അമ്മയുടെ ചിറ്റമ്മ നയം
ഒരു പേരിൽ എന്തിരിക്കുന്നു എന്ന ചോദ്യം പഴയതാണ്. വളർന്നു വരുന്പോൾ പേരിന് നേരെ എതിർസ്വഭാവം പ്രകടിപ്പിക്കുന്നവരും നമ്മുടെ ഇടയിൽ ധാരാളം. പക്ഷെ ഒരു കൂട്ടായ്മയ്ക്ക് പേര് ഇടുന്പോൾ കുറെയൊക്കെ ആ പേരിനെ അന്വർത്ഥമാക്കുന്ന പ്രവർത്തനങ്ങൾ ആണ് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്. 'അമ്മ' എന്ന് പേരിട്ടിരിക്കുന്ന സംഘടനയിൽ നിന്ന് പക്ഷെ അത്തരമൊരു നീക്കമല്ല കഴിഞ്ഞ ദിവസം ഉണ്ടായതെന്ന് പറയാതിരിക്കാൻ സാധിക്കില്ല. അമ്മ മനസ്സിന് പകരം ആ വേദിയിൽ കണ്ടത് തികഞ്ഞ പുരുഷ മേധാവിത്വവും സ്ത്രീ വിരുദ്ധതയുമാണ്. ഒരു വലിയ കുറ്റകൃത്യം നമ്മുടെ നാട്ടിൽ അരങ്ങേറിയപ്പോൾ പ്രമുഖ നടി അതിന്റെ ഇരയാകുകയും നടൻ സംശയത്തിന്റെ നിഴലിൽ പെടുകയും ചെയ്യുന്പോൾ ഇവരെ പ്രധിനിധികരിക്കുന്ന വലിയ സംഘടന എന്ന നിലയിൽ അമ്മയ്‌ക്ക് വലിയ ഉത്തരവാദിത്വം ഉണ്ട്. എന്നാൽ ഇരയും കുറ്റാരോപിതനും, രണ്ട് പേരും അമ്മയുടെ മക്കളാണെന്ന് ഊന്നിയൂന്നി പറയാൻ ശ്രമിക്കുന്പോൾ ഒക്കെയും ഇവർ രണ്ട് പേരെയും രണ്ട് തട്ടിൽ കാണുന്ന അമ്മയാണ് ഈ സംഘടന എന്ന് പറയാതെ പറയുന്നത് പോലെ തോന്നി.
സമൂഹം ഏറെ ആദരവോടെയും സ്നേഹത്തോടെയും നോക്കി കാണുന്നവരാണ് തങ്ങൾ എന്ന ബോധം പോലും ജനപ്രതിനിധികൾ കൂടിയായ ഗണേഷ് കുമാറിനോ മുകേഷിനോ ഉണ്ടായില്ല എന്നത് ഖേദകരമാണ്. മാധ്യമങ്ങൾ പലപ്പോഴും പ്രകോപിതരാക്കാൻ വേണ്ടിയും സെൻസേഷന് വേണ്ടിയും ചോദ്യങ്ങൾ ചോദിച്ചേക്കാം എന്ന തിരിച്ചറിവ് പോലും ഇവർക്കുണ്ടായില്ല. അമ്മയുടെ പ്രസിഡണ്ട് ഇന്നസെന്റിന്റെ അവസ്ഥയും ദയനീയമായിരുന്നു. മെഗാ താരങ്ങൾ വാ തുറക്കാതെ മസിൽ പിടിച്ചും മീശ പിരിച്ചും ഇരുന്നതും അപഹാസ്യമായ കാഴ്ചയായി പോയി. നമ്മുടെ നാട്ടിൽ ഓരോ നിമിഷവും സ്ത്രീകൾക്കെതിരെയും കുട്ടികൾക്കെതിരെയും പീഡനങ്ങളും പീഡന ശ്രമങ്ങളും നടന്നു കൊണ്ടിരിക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. അത് കേവലം ഒരു നടിയുടെ നേരെ മാത്രമല്ല ഉണ്ടാകുന്നത്. ഇത്തരം വാർത്തകൾ പുറത്തു വരുന്പോൾ പൊതുസമൂഹം വളരെ വേദനയോടെയാണ് അതിനോട് പൊതുവെ പ്രതികരിക്കുന്നത്. ആ ബോധം പോലും താര സിംഹാസനങ്ങളിൽ ഇരിക്കുന്നവർക്ക് ഇല്ലാതെ പോയത് സങ്കടകരമാണ്.
കുറ്റം തെളിയാത്ത കാലത്തോളം നടനെ കുറ്റക്കാരനായി ചിത്രീകരിക്കണം എന്ന് ആരും ആവശ്യപ്പെടുന്നില്ല. എന്നാൽ ഇത്രയും പ്രമാദമായ ഒരു കേസിൽ വ്യക്തത ഉണ്ടാകാതിരുന്നാൽ എറണാകുളം പോലെ ഒരു മഹാനഗരത്തിൽ പ്രശസ്തയായ ഒരു സ്ത്രീക്ക് പോലും നീതി കിട്ടില്ല എന്ന സന്ദേശമാണ് നൽകുന്നത്. 'അമ്മ' പോലെയുള്ള സംഘടനയിൽ തന്നെ രണ്ട് എം.എൽ.എയും ഒരു എം.പിയും ഉണ്ട്. അവർക്ക് സ്വാധീനമുള്ള ഭരണമാണ് നടക്കുന്നത്. എന്നിട്ടു പോലും ഒന്നും ചെയ്യാൻ സാധിക്കാതെ വരുന്പോൾ സംശയങ്ങൾ കൂടി വരുന്നതിൽ പരാതി പറഞ്ഞിട്ട് കാര്യമില്ല. തങ്ങളുടെ മകൾ ആണ് ഈ ഇരയെന്ന് ഇടയ്ക്കിടെ പറയുന്ന അമ്മയുടെ ആൺമക്കൾ ഏറ്റവുമധികം വേദന തിന്നുന്ന ആ മകളുടെ പേരിൽ ആരെങ്കിലും എന്തെങ്കിലും ഉന്നയിച്ചാൽ മാത്രമേ ചർച്ചയ്ക്ക് എടുക്കേണ്ട കാര്യമുള്ളൂ എന്ന് പ്രസ്താവിക്കുന്നത് വെറും ചിറ്റമ്മ നയമാണ് എന്ന് പറയാതിരിക്കാൻ വയ്യ...