നീ­ അറി­ഞ്ഞോ­... മേ­ലേ­ മാനത്ത്...


 

പ്രദീപ് പുറവങ്കര

ഇന്ന് രാവിലെ മുതൽ‍ കേരളത്തിലെ വലിയൊരു വിഭാഗം ജനത ആഹ്ലാദത്തിലാണ്. കുറേക്കാലമായി മ്ലാനമായിരുന്ന കുറേ മുഖങ്ങൾ‍ നൂറ്റപ്പത്തിന്റെ ബൾ‍ബ് കത്തുന്നത് പോലെ പൊട്ടിചിരിക്കുന്നു. സർ‍ക്കാറിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി തുറക്കപ്പെടുന്ന 77 ബാറുകൾ‍ തന്നെയാണ് ഈ സന്തോഷത്തിന്റെ കാരണം. 2112 കള്ളുഷാപ്പുകൾ‍ക്കും ലൈസൻ‍സ് പുതുക്കി നൽ‍കിയിട്ടുണ്ടെന്ന് മനസിലാക്കുന്നു. രാവിലെ 11 മണി മുതൽ‍ രാത്രി 11 മണി വരെ പ്രവർ‍ത്തിക്കുന്ന ബാറുകളുടെ എണ്ണത്തിൽ‍ ഇനി വരുന്ന ദിവസങ്ങളിൽ‍ വർ‍ദ്ധനവുണ്ടാകാമെന്നും പ്രതീക്ഷിക്കാം. 2014 മാർ‍ച്ച് 31ന് അടച്ചു പൂട്ടിയ ബാറുകളാണ് ശാപമോക്ഷം കിട്ടി തുറക്കപ്പെടുന്നത്. ഇത്തവണ 21 വയസിന് പരം 23 ആക്കിയിട്ടുണ്ട് മദ്യപിക്കാനുള്ള കുറഞ്ഞ പ്രായം. മദ്യശാലകൾ‍ തുറക്കുന്നതിന്റെ ഭാഗമായി ചിലയിടങ്ങളില്ലെങ്കിലും പ്രവേശനോത്സവം വരെ സംഘടിപ്പിച്ചിട്ടുണ്ടെന്ന് വാർ‍ത്തകൾ‍ സൂചിപ്പിക്കുന്നു. 

മദ്യം വിഷമാണെന്ന് ഉദ്ബോധിപ്പിച്ച നാട്ടിൽ‍ മൂന്ന് വർ‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മദ്യശാലകൾ‍ സജീവമാകുന്പോൾ‍ ജനജീവിതത്തിലും തീർ‍ച്ചയായും ചില മാറ്റങ്ങൾ‍ ഉണ്ടാകുമെന്ന് തന്നെയാണ് മനസിലാക്കേണ്ടത്. നേരത്തേ ബാറുകൾ‍ നിരോധിച്ചത് കാരണം നമ്മുടെ നാട്ടിൽ‍ മദ്യാസക്തി കുറയുകയോ, മദ്യത്തിന്റെ ഉപയോഗം കുറയുകയോ ഉണ്ടായിട്ടില്ല എന്നത് കണക്കുകൾ‍ വളരെ വ്യക്തമായി സൂചിപ്പിക്കുന്നു. വഴിവക്കിൽ‍ നേരം പുലരും മുന്പെ വന്ന് ആദ്യം തലയിൽ‍ തോർ‍ത്തിട്ടും, പിന്നെ കുടിച്ചതിന് ശേഷം അരയിൽ‍ മുണ്ട് പോലുമില്ലാതെയും ബീവറേജസ് കടകളുടെ മുന്പിൽ‍ ഒത്തു കൂടിയ മദ്യപരായിരുന്നു ആ മദ്യനയത്തിന്റെ പ്രധാനപ്പെട്ട കാഴ്ച്ചകൾ‍. ഇതോടൊപ്പം കൊച്ചിയുൾ‍പ്പടയുള്ള മഹാനഗരങ്ങളിൽ‍ മയക്കുമരുന്നിന്റെ വ്യാപാരം വളരെ തകൃതിയായി നടന്ന മൂന്ന് വർ‍ഷമാണ് കടന്നുപോയത്. ലഹരി ലഭിക്കാൻ‍ മദ്യമില്ലെങ്കിൽ‍ പിന്നെ അതിലും വിഷമേറിയത് എന്ന രീതിയിലാണ് പ്രായഭേദമന്യേ ആളുകൾ‍ മയക്ക് മരുന്നിന് പുറകേ പോയത്. 

മദ്യ നിരോധനം എന്നത് കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് കൊണ്ടുവരാൻ‍ അടുത്ത കാലത്തൊന്നും പറ്റുമെന്ന് പ്രായോഗികമായി തോന്നുന്നില്ല. മീശ പിരിച്ച് നായകൻ‍ വൈകീട്ടെന്താ പരിപാടി എന്ന് ഒരു കള്ളചിരിയോടെ ചോദിക്കുന്പോൾ‍ ഓരോ മലയാളിയുടെ മുന്പിൽ‍ തെളിഞ്ഞു വരുന്നത് ആകർ‍ഷകമായ മദ്യകുപ്പികളുടെ ചിത്രം തന്നെയാണ്. ഈ ഒരു അവസ്ഥ തുടരുന്ന കാലത്തോളം മലയാളി മദ്യപിക്കുകയും ചെയ്യും. പക്ഷെ എങ്ങിനെ മദ്യപിക്കണമെന്ന് അറിയാത്തവരാണ് വലിയൊരു വിഭാഗം പേരുമെന്നതാണ് മലയാളിയുടെ മദ്യപാനത്തെ വ്യത്യസ്തമാക്കുന്നത്. അടിച്ച് പൂസാകുക എന്നതാണ് പ്രധാന ലക്ഷ്യം. അത് സ്വന്തം വീട്ടിലായാലും, ആകാശത്ത് പറക്കുന്ന വിമാനത്തിലായാലും ആ  ഒരു ലക്ഷ്യം മാത്രം മാറുന്നില്ല. എന്തായാലും വരും കാലങ്ങളിൽ‍ നല്ല മദ്യം അളവ് കുറഞ്ഞ് കുടിക്കാനെങ്കിലുമുള്ള തോന്നൽ‍ ഈ പൂസാകുന്ന മാന്യമാർ‍ക്ക് ഉണ്ടാകട്ടെ എന്നാഗ്രിച്ച് കൊണ്ട്..

You might also like

Most Viewed