അകാല വാർ‍ദ്ധക്യത്തിലേയ്ക്ക് ഒരു യുവത...


പ്രദീപ് പുറവങ്കര

യുവജന പ്രസ്ഥാനങ്ങൾ‍ക്ക് ഏറെ വളക്കൂറുള്ള മണ്ണായിരുന്നു ഒരു കാലത്ത് നമ്മുടെ കേരളം. ചുറ്റിലും നടക്കുന്ന അനീതികൾ‍ക്കെതിരെയും, പ്രകൃതി ചൂഷണങ്ങളോടുമൊക്കെ രൂക്ഷമായി പ്രതികരിച്ചിരുന്ന ഒരു സമൂഹമായിരുന്നു ഒരു കാലത്ത് നമ്മുടെ യുവത. സാമൂഹ്യ തിന്മകളെ മുൻ‍പിൻ‍ നോക്കാതെ എതിർ‍ത്തിരുന്ന ഈ സംഘടനകളെ അതുകൊണ്ട് തന്നെ പ്രായഭേദമന്യേ നെഞ്ചോട് ചേർ‍ത്ത് നിർ‍ത്താനും കേരളീയർ‍ക്ക് സാധിച്ചു. ഇന്ന് നമ്മുടെ നാട്ടിൽ‍ നഷ്ടപ്പെട്ടുപോയത് ഈ യുവതയെയാണ് എന്ന് സമീപകാല വാർ‍ത്തകളൊക്കെ തെളിയിച്ചു കൊണ്ടിരിക്കുന്നു. അവർ‍ പൊതുസ്ഥലങ്ങളിൽ‍ പ്രതികരിക്കുന്നില്ല എന്നു മാത്രമല്ല, മറിച്ച് അത് വെറും ഓൺ‍ലൈൻ‍ ഇടങ്ങളിൽ‍ കന്പ്യൂട്ടർ‍ ജാലകത്തിന്റെ മുന്പിൽ‍ മാത്രമായി പോകുന്നു എന്നതാണ് ഖേദകരമായി തോന്നുന്നത്. ഇതു കാണുന്പോൾ‍ ഭാവിയിലേയ്ക്ക് നാടിനെ നയിക്കേണ്ട യുവത്വത്തിന് അകാല വാർ‍ദ്ധക്യം സംഭവിക്കുകയാണോ എന്നു പോലും സംശയിച്ചു പോകുന്നു.

വെയിലിലും മഴയിലും സമരതീഷ്ണമായ പോരാട്ടങ്ങൾ‍ നടത്തിയ സംഘടനകളിൽ‍ ഏറ്റവും പ്രധാനപ്പെട്ട പ്രസ്ഥാനങ്ങളായിരുന്നു ഇടതുപക്ഷ സംഘടനകളുടെ യുവജനവിഭാഗങ്ങൾ‍. തൊഴിലിന് വേണ്ടിയും, ഭക്ഷണത്തിന് വേണ്ടിയും, സാമൂഹ്യ മാറ്റങ്ങൾ‍ക്ക് വേണ്ടിയും തെരുവിൽ‍ ശബ്ദമുയർ‍ത്തിയതും അവർ‍ തന്നെയായിരുന്നു. എന്നാൽ‍ ഇന്ന് ഇതിൽ‍ മിക്കതും മാതൃസംഘടനകളുടെ ഏറാൻ‍ മൂളികൾ‍ മാത്രമായി അധഃപതിച്ചിരിക്കുന്നു. ഏകദേശം ഒരു പതിനഞ്ച് വർ‍ഷത്തോളമായി ഈ സ്ഥിതി നിലനിൽ‍ക്കുന്നുണ്ട്. കേരളീയ സാമൂഹ്യ, സാംസ്കാരിക പരിസരങ്ങളിൽ ശ്രദ്ധേയമായ ഒരിടപ്പെടലും നടത്താൻ‍ ഈ കാലയളവിൽ‍ നമ്മുടെ നാട്ടിലെ രാഷ്ട്രീയ യുവജനസംഘടനകൾ‍ക്ക് സാധിച്ചിട്ടില്ല എന്നത് യാഥാർ‍ത്ഥ്യമാണ്. വലിയ നേതാക്കളുടെ മൂടുതാങ്ങികൾ‍ മാത്രമായി ഒതുങ്ങുവാനും അതിലൂടെ രാഷ്ട്രീയജീവിതത്തിൽ‍ നേട്ടങ്ങൾ‍ കരസ്ഥമാക്കാനുമാണ് മിക്ക യൂത്ത് നേതാക്കളുടെയും ആഗ്രഹം. അതേസമയം ഇത്തരം യുവജനപ്രസ്ഥാനങ്ങൾക്ക് തളർ‍ച്ച വന്നപ്പോൾ‍ അരാഷ്ട്രീയവാദത്തിലേയ്ക്ക് യുവാക്കൾ‍ തിരിയുകയും അവിടെ നേട്ടം കൊയ്ത്ത് വർ‍ഗീയ അജണ്ടകളുമായി വന്ന പ്രസ്ഥാനങ്ങളാണെതും ശ്രദ്ധേയമാണ്. ജനകീയ സമരങ്ങളിലൂടെ നടത്തിയ ഇടപെടലുകൾ‍ കാരണം വലിയൊരു സ്പേസ് അവർ‍ ഇടതുപക്ഷയുവജന പ്രസ്ഥാനങ്ങളിൽ‍ നിന്ന് തട്ടിയെടുത്തു എന്നതാണ് സത്യം. 

ഇതു തന്നെയാണ് പരിസ്ഥിതി പ്രവർ‍ത്തനങ്ങളിലും സംഭവിച്ചിരിക്കുന്നത്. തെരുവ് നാടകങ്ങൾ‍ നടത്തിയും, കവിതകൾ‍ പാടിയും പ്രകൃതി സ്നേഹം ഊട്ടിയുറപ്പിച്ചിരുന്ന ശാസ്ത്ര സംഘടനകൾ‍ ഇന്നെവിടെയാണെന്ന് പോലും അറിയില്ല. യുക്തിബോധത്തിന്റെ ചിന്തകൾ‍ മനസ്സുകളിലേയ്ക്ക് എത്തിച്ച വലിയ പണ്ധിതന്‍മാർ‍ മുന്പ് നമുക്കുണ്ടായിരുന്നു. ചാട്ടുളി പോലെയുള്ള പ്രസംഗങ്ങളിലൂടെ തെറ്റായ ചിന്തകളെ മുറിവേൽ‍പ്പിച്ച മഹാരഥന്‍മാർ‍ ഇവിടെ ജീവിച്ചിരുന്നു. എന്ത് സംഭവിക്കുന്പോഴും ചിലരുടെ വാക്കുകൾ‍ക്ക് കേരളം മുഴുവൻ‍ കാത്തിരുന്ന കാലമുണ്ടായിരുന്നു. ഇന്ന് അതൊക്കെ മാറിയിരിക്കുന്നു. ആർ‍ക്ക് എന്ത് സംഭവിച്ചാലും എനിക്കെന്ത് എന്നതായിരിക്കുന്നു ചിന്ത. അല്ലെങ്കിൽ‍ ഒരു സ്റ്റാറ്റസ് ഇട്ടാൽ‍ എന്റെ ഉത്തരവാദിത്വം കഴിഞ്ഞു എന്നാകുന്നു നിലപാട്. ചുറ്റിലും കാടും മേടും ഇല്ലാതാകുന്പോഴും നമുക്ക് വെപ്രാളമില്ല. കുപ്പിവെള്ളം കുടിച്ച് നദികളിൽ‍ വെള്ളം വറ്റുന്നതിനെ പറ്റി നക്ഷത്ര ഹോട്ടലുകളിൽ‍ സിന്പോസിയങ്ങൾ‍ സംഘടിപ്പിച്ച് നിർ‍വൃതിയടയുന്നു. തൊട്ടപ്പുറത്തവന്റെ വേദനയെ അറിയാതെ അകലെയുള്ള മുഖങ്ങളെ സ്നേഹിച്ച് കൊല്ലുന്നു. ആത്മാവ് നഷ്ടപ്പെട്ട ഈ യുവതയെ മാറ്റി മറിക്കാൻ‍ ഇനി ആര് വരുമെന്ന ആശങ്കയോടെ...

You might also like

Most Viewed