വേണ്ടത് തെളിവാണ് , സ്വഭാവസർട്ടിഫിക്കറ്റല്ല...
പ്രദീപ് പുറവങ്കര
വെള്ളിത്തിരയിലെ നായകൻ വില്ലനായത് നോക്കി കൊണ്ട് അവന്റെ ജയിൽവാസം പോലും ഒരു സിനിമ പോലെ കണ്ട് അഭിരമിക്കുന്ന അസൽ സി ക്ലാസ് പ്രേക്ഷകരായി മാറി കൊണ്ടിരിക്കുകയാണ് നമ്മളിൽ മിക്ക മലയാളികളും. ബ്രേക്കിങ്ങ് എന്ന പേരിൽ ഓരോ നിമിഷവും ആ മുൻ ജനപ്രിയനായകനെ പറ്റി വരുന്ന വാർത്തകളെ ആകാംക്ഷപൂർവം കാത്തിരിക്കുകയാണ് ലക്ഷകണക്കിന് വരുന്ന പ്രേക്ഷക സമൂഹം. അതേസമയം ഈ കേസ് ഇതുവരെ തെളിഞ്ഞില്ലെങ്കിൽ പോലും ചിലരെങ്കിലും ഏതൊരു കുറ്റകൃത്യത്തിലെയും പോലെ അയാൾ കുറ്റം ചെയ്തിട്ടുണ്ടോ എന്നും അങ്ങിനെയുണ്ടെങ്കിൽ അദ്ദേഹം ശിക്ഷിക്കപ്പെടുമോ എന്നക്കെ അറിയാൻ കാത്തിരിക്കുന്നവരാണ്.
നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചന കുറ്റത്തിനാണ് ഇപ്പോൾ ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിലെ മുഖ്യപ്രതിയടക്കം നൽകിയ മൊഴികളിൽ നിന്നും പോലീസ് കണ്ടെത്തിയ തെളിവുകളിൽ നിന്നും നടി ആക്രമിക്കപ്പെട്ടതിൽ അദ്ദേഹത്തിന് പങ്കുണ്ടെന്നു തന്നെയാണ് കരുതേണ്ടി വരുന്നത്. ഹൈക്കോടതിയിൽ നിന്നടക്കം അദ്ദേഹത്തിന് ജാമ്യം നിഷേധിക്കപ്പെട്ടിരിക്കുന്ന സാഹചര്യങ്ങളും അതു ശരിെവയ്ക്കുന്നു. ഇനി ഈ കേസിൽ അയാൾക്ക് ബന്ധമുണ്ടെന്നതിനു കൃത്യവും ശക്തവുമായ തെളിവുകൾ പരാമവധി ശേഖരിച്ച് അവയെല്ലാം കോടതിക്കു മുന്നിൽ അവതരിപ്പിച്ച് നിയമപ്രകാരമുള്ള ശിക്ഷ വാങ്ങിക്കൊടുക്കുകയാണ് ചെയ്യേണ്ടത്. അങ്ങിനെയാണെങ്കിൽ മാത്രമേ എല്ലാവരും നീതിപീഠത്തിന് മുന്പിൽ തുല്യരാണെന്ന് തെളിയിക്കപ്പെടൂ. പക്ഷെ ഇപ്പോൾ ദിലീപുമായി ബന്ധപ്പെട്ട് വരുന്ന ചില വാർത്തകൾ കാണുന്പോൾ പ്രൈമറി കേസ് അട്ടിമറിക്കപ്പെടുകയാണോ എന്ന സംശയം തോന്നിപോകുന്നുണ്ട് എന്ന് പറയാതെ വയ്യ.
കഴിഞ്ഞ ദിവസം വന്ന ഒരു വാർത്ത അത്തരത്തിലുള്ളതാണ്. ദിലീപ് മുന്പ് കല്യാണം കഴിച്ചിട്ടുണ്ട് എന്നതാണ് ആ വാർത്ത. സ്വാഭാവികമായും ഇക്കിളി വാർത്തകളോട് കൂടതൽ താത്പര്യമുള്ള സമൂഹം പഴയതൊക്കെ അതിവേഗം മറക്കും. പിന്നെ ഇവിടെ സംഭവിക്കാൻ പോകുന്നത് ആ നടി ആക്രമിക്കപ്പെട്ട കേസ് വഴിമാറിപ്പോകുമെന്നതാണ്. ഇരയ്ക്ക് നീതി കിട്ടിയോ എന്നുള്ള ആവർത്തിച്ചുള്ള പതിവ് ചോദ്യങ്ങളിൽ അതങ്ങ് അവസാനിക്കുകയും ചെയ്യും. എത്രയോ അനുഭവങ്ങൾ ഇങ്ങിനെ നമ്മുടെ മുന്പിലുണ്ട് താനും. നിയമത്തെ വെല്ലുവിളിച്ച് ദിലീപ് എന്തെങ്കിലുമൊക്കെ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ പോലീസിന് അവകാശമുണ്ട്. അയാൾക്ക് ഉണ്ടെന്നു പറയുന്ന ആദ്യ ഭാര്യയായ യുവതിയെ ഏതെങ്കിലും വിധത്തിൽ ചതിക്കുകയോ അല്ലെങ്കിൽ ആ വിവാഹം നിയമപ്രകാരം വേർപ്പെടുത്താതെ അടുത്ത വിവാഹം കഴിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതും അന്വേഷിക്കാം. പക്ഷെ മൂന്നു കല്യാണം കഴിച്ചത് കൊണ്ട് നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ കൊടുക്കാൻ സാധ്യതയുണ്ടെന്നൊക്കെ കേസ് ഡയറിൽ എഴുതി വെയ്ക്കാൻ പോലീസിനാകില്ല. കാരണം ഒരാളുടെ സ്വഭാവസർട്ടിഫിക്കറ്റ് പരിശോധിച്ചിട്ടല്ല അയാളെ കുറ്റവാളിയായി പ്രഖ്യാപ്പിക്കുന്നത്. നിയമത്തിന് ആവശ്യം തെളിവാണ്. ഒരു ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തി കൂടിയായ പൾസർ സുനിയുടെയും അപ്പുണ്ണിയുടെയും മൊഴിയും ബാക്കി കുറച്ച് സ്വഭാവ ദൂഷ്യകഥകളും വെച്ച് ഒരു കുറ്റപത്രവുമായി കോടതിക്കു മുന്നിൽ ചെന്നാൽ ഈ കഥയുടെ ക്ലൈമാക്‌സ് എന്തായിരിക്കുമെന്ന് ഏതൊരു ആവറേജ് പ്രേക്ഷകനും ഇപ്പോഴേ ഊഹിക്കാവുന്നതേയുള്ളൂ. അതുകൊണ്ട് തന്നെ ഈ കേസിൽ ദിലീപ് കുറ്റവാളിയാണോ, ആണെങ്കിൽ അതിനുള്ള ശക്തമായ തെളിവുകൾ കണ്ടെത്തുക എന്നതാണ് കേരള പോലീസ് ചെയ്യേണ്ടത്.