കണ്ണടച്ചാൽ വരാനിരിക്കുന്നത് വലിയ ദുരന്തം...
പ്രദീപ് പുറവങ്കര
ആവശ്യവും അനാവശ്യവുമായ വാർത്തകൾ നമ്മുടെ ചുറ്റും ഒച്ചപാട് സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കാലമാണല്ലോ. പ്രവാസലോകത്തിരുന്ന് നാട്ടിലെ ഓരോ ചലനങ്ങളെയും ഭീതിയോടെയും, കൊതിയോടെയും നോക്കി കാണുന്നവരാണ് ഗൾഫ് നാടുകളിൽ കഴിയുന്ന ഓരോ മലയാളിയും. ചാനലുകളിൽ നിറയുന്ന വാർത്തകൾക്കപ്പുറത്ത് എന്ത് സംഭവിക്കുന്നു എന്ന് ചികഞ്ഞുനോക്കുന്നവർ. ആ ചികയിലിന്റെ ഭാഗമായാണ് നമ്മൾ നാട്ടിലേയ്ക്ക് ഇടയ്ക്കിടെ വിളിച്ചു നോക്കുന്നത്. ഇന്ന് അങ്ങിനെ വിളിക്കുന്പോൾ നമ്മളൊക്കെ ഒരു പോലെ കേൾക്കുന്ന ഒരു കാര്യം ഇവിടെ മൊത്തം പനിയാണെന്ന കാര്യം തന്നെയാണ്. പക്ഷെ ഇതൊന്നും ചാനലുകൾക്ക് വേണ്ട എന്ന് മാത്രം.
മഴകാലം ആരംഭിക്കുന്നതിന് മുന്പേ തന്നെ പനികാലം നമ്മുടെ നാട്ടിൽ ആരംഭിച്ചിരുന്നു. അങ്ങിനെ ഈ കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ 414 പേർ പനിച്ച് മരിച്ച് വീണ നാടാണ് നമ്മുടെ സ്വന്തം കേരളം. ഇപ്പോഴും ഏകദേശം ഇരുപ്പത്തിരണ്ടായിരം പേർ പനിബാധിച്ച് ആശുപത്രികളിൽ കഴിയുന്നു. ഈ കണക്കുകൾ കാണുന്പോൾ നല്ല വിദ്യാഭ്യാസം, നല്ല ആരോഗ്യം, നല്ല ഭക്ഷണം എന്നിവയൊക്കെ കേരളത്തിലെ ജനങ്ങൾ അർഹിക്കുന്നതാണെന്ന് ഓർമ്മയില്ലാത്തവരാണോ നമ്മുടെ ഭരണകർത്താക്കൾ എന്ന് തോന്നിപോകുന്നുവെങ്കിൽ ആർക്കും കുറ്റം പറയാൻ സാധിക്കില്ല. പൊതുജനാരോഗ്യത്തിന് സംഭവിച്ചിരിക്കുന്ന ഈ ദുരന്തം പരിസര ശൂചിത്വമില്ലായ്മയുമായി ബന്ധപ്പെട്ടിരിക്കുന്നു. സാധാരണ പനിക്കും, ഡെങ്കിക്കും പുറമേ ഇപ്പോൾ പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ കോളറ കൂടി സ്ഥിരീകരിച്ചിരിക്കുന്നു എന്നതും ഭീതിപ്പെടുത്തേണ്ട കാര്യമാണ്.
പത്തനംതിട്ടയിൽ ഒരു അന്യസംസ്ഥാന തൊഴിലാളി ഇതു മൂലം മരിക്കുകയും ചെയ്തിട്ടുണ്ട്. പെട്ടെന്ന് പകരാൻ സാധ്യതയുള്ള ജലജന്യരോഗമാണ് കോളറയെന്നത് സ്ഥിതിവിശേഷത്തെ ഗുരുതരമാക്കുന്നു. വ്യക്തിശുചിത്വത്തിലും പരിസരശുചിത്വത്തിലും ശ്രദ്ധയേറിയതോടെ അപ്രത്യക്ഷമായിരുന്ന ഈ രോഗം കേരളത്തിലേയ്ക്ക് തിരിച്ചു വന്നിരിക്കുന്നത് ആപൽകരമായ കാര്യമാണ്. വിബ്രിയോ കോളറ എന്ന ബാക്ടീരിയ വഴിയുണ്ടാവുന്ന വയറിളക്കരോഗമാണ് കോളറ. വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് രോഗാണുക്കൾ മനുഷ്യശരീരത്തിൽകടക്കുന്നത്. ഈ വർഷം ഇതുവരെ കേരളത്തിൽ 2.97 ലക്ഷംപേരാണ് വയറിളക്കത്തിന് ചികിത്സതേടിയതെന്ന് അറിയുന്പോൾ മലിനമായ വെള്ളവും ഭക്ഷണവും ഉയർത്തുന്ന ഭീഷണി വ്യക്തമാവും. വെളിയിട വിസർജനമുക്ത സംസ്ഥാനമെന്ന് അഭിമാനിക്കുന്പോൾ തന്നെ കിണറുകളും കക്കൂസുകളും തമ്മിലുള്ള സാമീപ്യംകാരണം ഇവിടെ ഭൂരിഭാഗം കിണറുകളിലെയും വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം വളരെക്കൂടുതലുള്ള സംസ്ഥാനം കൂടിയാണ് കേരളം. ഇതര സംസ്ഥാനത്തൊഴിലാളികൾ പാർക്കുന്ന സ്ഥലങ്ങളിൽ ശുചിത്വം ഉറപ്പാക്കാൻ കഴിയാത്തത് ആണ് അവരുടെ ഇടയിൽ ആരോഗ്യപ്രശ്നങ്ങൾ വർദ്ധിക്കാനുള്ള കാരണം. മലയാളിയുടെ മടി കാരണം തൊഴിൽ ചെയ്യാൻ ഇവിടെ എത്തിയ ഈ മനുഷ്യർക്ക് വേണ്ട അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ മിക്ക മലയാളി മുതലാളിമാരും പിന്നാക്കം നിൽക്കുന്പോൾ അത് ബാധിക്കാൻ പോകുന്നത് വലിയൊരു ജനസമൂഹത്തെയാണ്. പ്രാഥമികകൃത്യങ്ങൾപോലും നിർവഹിക്കാൻ സൗകര്യങ്ങളില്ലാത്ത സ്ഥലങ്ങളിലാണ് ഇവരെ പലരും പാർപ്പിക്കുന്നത്. ഇത് കണ്ടെത്തി നടപടികൾ സ്വീകരിക്കാൻ ബാധ്യതയുള്ള സർക്കാർസംവിധാനങ്ങളും കണ്ണടയ്ക്കുന്പോൾ പാവം പൊതുജനം ആരോട് പറയാൻ, ആരെ പഴിക്കാൻ...