്യർ തന്നെയാണ് എന്ന തിരിച്ചറിവാണ് ഇനിയെങ്കിലും നമുക്കുണ്ടാകേണ്ടത്.