ചിരിച്ചൂടെ മനുഷ്യാ...
പ്രദീപ് പുറവങ്കര
കഴിഞ്ഞ മാസം ഒരു രസകരമായ ദിനാചരണമുണ്ടായിരുന്നു. അതിന്റെ പേര് ഇമോജി ദിനമെന്നായിരുന്നു. മനുഷ്യർ നേരിട്ട് സംസാരിക്കാത്ത ഒരു ലോകത്ത് ഇപ്പോൾ ഏറ്റവുമധികം സംസാരിക്കുന്നത് ഡിജിറ്റൽ സന്ദേശങ്ങളിലെ ഇമോജികളാണ്. ചിരി, ചിന്ത, സങ്കടം, സന്തോഷം, സമ്മതം, ആശങ്ക, അത്ഭുതം, അത്യാഹ്ലാദം, ആദരം, അനുകന്പ, മൗനം, കുസൃതി, കുശുന്പ്്, പ്രണയം, കാമം, പുച്ഛം, ദേഷ്യം അങ്ങനെ മനുഷ്യസഹജമായ സകല ഭാവങ്ങൾക്കും പകരംവെയ്ക്കാൻ ഇന്ന് ഇമോജികളുണ്ട്. സ്മാർട്ട് ഫോണുകളിലും, കന്പ്യൂട്ടറുകളിലും കൂടി കടന്നുവരുന്ന ഈ കുഞ്ഞൻ ഗ്രാഫിക്‌സുകൾ ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു വാർത്താവിനിമയ ഉപാധിയാണ്. ദൈനംദിന ജീവിതത്തിൽ നമുക്ക് ഇടപെടേണ്ടിവരുന്ന ഒട്ടുമിക്ക പരിസരങ്ങളും ഈ ഗ്രാഫിക് അടയാളങ്ങളിലേക്ക് നമ്മൾ അനുദിനം പരിഭാഷപ്പെടുത്തുന്നു. ഭക്ഷണപദാർത്ഥങ്ങൾ, നേരന്പോക്കുകൾ, വാഹനങ്ങൾ എന്നുവേണ്ട പുതിയ കാലത്തിന്റെ ഭാഷയായി ഇമോജികൾ മാറിയിരിക്കുന്നു.
ഒരു വൈകാരിക നിമിഷത്തെ ഒറ്റ ക്ലിക്കിൽ സംഭാഷണത്തോട് ചേർത്തുവെയ്ക്കാം എന്ന സൗകര്യമാണ് ഇമോജികളെ ഇത്രമാത്രം ജനപ്രിയമാക്കിയത്. അമേരിക്കക്കാരനായ കന്പ്യൂട്ടർ സയൻസ് പ്രൊഫസറായ സ്‌കോട് ഫാള്‍മാനെയാണ് ഇമോജി എന്ന ആശയത്തിന്റെ പിതാവായി വിശേഷിപ്പിക്കുന്നത്. തന്റെ ഡിപ്പാർട്ട്മെന്റിലെ ബുള്ളറ്റിൻ ബോർഡിൽ ശിഷ്യർ പതിക്കുന്ന സന്ദേശങ്ങൾ കളിയാണോ കാര്യമാണോ എന്ന് തിരിച്ചറിയാതെ പലപ്പോഴും കുഴങ്ങിയ ഫാൾമാൻ ഇനി സന്ദേശമെഴുതുന്പോൾ അത് തമാശയാണെങ്കിൽ ഒരു ചിരിക്കുന്ന മുഖത്തിന്റെ രേഖാചിത്രം ഒപ്പം ചേർക്കാൻ നിർദ്ദേശിച്ചു. ആദ്യ സ്‌മൈലി അങ്ങനെയാണ് പിറന്നത്. ജാപ്പനീസ് ടെലികോം കന്പനിയായ ഡോകോമോ ആണ് സന്ദേശങ്ങളിൽ ആദ്യം സ്‌മൈലികൾ ചേർത്തുവെച്ച് ഇമോജി എന്നുവിളിച്ചത്. ഈ രീതിയിൽ ഇമോജി ഒരു ജാപ്പനീസ് പദമാണ്.
2011ൽ ആപ്പിളും ഗൂഗിളും തങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ഈ ഡിജിറ്റൽ ഗ്രാഫിക്സുകളെ ഉൾപ്പെടുത്തിയതോടെയാണ് ഇമോജികൾ ഡിജിറ്റൽ കാലത്തെ ആശയവിനിമയത്തിന്റെ അവിഭാജ്യ ഘടകമായി മാറിയത്. യൂണികോഡ് കൺസോർഷ്യം എന്ന സംഘടനയാണ് ആഗോള തലത്തിൽ ഇവയ്ക്ക് അംഗീകാരം നൽകുന്നത്. ഇതുവരെ 2,666 ഇമോജികൾക്കാണ് ഔദ്യോഗിക അംഗീകാരം കിട്ടിയത്. ഈ ലോക ഇമോജി ദിനത്തിൽ പുതിയ 56 ഇമോജികൾ കൂടി യൂണികോഡ് കൺസോർഷ്യം പുറത്തിറക്കി. അക്ഷരമാലയും വ്യാകരണവുമില്ലാത്ത ഈ പുതിയ ഭാഷ പതിയെ ലോകഭാഷകളെയെല്ലാം പുനസ്ഥാപിച്ചു കൊണ്ടിരിക്കുന്നു എന്നതാണ് യാത്ഥാർത്ഥ്യം.
ഇതോടനുബന്ധിച്ച് ഉണ്ടായ ഒരു അനുഭവം പറയട്ടെ. ഒരു ചടങ്ങിൽ പങ്കെടുത്തപ്പോൾ അവിടെ വെച്ച് പരിചയപ്പെട്ട ഒരു സുഹൃത്ത് കുറെയേറെ സംസാരിച്ചെങ്കിലും ഒട്ടും ചിരിക്കുന്നില്ലായിരുന്നു. നമ്മുടെ നാടൻ ഭാഷയിൽ പറഞ്ഞാൽ വല്ലാതെ മസിൽ പിടിച്ചിരിക്കുന്ന സ്വഭാവം. സഹൃദയത്വം തീരെ ഇല്ല എന്നർത്ഥം. പിന്നീട് ഇടയ്ക്കിടെ വാട്സാപ്പിൽ അദ്ദേഹം സന്ദേശങ്ങൾ അയച്ചു തുടങ്ങി. സന്ദേശങ്ങൾക്കൊപ്പം ചിരിക്കുന്ന സ്മൈലികളും പുറകെ വരും. വെറുതെ ആലോചിച്ചത്, ഈ സ്മൈലികൾ പോലെ തന്റെ മുഖത്തെ പേശികളൊക്കെ ഒന്നയച്ച് ആ മഹാന് ചിരിച്ചാൽ എന്താണ് നഷ്ടം എന്നു മാത്രം !!!