ഇരുട്ടത്ത് ഓൺലൈനാകുന്പോൾ...
കഴിഞ്ഞ ദിവസം ലോക സോഷ്യൽ മീഡിയ ദിനമാണെന്ന് ഓർമ്മിപ്പിച്ചത് ബഹ്റൈൻ ന്യൂസ് ഏജൻസി നൽകിയ ഒരു ഫോട്ടോയാണ്. ബഹ്റൈൻ വിദേശകാര്യമന്ത്രി ഇതുമായി ബന്ധപ്പെട്ട ഒരു ചടങ്ങിൽ ചിരിച്ചു കൊണ്ട് സെൽഫിക്കായി പോസ് ചെയ്യുന്ന ചിത്രമായിരുന്നു അത്. സോഷ്യൽ മീഡിയ എന്ന വലിയൊരു ലോകം സജീവമായതോടെ മനം തുറന്ന് ചിരിക്കുന്നവരുടെ ലോകവും ഏറെ വലുതായെന്ന് ഈ ചിത്രം ഓർമ്മിപ്പിക്കുന്നു. പക്ഷെ അതേ സമയം ചിരിക്കുന്നവരിൽ പലരും പലപ്പോഴും ആ ഒരു നിമിഷത്തിൽ മാത്രം ചിരി ഒതുക്കുന്നവരുമായി മാറുന്നു എന്നതും ഇന്നിന്റെ വേദനിപ്പിക്കുന്ന യാത്ഥാർത്ഥ്യമാണ്.
നമ്മൾ ഇന്ത്യക്കാർ സോഷ്യൽ മീഡിയകളിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന ഇടം ഫേസ്ബുക്ക് അല്ലെങ്കിൽ വാട്സാപ്പ് ആണ്. അവിടെ എപ്പോഴും മഴക്കാലമാണ്. പക്ഷെ ഇന്ന് അവിടെ പെയ്തു തോരുന്നത് വിഷമഴയാണെന്ന് മാത്രം. അതിൽ ഒലിച്ചു പോകുന്നത് വലിയ സൗഹാർദ്‍ദങ്ങളും, സ്നേഹവും ഒക്കെയാണ്. മദം പൊട്ടി ആരെയും കുത്താനൊരുങ്ങുന്ന ആനകൾ ഉത്സവപ്പറന്പുകളിലെ ഭയപ്പെടുത്തുന്ന കാഴ്ച്ചകളായിരുന്നു. എന്നാൽ ഇന്ന് നമ്മെ ഭയപ്പെടുന്നത് ‘മതം’ പൊട്ടുന്ന മനുഷ്യരാണ്. അവരിൽ നിറയുന്നത് സ്വാർത്ഥതയുടെ ഉത്സവം മാത്രം. എന്നെ പോലെയൊരാൾ എന്ന് മറ്റൊരാളെ പറ്റി പറയുന്പോൾ എന്നെ പോലെയല്ലാത്തവനായി മറ്റൊരാൾ എന്ന വികലമാർന്ന ചിന്ത അതിന്റെ മറുവശത്ത് പടരുന്നു. അവിടെ നിന്നാണ് മറ്റുള്ളവൻ എന്റെ ശത്രുവാണെന്ന് മനസ്സ് അറിയാതെ പറഞ്ഞുതുടങ്ങുന്നത്. ആ സ്വാർത്ഥതയ്ക്കൊപ്പം വിദ്വേഷവും വളരുന്പോൾ അവിടെ അക്രമങ്ങളും ഉണ്ടാകുന്നു.
തൊട്ടയൽപ്പക്കത്ത് വേലിപടർപ്പുകളിലൂടെ അന്യോന്യം സൊറ പറഞ്ഞ് പരസ്പരം ആഹാരം പങ്കിട്ട് കഴിഞ്ഞ സമൂഹം വലിയ മതിൽക്കെട്ടുകൾ കെട്ടി തനിയെ ഇരുന്ന് പെരുന്നാളും, ഓണവും, ക്രിസ്തുമസ്സും ആഘോഷിക്കുന്പോൾ, ഉച്ചത്തിൽ ഒന്ന് നിലവിളിക്കാൻ പോലും ഭയന്നുപോകുന്ന, സ്വയം വായ മൂടിക്കെട്ടി ഉൾവലിഞ്ഞ് നിരാശയുടെ കന്പിളിപ്പുതപ്പുകൾ മുഖത്തേക്കടക്കം വലിച്ചിട്ട് പങ്കിടാനുള്ളതൊക്കെ ഫേസ്ബുക്കിൽ പങ്കിട്ടോളാം എന്ന് പറഞ്ഞ് ഇരുട്ടിൽ ഓൺലൈനിലാകുന്നവരുടെ എണ്ണം പെരുകുന്പോൾ പ്രശസ്തനായ അമേരിക്കൻ സാമൂഹിക വിമർശകൻ ജോർജ്ജ് കാർലിന്റെ വരികൾ ഓർക്കട്ടെ.. "എങ്ങിനെയൊക്കെ ജീവിക്കാം എന്ന് മനസ്സിലാക്കിയിട്ടുണ്ടെങ്കിലും ജീവിതം എന്താണെന്ന് നമ്മൾ മനസ്സിലാക്കുന്നില്ല. നമ്മുടെ ജീവിതത്തിനൊപ്പം വർഷങ്ങളെ ചേർത്തുവെക്കാറുണ്ടെങ്കിലും, ആ വർഷങ്ങളിൽ എത്ര കാലം ശരിയായ അർത്ഥത്തിൽ ജീവിച്ചുവെന്നും ചിന്തിക്കാറില്ല."