യുദ്ധങ്ങൾ ജയിക്കാൻ മാത്രമല്ല...
പ്രദീപ് പുറവങ്കര
നമ്മുടെ രാജ്യം ഇന്ന് ക്വിറ്റ് ഇന്ത്യാ ദിനമായി ആചരിക്കുകയാണ്. നൂറ്റാണ്ടുകളോളം അടിമകളാക്കി വെച്ച വൈദേശികാധിപത്യത്തിനോട് നട്ടെല്ല് നിവർത്തി മഹാത്മാ ഗാന്ധി എന്നൊരാൾ ആർജവത്തോടെ ആവശ്യപ്പെട്ട കാര്യമായിരുന്നു ക്വിറ്റ് ഇന്ത്യ എന്നത്. “ഞാൻ നിങ്ങൾക്കൊരു മന്ത്രം തരാം ഒരു കൊച്ചു മന്ത്രം. അതു നിങ്ങളുടെ ഹൃദയത്തിൽ പതിയണം, ആഴത്തിൽ പതിയണം. മന്ത്രമിതാണ്, “പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക’. നാം ഒന്നുകിൽ ഇന്ത്യയെ സ്വതന്ത്രയാക്കും അല്ലെങ്കിൽ ആ പ്രവർത്തനത്തിൽ മരിക്കും. സ്വാതന്ത്ര്യം ലഭിക്കുന്നതു വരെ നിങ്ങൾ വിശ്രമിക്കുകയില്ലെന്ന് പ്രതിജ്ഞ ചെയ്യുക. അതിനു വേണ്ടി ജീവൻ ത്യജിക്കുമെന്ന് പ്രതിജ്ഞ ചെയ്യുക. ജീവൻ നഷ്ടപ്പെടുത്തി നിങ്ങൾ ജീവൻ നേടും. എങ്ങനെയും ജീവൻ രക്ഷിക്കാൻ ശ്രമിച്ചാലോ, നിങ്ങൾക്ക് അതു നഷ്ടപ്പെടുകയേ ഉള്ളൂ.” 1942 ജൂലൈ 14ന് കോൺഗ്രസ് പ്രവർത്തക സമിതിയിൽ ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ചതിനു ശേഷം മോഹൻദാസ് കരം ചന്ദ് ഗാന്ധി നടത്തിയ രണ്ടു മണിക്കൂർ നീണ്ട ഉജ്ജ്വലമായ പ്രസംഗത്തിൽ നിന്നുള്ള വാക്കുകളാണിത്. ഇതോടൊപ്പം ഭീരുവിനോ അധീരനോ ഉള്ളതല്ല സ്വാതന്ത്ര്യമെന്ന് കൂടി അദ്ദേഹം പറഞ്ഞുവെച്ചു.
വർഷങ്ങൾ അനവധി കഴിഞ്‍ഞിട്ടും ഇന്നും നമ്മുടെ നാടിന് പലതിനോടും ഇടയ്കിടെ ക്വിറ്റ് ഇന്ത്യ എന്ന് പറയേണ്ടി വരുന്നുണ്ട്. വർഗീയത എന്ന വിഷം രാജ്യമൊട്ടാകെ വ്യാപിക്കുകയാണ്. ഏകോദര സഹോദരങ്ങളെ പോലെ ജീവിച്ചു പോയിരുന്ന കോടിക്കണക്കിന് പേരെ ജാതിയുടെയും മതത്തിന്റെയും വർഗ്ഗത്തിന്റെയും പേരിൽ പരസ്പരം തല്ലിപ്പിക്കുന്ന കെട്ട കാലമാണിത്. അത്തരമൊരു കാലത്ത് ഈ രാജ്യത്തിന്റെ മതേതരമായ കാഴ്ച്ചപ്പാടിൽ വിശ്വസിക്കുന്നവർക്ക് ലഭിക്കുന്നത് ചെറിയ ആശ്വാസങ്ങൾ മാത്രമാണ്. അത്തരത്തിൽ ഒന്നായിരുന്നു ഇന്നലെ നടന്ന ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ്. ഇത് ആദ്യമായിട്ടല്ല രാജ്യസഭയിലേയ്ക്ക് ഒരു തെരഞ്ഞെടുപ്പ് നടക്കുന്നത്. സാധാരണ ഗതിയിൽ ഗുജറാത്തിൽനിന്ന് ഈ തെരഞ്ഞെടുപ്പിൽ രാജ്യസഭയിലേക്കുള്ള മൂന്നു സീറ്റുകളിൽ രണ്ടു സീറ്റും ബിജെപിയ്ക്ക് അർഹതപ്പെട്ടതാണ്, ഒന്ന് കോൺഗ്രസിനും. എന്നാൽ പതിവ് മര്യാദകളൊക്കെ വിട്ട് കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം സാക്ഷാത്കരിക്കാൻ, ഒരുവേള പ്രതിപക്ഷ മുക്ത ഭാരതം എന്ന ലക്ഷ്യവുമായി പണവും, അധികാരത്തിന്റെ ധാർഷ്ട്യവും ഒക്കെ ചേർന്നാണ് ബിജെപിയും അതിന്റെ ദേശീയ അദ്ധ്യക്ഷനും ജനാധിപത്യത്തിനെ വെല്ലുവിളിച്ചത്. ഇതിൽ ആര് ജയിച്ചു എന്നതിനെക്കാൾ സന്തോഷിപ്പിക്കുന്നത് ഇപ്പോഴും ഒരു പ്രതിരോധം ഉണ്ടാകുന്നു എന്നതാണ്. തെറ്റുകളും ശരികളും ഉണ്ടെങ്കിൽ പോലും ഒരു വാക്കിന് മറുവാക്ക് നിർബന്ധമായും ജനാധിപത്യത്തിൽ ഉണ്ടാകുന്നു എന്നതാണ് ആശ്വാസകരം. നൂറ്റിമുപ്പതുകോടി മനുഷ്യർക്ക് നാളെയിലേയ്ക്കു നോക്കാൻ പ്രേരിപ്പിക്കുന്ന ഇത്തരം കൊച്ചു കൊച്ചു ജയങ്ങളാണ് നമ്മുടെ നാടിനെ ഇപ്പോഴും വ്യത്യസ്തമാക്കുന്നത്. അതോടൊപ്പം എല്ലാ സമ്മർദ്ദങ്ങളെയും അതിജീവിച്ച് തങ്ങളിൽ അർപ്പിക്കപ്പെട്ട ചുമതലയോടും ഭരണഘടനാപരമായ ബാധ്യതകളോടും കൂറ് പുലർത്തിയ തെരഞ്ഞെടുപ്പ് കമ്മീഷനോടും അതിന്റെ ഉദ്യോഗസ്‌ഥന്മാരോടും നമ്മൾ കടപ്പെട്ടിരിക്കുന്നു.
എല്ലാ യുദ്ധവും ജയിക്കാൻ സാധിക്കണമെന്നില്ല എന്ന് പറയാറുണ്ട്. അതേസമയം ജയിക്കാൻ ഉറപ്പുള്ള യുദ്ധത്തിലേ പങ്കെടുക്കൂ എന്ന് പറയാൻ സാധിക്കില്ല. പക്ഷെ ജയമാഗ്രഹിക്കാൻ ശക്തമായ കാരണങ്ങൾ എന്നും നിലനിർത്തേണ്ടതുണ്ട്. അതിന് ഒരു ഉദാഹരണമാണ് ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് എന്ന് പറയാതെ വയ്യ !!