വീണ്ടും ഒരു അവധിക്കാലത്ത്...


പ്രദീപ് പുറവങ്കര

പ്രവാസികൾ‍ക്ക് ഇത് അവധിക്കാലം. അവധിയെന്നാൽ‍ സമാധാനത്തോടെ ആസ്വദിക്കേണ്ട ഒന്നാണ്. എന്നാൽ‍ ഇപ്പോൾ‍ ഇവിടെ നിന്ന് പോയവരിൽ‍ എത്ര പേർ‍ക്ക് ഈ സമാധാനം ഉണ്ടോയെന്നത് ചിന്തിക്കേണ്ട വിഷയമാണ്. പലരും പോയിരിക്കുന്നത് നാട്ടിൽ‍ എന്തെങ്കിലും സാധ്യതകൾ‍ ഉണ്ടോ എന്ന് അന്വേഷിക്കാൻ‍ വരെയാണ് എന്നാണ് മനസ്സിലാകുന്നത്. ഗൾ‍ഫിലെ മാറുന്ന തൊഴിൽ‍ സാധ്യതകളും, തുടരുന്ന സാന്പത്തിക പ്രതിസന്ധികളുമാണ് ആളുകളെ ഇത്തരത്തിൽ‍ ചിന്തിക്കാൻ‍ പ്രേരിപ്പിക്കുന്നത്. ഇനിയെത്ര കാലം എന്ന ചോദ്യം അതുകൊണ്ട് തന്നെപ്രസക്തമായി വരുന്നു. ഈ ചോദ്യം ഗൾ‍ഫ് ഉണ്ടായ കാലം മുതൽ‍ ചോദിക്കുന്നതല്ലെ എന്ന് പലരും ആശ്വസിപ്പിക്കാൻ‍ ചോദിക്കാറുണ്ടെങ്കിൽ‍ ഇപ്പോൾ‍ സംഗതി അൽ‍പ്പം ഗൗരവമാകുന്നു എന്നതാണ് സത്യം. 

അവധിക്കാലത്ത് നാട്ടിലെത്തുന്ന പല പ്രവാസികളും കോട്ടയം കുഞ്ഞച്ചൻ‍ എന്ന ചിത്രത്തിലെ കുഞ്ചൻ‍ അവതരിപ്പിച്ച കഥാപാത്രം പോലെയാണ് ജീവിക്കുക. ഒരു പുത്തൻ‍ പണക്കാരനായി സ്വയം അവതരിപ്പിക്കാനുള്ള ഈ ശ്രമത്തിൽ‍ നാട്ടുക്കാരുടെ മുന്പിൽ‍ അപഹാസ്യനാകുന്നത് മിക്കവരും അറിയാറില്ല. ഓരോ അവധിക്കാലമെത്തുന്പോഴും നാട്ടിലേയ്ക്ക് കൊണ്ടുപോകേണ്ട സാധനങ്ങളുടെ വലിയ ലിസ്റ്റ് തയ്യാറാക്കുന്നതിൽ‍ തുടങ്ങുന്നു ഈ ഒരു അവസ്ഥ. പലിശയ്ക്ക് പോലും പണമെടുത്ത് ഇങ്ങിനെ സാധനം വാങ്ങി നാട്ടിലെത്തുന്നവരുണ്ട്. അവധി തീരാറുകുന്പോഴേയ്ക്ക് വലിയൊരു കടക്കാരനായി വീണ്ടും തിരികെ യാത്ര. ഈ രീതികൾ‍ക്ക് മാറ്റം വരേണ്ട കാലമാണിത്. ചില ഐഡിയകൾ‍ മാത്രം ഇവിടെ പങ്കിടട്ടെ. 

വർ‍ഷങ്ങൾ‍ കൂടുന്പോൾ‍ കുറേ ദിവസത്തെ ഇടവേളയ്ക്ക് ശേഷം പോകുന്നതിനെക്കാൾ‍ നല്ലത് ഇനിയുള്ള കാലം വർ‍ഷത്തിൽ‍ ഒരിക്കലെങ്കിലും രണ്ടാഴ്ച്ചത്തേയ്ക്ക് നാട്ടിലെത്തുന്നതാണ്. അങ്ങിനെ പോകുന്പോൾ‍ ഏറ്റവും കുറഞ്ഞ ലഗേജ് മതിയാകും. സ്ഥിരം ഗൾ‍ഫുകാരന്റെ പെട്ടിയിലെ സാധനങ്ങളും കൊണ്ടു പോകുന്നത് കുറയ്ക്കാം. പ്രധാന കാരണം ഇതൊക്കെ നാട്ടിൽ‍ വളരെ സുലഭമായി ലഭിക്കുന്നു എന്നത് തന്നെയാണ്. എയർ‍പോർ‍ട്ടിൽ‍ സ്വീകരണത്തിന് എത്തുന്ന ജാഥയെയും ഒഴിവാക്കാം. പുറത്തിറങ്ങി അത്യാവശ്യം നന്നായി തന്നെ വിലപേശി ടാക്സി പിടിക്കുക. അല്ലെങ്കിൽ‍ ബസോ, ട്രെയിനോ ഉപയോഗിക്കുക. ഗൾ‍ഫുകാരാനാണെന്ന് തോന്നിക്കാത്ത തരത്തിൽ‍ പെരുമാറി വീട്ടിലെത്തുക. വീട്ടിലെത്തിയാൽ‍ പലവിധ ചിലവുകൾ‍ വീട്ടുകാർ‍ നിരത്തിവെക്കും. നമ്മുടെ സർ‍ക്കാർ‍ പറഞ്ഞുകൊണ്ടിരിക്കുന്ന രീതിയിൽ‍ എല്ലാം ശരിയാകും എന്ന് പറഞ്ഞ് ദീർ‍ഘനിശ്വാസം വിട്ടാൽ‍ ആ പ്രശ്നങ്ങൾ‍ക്ക് താത്കാലിക സമാധാനം ലഭിക്കും. നാട്ടിലെത്തിയിട്ടുണ്ട് എന്നത് വളരെ കുറച്ച് പേരെ മാത്രം അറിയിച്ചാൽ‍ അത്രയും ആശ്വാസം ലഭിക്കും. വന്ന വിവരത്തിന് ഫോട്ടെയെടുത്ത് ഫേസ് ബുക്കിലിടുന്ന ചടങ്ങ് അവധി കഴിഞ്ഞിട്ടാകാം എന്ന് വെയ്ക്കുക. അല്ലെങ്കിൽ‍ ധനനഷ്ടം ഉറപ്പ്. ഇങ്ങിനെയൊക്കെ അവധി ചിലവഴിക്കാൻ‍ പറ്റുമെങ്കിൽ‍ എല്ലാം നിർ‍ത്തി മടങ്ങുന്പോൾ‍ ജീവിച്ച് മുന്പോട്ട് പോകാൻ‍ അൽ‍പ്പമെങ്കിലും പണം എൻ‍ ആർ ഐ അക്കൗണ്ടിൽ‍ കിടക്കും. അല്ലാതെ തിരികെ വന്നാൽ‍ വീട്ടുകാരും, നാട്ടുകാരും ചേർ‍ന്ന് ഹൃദയം തകർ‍ക്കുന്ന ആ ചോദ്യം ചോദിക്കും.. ഇത്രയും കാലം അവിടെ പോയി നിന്നിട്ട് എന്താ ചെയ്തതെന്ന്...

You might also like

Most Viewed