അവനവനിസത്തിന്റെ കാലം...
പ്രദീപ് പുറവങ്കര
സങ്കടപ്പെടുത്തുന്ന ചില വാർത്തകൾ നമ്മെ വല്ലാതെ അലോസരപ്പെടുത്തും. അത്തരമൊരു വാർത്ത കൂടി ഇന്ന് നമ്മൾ വായിക്കുകയുണ്ടായി. അമേരിക്കയിലായിരുന്ന മകൻ ഒരു വർഷത്തിന് ശേഷം വീട്ടിലെത്തിയപ്പോൾ കണ്ടത് അദ്ദേഹത്തിന്റെ അമ്മയുടെ അസ്ഥികൂടമെന്ന വാർത്തയാണത്. മുംബൈയിലെ അന്ധേരിയ്ക്കടുത്തുള്ള ആഡംബര ഫ്ളാറ്റിൽ വർഷങ്ങളായി തനിയെ കഴിഞ്ഞിരുന്ന ആശാ സഹാനി എന്ന 63 കാരിക്കാണ് ശവസംസ്‌കാരം നടത്താൻ പോലും ആളില്ലാതെ അഴുകി അസ്ഥികൂടമായി മാറേണ്ടി വന്നത്. അമേരിക്കയിൽ ഒരു ഐടി കന്പനിയിൽ ഉദ്യോഗസ്ഥനായ ഇവരുടെ മകൻ ഇരുപത് വർഷത്തോളമായി അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം അമേരിക്കയിലാണ് താമസം. നാല് വർഷം മുന്പ് ഇദ്ദേഹത്തിന്റെ അച്ഛൻ മരിച്ചതോടെയാണ് അമ്മ ആശ മുംബൈയിലെ ഫ്‌ളാറ്റിൽ പത്താംനിലയിലെ അപ്പാർട്മെന്റിൽ തനിച്ചായത്. വർഷത്തിലൊരിക്കൽ മകൻ അമ്മയെ കാണാൻ അമേരിക്കയിൽ നിന്ന് പറന്നെത്തും. അങ്ങിനെ കഴിഞ്ഞ ദിവസം വന്നിറങ്ങി മുട്ടിവിളിച്ചിട്ടും തുറക്കാത്ത ഫ്ളാറ്റ് പൂട്ട് പൊളിച്ച് തുറന്ന് അകത്ത് കയറിയപ്പോഴാണ് പത്ത് മാസം പേറ്റ് നോവനുവഭവിച്ച അമ്മയുടെ അസ്ഥിപഞ്ചരം മുറിയിലെ കസേരയിൽ ഇരിക്കുന്ന രീതിയിൽ കണ്ടത്. ശരീരം അഴുകി എല്ലുകൾ മാത്രം ബാക്കിയാത് കൊണ്ട് മരണം നടന്നിട്ട് ആഴ്ച്ചകളായിരിക്കണം എന്നാണ് പോലീസ് നിഗമനം. ഏകദേശം ഒരു വർഷത്തോളമായി മകൻ അമ്മയെ ഒന്ന് വിളിച്ചിട്ട്. അതുകൊണ്ട് തന്നെ ഈ വിവരമറിയാൻ സാധിച്ചില്ലെന്നാണ് ലോകമെങ്ങും വിവരം എത്തിക്കാൻ ശ്രമിക്കുന്ന ഐടി വിദഗ്ദ്ധനായ മകന്റെ മറുപടി. പല വട്ടം ആ അമ്മ തന്നെ വൃദ്ധ സദനത്തിലാക്കാൻ ആവശ്യപ്പെട്ടതും ആ മകൻ വെളിപ്പെടുത്തിയിരിക്കുന്നു. സമാനമായ രീതിയിൽ മുന്പ് നമ്മുടെ കേരളത്തിലും ഒരു സംഭവം ഉണ്ടായത് നിങ്ങളും ഓർക്കുന്നുണ്ടാകും.
നമ്മളിൽ വലിയൊരു വിഭാഗം ഇന്ന് ഇങ്ങിനെയാണ്. ഒരു തരം മരവിപ്പാണ് മിക്കവരുടെയും ഉള്ളിൽ. പ്രിയപ്പെട്ടവരോട് പോലും ഹൃദയം തുറന്ന് സംസാരിക്കാൻ നേരമില്ല. ജീവിച്ചിരിക്കെ തന്നെ അവർ യന്ത്രങ്ങളാകുന്നു. ഇടയ്ക്കിടെ ചാർജ് പോകുന്ന ചാർജ്ജ് ചെയ്യേണ്ട യന്ത്രങ്ങൾ. കപട മുഖപുസ്തകത്തിലെ ചിരിക്കുന്ന മുഖങ്ങളോട് കള്ളത്തരങ്ങൾ പറഞ്ഞ് പരസ്പരം ആശ്വാസം കൊള്ളുന്പോൾ ഒരിക്കലെങ്കിലും തന്റെ ജനനത്തിന് ഉത്തരവാദികളായവർ എങ്ങിനെയാണ് ജീവിക്കുന്നതെന്ന് ചിന്തിക്കാൻ ഇത്തരം യന്ത്രങ്ങളിൽ പലർക്കും സാധിക്കുന്നില്ല. ചന്ദ്രനിലും ചൊവ്വയിലും കാല് കുത്താനുള്ള ശ്രമത്തിൽ സ്വന്തം വീടിന്റെ അകത്തളങ്ങളിലേയ്ക്ക് എത്തിനോക്കാൻ പോലും മടി കാണിക്കുന്നവർ വർദ്ധിക്കുന്നു. അച്ഛനും, അമ്മയ്ക്കും, മകനും, മകൾക്കും, സഹോദരങ്ങൾക്കും, സൗഹൃദങ്ങൾക്കുമൊക്കെ വർഷത്തിൽ ഓരോ ദിവസം നീക്കിവെച്ച് ആ ദിവസം അവരെ കെട്ടിപിടിച്ചൊരു പ്രൊഫൈൽ ഫോട്ടോ ഇട്ടാൽഎല്ലാമായി എന്ന ചിന്തയിലേയ്ക്ക് വഴുതിവീഴുന്ന ഒരു സമൂഹത്തിൽ നിന്ന് ഇത്തരം വാർത്തകൾ അല്ലാതെ എന്ത് പ്രതീക്ഷിക്കാൻ. അതുകൊണ്ട് തന്നെ ഈ വാർത്തകൾ നിരാശ മാത്രം ബാക്കിയാക്കുന്നു.
അവനവൻ ആത്മസുഖത്തിനായി ആചരിപ്പതു അപരന്ന് സുഖത്തിനായി വരണം എന്ന മഹത്തായ വാചകം ഇപ്പോൾ ഓർത്തുപോകുന്നു. ഇന്ന് ആ വരികളിലെ ആദ്യവാക്കുകൾ മാത്രമായി ഒതുങ്ങിയിരിക്കുന്നു നമ്മുടെ ജീവിതം. അവനവനിസം മാത്രമാണ് സിദ്ധാന്തം. അത് മാത്രമാണ് അതിജീവന മന്ത്രം, അവിടെ എവിടെയാണ് ബന്ധങ്ങളും, സൗഹൃദങ്ങളും.. അല്ലെ...