ബ്ലൂ വെയിൽ എന്ന പെരും നുണ...
പ്രദീപ് പുറവങ്കര
ആയിരം തവണ കളവുകൾ ആവർത്തിച്ച് പറഞ്ഞാൽ ആ കളവ് വിശ്വസനീയമായി മാറും എന്ന ഗിബൽസീയൻ തിയറിയെ പറ്റി നിങ്ങളും കേട്ടിട്ടുണ്ടാകും. ജർമ്മനിയെ രക്ഷിക്കാൻ ഹിറ്റ്ലർക്ക് മാത്രമേ സാധിക്കൂ എന്ന് സ്ഥാപിക്കാനാണ് ജോസഫ് ഗീബൽസ് ഇത്തരമൊരു തിയറിയെ കൂട്ടുപിടിച്ചത്. മലയാളത്തിലിറങ്ങിയ ദൃശ്യം എന്ന സിനിമയിൽ ഇത്തരമൊരു വിഷയമായിരുന്നു ചർച്ച ചെയ്തത്. ഇന്ന് ലോകത്ത് ഇത്തരം കളവുകൾ പരത്തി ഏറ്റവുമധികം പേരെ തെറ്റിദ്ധരിപ്പിക്കുന്നത് ഓണലൈൻ ഇടങ്ങളിലൂടെയാണ്. ഇതിൽ വരുന്ന ഓരോ കളവും ആദ്യം കളവാണെന്ന് തോന്നുമെങ്കിലും പിന്നീട് വിശ്വാസയോഗ്യമാക്കുന്ന തരത്തിൽ അവയെ വളച്ചൊടിച്ച് നമ്മുടെ മുന്പിലേയ്ക്ക് ഇട്ടു തരും. ഒടുവിൽ ആ കളവിനെ സത്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നമ്മളും മാറും. മുന്പൊരിക്കൽ ബഹ്റൈനിൽ ഇത്തരമൊരു തട്ടിപ്പ് കാംപെയിൻ അരങ്ങേറിയത് ഓർക്കട്ടെ. ഇവിടെയുള്ള ഒരു പിആർ ഏജൻസിയുടെ നേതൃത്വത്തിലായിരുന്നു ഇത് നടന്നത്. പ്രമുഖ മാളിൽ വലിയൊരു ചിലന്തി വന്നുവെന്നും അത് മനുഷ്യനെ അടക്കം ഭക്ഷിക്കുന്നതാണെന്നുമൊക്കെയായിരുന്നു ആ ഏജൻസി ഇവിടെയുള്ള മാധ്യമങ്ങൾക്ക് അയച്ച വാർത്ത. വള്ളിപുള്ളി തെറ്റാതെ പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളടക്കം ഈ വാർത്ത നൽകി. പിറ്റേന്ന് അത് വലിയ സംസാര വിഷയമായി. തുടർന്ന് ധാരാളം പേർ ചിലന്തിയെ കാണാൻ മാളിലെത്തി. അപ്പോഴാണ് ചിലന്തിയുടെ വലിയ കട്ട് ഔട്ട് വെച്ച് ആളുകളെ അവിടെ എത്തിക്കാനുള്ള പരസ്യപ്രചരണത്തിന്റെ ഭാഗമായിരുന്നു ഈ വാർത്തയെന്ന് ആളുകൾ തിരിച്ചറിഞ്ഞത്.
കഴിഞ്ഞ കുറച്ച് നാളുകളായി അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം ഇത്തരമൊരു നുണ വല്ലാതെ വ്യാപിക്കുന്നുണ്ട്. ഒരിടയ്ക്ക് തോന്ന്യാക്ഷരത്തിന് പോലും ഈ ഒരു കഥ വിശ്വസിക്കേണ്ടി വന്നിരുന്നു. ബ്ലൂ വെയിൽ എന്ന പേരിൽ ഒരു ഗെയിം ഉണ്ടെന്നും, അതിന്റെ പേരിൽ ലോകമെന്പാടും ധാരാളം ആത്മഹത്യകൾ നടക്കുന്നുണ്ട് എന്നതാണ് ആ കഥ. സത്യത്തിൽ ഇതേ പറ്റി അന്വേഷിച്ചുവരുന്പോൾ ഇത് വെറും ഊഹാപോഹങ്ങൾ ചേർത്ത് കൂട്ടിയിണക്കി വെച്ച പെരും നുണയാണ് എന്നാണ് മനസ്സിലാകുന്നത്. ഇന്നുവരെ ഒരു സ്ഥിരീകരണവും ഇങ്ങിനെ ഒരു ഗെയിമിനെ പറ്റി ഉണ്ടായിട്ടില്ല. ഇത്തരമൊരു ഗെയിം കളിച്ച ഒരു ഐടി വിദഗ്ദ്ധനും ഇതുവരെ രംഗത്ത് വന്നിട്ടില്ല. ഇതു കളിച്ചവർ ആരെങ്കിലും അതിനെ പറ്റി വിശ്വസിക്കാവുന്ന ഒരു തെളിവും പുറത്ത് നൽകിയിട്ടില്ല. ഔദ്യോഗികമായി ഒരു രാജ്യവും ഇത്തരമൊരു ഗെയിമിനെ നിരോധിച്ചതായി പറഞ്ഞിട്ടുമില്ല. പക്ഷെ നമ്മളൊക്കെ കാള പെറ്റന്ന് കേൾക്കുന്പോഴേ കയറെടുക്കുന്നരെ പോലെ ബ്ലൂ വെയിൽ എന്ന് പറഞ്ഞ് പേടിച്ചോടുന്നു. ചിലപ്പോൾ വൈകുന്നേരങ്ങളിൽ മണിക്കൂറുകൾ നീളുന്ന വാർത്തകളിൽ പോലും ഇതേ വിഷയം ചർച്ച ചെയ്യപ്പെടുന്നു. ശാസ്ത്രീയമായി ഒരു തെളിവ് പോലുമില്ലാതെ ഇത്തരമൊരു സംഗതിയെ ശ്രദ്ധിക്കണമെന്ന് കേരള പോലീസ് പോലും മുന്നറിയിപ്പ് നൽകിയിരിക്കുന്നു. എന്നാൽ ഈ ഗെയിം സത്യമെന്ന് വിശ്വസിക്കുന്നവർ അതിന്റ ഒരു ലിങ്കോ, ആ ഹിഡൻ ഗ്രൂപ്പിന്റെ വിവരങ്ങളോ ഒക്കെ പങ്ക് വെക്കുന്നിടത്തോളം ഇത് വെറും കെട്ട് കഥയാണെന്ന് വിശ്വസിക്കാനേ സാധിക്കൂ. അതുകൊണ്ട് ബ്ലൂ വെയിൽ എന്ന ഗെയിം കണ്ടവരും കളിച്ചവരും ഇല്ല മറിച്ച് കേട്ടവർ മാത്രമേ ഇപ്പോൾ ഇവിടെ ഉള്ളൂ എന്ന് ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. ഇനി അഥവാ അത്തരമൊരു ഗെയിം ഉണ്ടെങ്കിൽ ജയിലിനകത്ത് കിടക്കുന്ന മഹാക്രൂരൻമാരായ കുറ്റവാളികൾക്ക് ഈ ഗെയിം പരിചയപ്പെടുത്തി കളിക്കാൻ കൊടുക്കണം. നിയമത്തിന് പോലും കടുത്ത ശിക്ഷ നൽകാൻ പറ്റാത്ത ഇവരുടെ ശല്യം അതോടെ ഒഴിവായി കിട്ടിയേനെ..!!