നമുക്ക് തേച്ച് തേച്ച് പോകാം...
പ്രദീപ് പുറവങ്കര
ഓരോ കാലത്തും നമ്മുടെ ഭാഷയിൽ പുതിയ വാക്കുകൾ ഉണ്ടാകാറുണ്ട്. അടിപൊളിയും, ചെത്തുമൊക്കെ അങ്ങിനെ വന്ന വാക്കുകളാണ്. അടുത്ത കാലത്ത് നമ്മുടെ ഇടയിൽ അങ്ങിനെ പ്രചുരപ്രചാരം ലഭിച്ച വാക്കാണ് തേപ്പ് എന്നത്. ഇന്നത്തെ കാലത്തെ പ്രണയത്തെ കുറച്ച് വാചാലമാകുന്പോൾ യുവാക്കൾക്കിടയിൽ ഒരിക്കലും ഒഴിവാക്കാനാകാത്ത കാര്യമാണ് തേപ്പ് എന്ന ഈ വാക്ക്. പ്രണയിച്ച് മടുക്കുന്പോൾ എട്ടിന്റെ പണികൊടുക്കുന്നത് പതിയെ ഒഴിവായി പോകുന്ന സാഹചര്യത്തെയാണ് തുടക്കത്തിൽ തേപ്പ് എന്ന പദം കൊണ്ട് ഉദ്ദേശിച്ച് വന്നത്. കഴിഞ്ഞ ദിവസം ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹ ശേഷം വരനെ ഉപേക്ഷിച്ച് കാമുകനൊപ്പം വധു പോയ സംഭവത്തെ സോഷ്യൽ മീഡിയ ഇത്തരമൊരു തേപ്പ് മഹോത്സവമാക്കി കൊണ്ടാടിവരികയാണ്. അതേസമയം ഒരു തേപ്പ് പെട്ടി തലയിൽ നിന്ന് ഒഴിവായതിന്റെ ആഘോഷം എന്ന് പറഞ്ഞ് വരനും കൂട്ടുക്കാരും കേക്ക് മുറിക്കുന്ന ചിത്രങ്ങളും സജീവമായി എത്തിതുടങ്ങിയിട്ടുണ്ട്.
വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് ശേഷം തന്റെ കാമുകന്‍ വന്നിട്ടുണ്ടെന്നും അയാളുടെ കൂടെ പോകാനാണ് തീരുമാനമെന്നും വധു അറിയച്ചതോടെയാണ് ട്വിസ്റ്റുകൾ ആരംഭിച്ചത്. തുടർന്ന് അടിപിടിയും ബഹളവും അരങ്ങേറി. ഒടുവിൽ വിവാഹ സാരിയും ചെരുപ്പും അടുത്തിടെ വധുവിന് വരൻ വാങ്ങിക്കൊടുത്ത വിലകൂടിയ മൊബൈൽ ഫോണും, താലിമാലയും മറ്റ് സ്വർണാഭരണങ്ങളും വധുവിന്റെ കൈയിൽ നിന്ന് ഊരിവാങ്ങി. പോലീസെത്തി വധൂവരന്മാരെയും അവരുടെ ബന്ധുക്കളെയും പ്രത്യേകം വിളിച്ച് ചർച്ച നടത്തിയെങ്കിലും തങ്ങളെ ചതിച്ചവരോട് ഇനി ഒരു ബന്ധം വേണ്ടെന്ന നിലപാടിൽ വരന്റെ ബന്ധുക്കൾ ഉറച്ചുനിന്നു. അങ്ങിനെ നഷ്ടപരിഹാരമായി എട്ട് ലക്ഷം രൂപ തരാമെന്ന ഉറപ്പിൽ പ്രശ്നം തീർന്നു. ഒരു തേപ്പ് കഥയും അതോടെ സമാപിച്ചു.
വൈകാരികമായ ഒരു ലോകത്തിൽ നിന്ന് വളരെ പ്രാക്ടിക്കലായി ചിന്തിക്കുന്ന ഒരു സമൂഹമായി മലയാളികൾ മാറുന്ന കാലമാണിത് എന്ന് സൂചിപ്പിക്കുന്നു ഇത്തരം സംഭവങ്ങൾ. മുന്പായിരുന്നെങ്കിൽ തേപ്പ് കിട്ടിയ ചെറുപ്പകാരൻ ആത്മഹത്യയടക്കമുള്ള കാര്യങ്ങളിലേയ്ക്ക് മനസ് തിരിച്ചേനെ. എന്നാൽ കാലം മാറി തുടങ്ങിയിരിക്കുന്നു. വരുന്നതിനെ വരുന്നിടത്ത് വെച്ച് കാണാനും, ജീവിതത്തിന്റെ ഗതിവേഗങ്ങളെ അതേ വേഗതയിൽ ആസ്വദിക്കാനും ധൈര്യം കാണിക്കുന്ന തലമുറ ഇവിടെയുണ്ടായി വരുന്നു എന്നത് ശ്രദ്ധേയമാണ്. അതുകൊണ്ടാണ് പുഞ്ചിരിച്ച് കൊണ്ട് തേച്ചില്ലെ പെണ്ണേ എന്നൊക്കെ പാടാൻ സാധിക്കുന്നത്. ഇനി ആ ചെറുപ്പക്കാരന് പറ്റുമെങ്കിൽ ചെയ്യാവുന്ന ഒരു കാര്യം കിട്ടുന്ന നഷ്ടപരിഹാരം കൊണ്ട് എട്ട് നിർദ്ധനരുടെ വിവാഹം കഴിപ്പിച്ച് കൊടുക്കലാണ്. അങ്ങിനെയാണെങ്കിൽ അതായിരിക്കും അദ്ദേഹം നടത്തുന്ന ഏറ്റവും വലിയ തേപ്പ് !!