ദിനങ്ങൾ ഓർമ്മിപ്പിക്കേണ്ടത്...
പ്രദീപ് പുറവങ്കര
ഇന്ന് ഹിരോഷിമാ ദിനമാണ്. പക്ഷെ പലർക്കും അത് മറന്നിരിക്കുന്നു. കൂടുതൽ പേരും ഈ ദിനത്തെ കൊണ്ടാടുന്നത് സൗഹർദ ദിനമായിട്ടാണ്. അതേസമയം മനുഷ്യരാശിക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ആ കറുത്ത ദിനത്തെ ഓർമ്മിപ്പിക്കാനാണ് ഇന്ന് തോന്ന്യാക്ഷരത്തിലൂടെ ശ്രമിക്കുന്നത്. എഴുപ്പതിരണ്ട് വർഷങ്ങൾക്കപ്പുറത്ത് 1945 ഓഗസ്റ്റ് 6ന് ലോകത്തെ നടുക്കിയ സമാനതകളില്ലാത്ത കൊടുംക്രൂരതയാണ് അമേരിക്ക, ജപ്പാൻ നഗരമായ ഹിരോഷിമയിൽ നടത്തിയത്. അന്ന് ഭൂമുഖത്ത് ആദ്യമായി അണുബോംബ് വർഷിച്ച് നിമിഷങ്ങൾക്കകം കത്തിചാന്പലയാത് ഒരു ലക്ഷത്തി നാൽപ്പതിനായിരത്തോളം മനുഷ്യരായിരുന്നു. സ്‌ഫോടനത്തിൽ അന്തരീക്ഷത്തിലെ ഊഷ്മാവ് 2500 ലധികം ഡിഗ്രിയിലും ഉയർന്ന് സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം സകല ജീവജാലങ്ങളും കത്തിക്കരിഞ്ഞു. വെന്തുകരിഞ്ഞ ആ ശരീരങ്ങളുമായി ആർത്തലച്ച് ജീവനുവേണ്ടി കൊതിച്ച് അവർ നാലുപാടും ഓടി. കടലിലും പുഴയിലും കിണറുകളിലുമെല്ലാം വെള്ളം തിളച്ചുമറിഞ്ഞു. നിമിഷങ്ങൾക്കൊണ്ട് അഗ്നിജ്വാലകൾ സകലതും ഭസ്മമാക്കി. വിനാശകാരിയായ ആ സംഭവത്തിന്റെ ബാക്കിപത്രമായി ഇന്നും കാൻസറും, മാരകരോഗങ്ങളും പകർച്ചവ്യാധികളും ജപ്പാൻ ജനതയെ കാർന്നുതിന്നുകൊണ്ടിരിക്കുന്നു. 250 കോടി ഡോളർ മുടക്കിയാണ് അന്ന് അമേരിക്ക ‘ലിറ്റിൽ ബോയ്’ എന്ന് പേരുള്ള അണുബോംബ് നിർമ്മിച്ചത്. അമേരിക്കൻ പ്രസിഡണ്ട് ഹാരി എസ് ട്രൂമാൻ ആയിരുന്നു ഇതിന് ഉത്തരവിട്ടത്. തലമുറകളെ ദുരന്തത്തിലാക്കിയ ഈ കൊടുംക്രൂരതയ്ക്ക് ശേഷവും മൂന്നുദിവസം കഴിഞ്ഞ് ആഗസ്റ്റ് 9ന് രാവിലെ 10.55ന് ‘ഫാറ്റ്മാൻ’ എന്ന അണുബോംബ് നാഗസാക്കിയിൽ വർഷിച്ചു. അന്ന് 80,000 −ത്തിലധികം മനുഷ്യരെയാണ് അഗ്നിക്കിരയാക്കിയത്.
ഇന്ന് ലോകരാജ്യങ്ങളുടെ കൈവശം പതിനായിരക്കണക്കിന് അണുവായുധങ്ങളുണ്ടെന്ന് പറയപ്പെടുന്നു. അമേരിക്കയ്ക്ക് മാത്രം 7500 ലധികം അണുവായുധങ്ങളുണ്ടത്രെ. ഫ്രാൻസ്, ബ്രിട്ടൻ, റഷ്യ, ചൈന, ഇസ്രയേൽ, ഇന്ത്യ, പാകിസ്ഥാൻ, ഉത്തര കൊറിയ തുടങ്ങിയ രാഷ്ട്രങ്ങൾ അണുപരീക്ഷണങ്ങൾ നടത്തി തങ്ങളുടെ കൈവശം നൂറുകണക്കിന് അണുബോംബുകൾ ഉണ്ടെന്ന പ്രഖ്യാപനവും നടത്തിക്കഴിഞ്ഞു. അണുവായുധങ്ങളേക്കാൾ എത്രയോ മടങ്ങ് പ്രഹരശേഷിയുള്ള ഇത് കൂടാതെ ഹൈഡ്രജൻ ബോംബുകൾ തങ്ങളുടെ വശമുണ്ടെന്ന് പറഞ്ഞ് അഹങ്കരിക്കുന്നവരും ധാരാളം. തങ്ങളുടെ ശക്തിയെ സൂചിപ്പിക്കാനുള്ള സ്റ്റാറ്റസ് സിന്പലുകളാണ് പല രാജ്യങ്ങൾക്കും ഈ വിനാശകാരിയായ ആയുധങ്ങൾ. ഇന്ത്യയെപ്പോലെ അഹിംസാ സിദ്ധാത്തിൽ വിശ്വസിക്കുന്ന രാഷ്ട്രങ്ങൾ പോലും വൻ തുകയാണ് പ്രതിരോധത്തിന്റെ പേരിൽ ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നതിന് ചെലവഴിക്കുന്നത്. സന്പദ്ഘടനയുടെ അടിത്തറ തന്നെ ആയുധക്കച്ചവടമായിട്ടുള്ള അമേരിക്ക പോലെയുള്ള രാഷ്ട്രങ്ങൾക്ക് ഇഷ്ടവിഷയമാകുന്നത് രാജ്യങ്ങൾ തമ്മിലുള്ള സംഘർഷവും ഭീകരസംഘടനകളുടെ ഏറ്റുമുട്ടലുകളുമാണ്. അതേസമയം ഇനിയൊരു അണുവായുധ പ്രയോഗമുണ്ടായാൽ പിന്നെ ഈ ലോകത്ത് യുദ്ധം ഉണ്ടാകില്ല. കാരണം ഒരു മനുഷ്യനും പിന്നെ ഈ ഭൂമുഖത്തുണ്ടാകില്ല എന്നതും പകൽ പോലെ സത്യമാണ്.
സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും സൽപേരുകൾ ഇത്തരം ആയുധപ്രദർശനങ്ങളിലൂടെ പരസ്പരം നഷ്ടപ്പെടുത്തുന്ന ഒരു കാലത്ത് സൗഹർദദിനത്തിനൊക്കെ പ്രസക്തിയുണ്ടോ എന്ന ചോദ്യത്തിനും വലിയ അർത്ഥതലങ്ങളുണ്ട്. യുദ്ധം മരണമാണ്, സമാധാനം മാത്രമാണ് ജീവിതം എന്ന് തിരിച്ചറിയുന്ന നേതാക്കളും, മനുഷ്യരും ഈ ഭൂമിയിൽ ഉണ്ടാകണമേ എന്നാഗ്രഹത്തോടെ...