പശു ഒരു ഭീകര ജീവിയാകുന്പോൾ...
പ്രദീപ് പുറവങ്കര
പശു നമുക്ക് പാൽ തരും. അത് കുടിച്ചാൽ മോൻ അച്ഛനെ പോലെ വലുതാകും. പാഠപുസ്തകത്തിലൂടെ ചൊല്ലി പഠിച്ച ഈ വാചകം പശുവിനെ നമ്മുടെ പ്രിയപ്പെട്ട മൃഗമാക്കി മാറ്റുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. വെള്ളേമെ പുള്ളിയുള്ള പൂവാലി പശുക്കൾ ഇത്തരം പല കാരണങ്ങൾ കൊണ്ട് തന്നെ പല കുടുംബങ്ങളിലെയും ഒരംഗം പോലെ ആയി മാറുകയും ചെയ്തു. പശുവിന് വയസ്സായാൽ അതിനെ അറക്കുവാൻ കൊണ്ടുപോകുന്ന രംഗങ്ങൾ സിനിമകളിലും ജീവിതത്തിലും വരുന്പോൾ അത് നെടുവീർപ്പോടെ കണ്ടവരും നമ്മിൽ ഏറെയാണ്. പക്ഷെ ഈ കാലത്തൊന്നും പശുവിനെ ഒരിക്കലും ഒരു ഭീകരജീവിയായി നമ്മൾ കണ്ടിരുന്നില്ല. പക്ഷെ പതിയെ പതിയെ പശു ഒരു ഭീകരജീവിയാകുന്ന ഒരവസ്ഥ നമ്മുടെ രാജ്യത്ത് വന്നുകൊണ്ടിരിക്കുന്നു എന്ന് പറയേണ്ടിയിരിക്കുന്നു.
ഗോ ആരാധന എന്നത് നമ്മുടെ നാട്ടിലെ ഹൈന്ദവവിശ്വാസികളിൽ വലിയൊരു ശതമാനം പേർ നടത്തുന്ന പ്രക്രിയയാണ്. അത് ഇന്നോ ഇന്നലെയൊ തുടങ്ങിയതല്ല. പശുവിനെ മാത്രമല്ല, തൂണിലും, തുരുന്പിലും, എന്തിലും, ഏതിലും, അവനവനിലും, മറ്റുള്ളവനിലും ഒരു പോലെ ഈശ്വരനെ ദർശിക്കുന്ന വലിയൊരു ദാർശനികതയാണ് ഹൈന്ദവ ധർമ്മം മുന്പോട്ട് വെയ്ക്കുന്നത്. പക്ഷെ അത്തരമൊരു ദാർശനികത മുന്പോട്ട് വെയ്ക്കുന്പോൾ തന്നെ മറ്റ് വിശ്വാസങ്ങളെ ഏറെ സഹിഷ്ണുതയോടെ കാണുവാനും, അവരുടെ വിശ്വാസങ്ങൾക്ക് അനുസരിച്ച് ജീവിക്കേണ്ട സ്വാതന്ത്ര്യം നൽകുവാനും ശ്രദ്ധിക്കുന്നവരാണ് ഹൈന്ദവവിശ്വാസികളിൽ ഭൂരിഭാഗവും. അതുകൊണ്ടാണ് മഹാഭൂരിഭാഗം ഹൈന്ദവർക്കും മറ്റ് മതസമൂഹങ്ങളുടെ ആചാരങ്ങളിൽ യാതൊരു സങ്കുചിതത്വവും കൂടാതെ പങ്കെടുക്കാൻ സാധിക്കുന്നത്.
അത്തരം ആളുകളെ പോലും നാണം കെടുത്തുന്ന തരത്തിലാണ് ഗോ സംരക്ഷണത്തിന്റെ പേരിലും മറ്റ് വർഗീയകാരണങ്ങളാലും വിവിധ സംഭവങ്ങൾ നമ്മുടെ നാട്ടിൽ അരങ്ങേറുന്നത്. അതിൽ കഴിഞ്ഞയാഴ്ച്ച പെരുന്നാളിനോടനുബന്ധിച്ച് ഡൽഹിയിൽ നിന്ന് ഷോപ്പിംഗ് നടത്തി ഹരിയാനയിലെ ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്ന 15കാരനായ ജുനൈദിനേയും സഹോദരങ്ങളേയും സുഹൃത്തുക്കളേയും അക്രമിച്ചതും, തുടർന്ന് ജുനൈദിന് ജീവൻ നഷ്ടമായതും നമ്മളൊക്കെ അറിഞ്ഞ വേദനിപ്പിക്കുന്ന സംഭവമാണ്. അക്രമികൾ ഇരകളുടെ മതത്തെ നിന്ദിക്കുകയും ഗോമാംസാഹാരികൾ എന്ന് പരിഹസിച്ചുമാണ് ആക്രമണം നടത്തിയതെന്ന് വാർത്തകൾ സൂചിപ്പിക്കുന്നു. ഇതോടൊപ്പം ജമ്മു കശ്മീർ തലസ്ഥാനമായ ശ്രീനഗറിൽ ജാമി യ മസ്ജിദിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മുഹമ്മദ് അയുബ് പണ്ധിതിനെ ജനക്കൂട്ടം തല്ലിക്കൊന്നതും കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ്. പശ്ചിമബംഗാളിലെ ഉത്തരദിനാജ്പൂരിൽ പശുമോഷണത്തിന്റെ പേരിൽ വ്യാഴാഴ്ച ജനക്കൂട്ടം മൂന്ന് മുസ്ലിം യുവാക്കളെ തല്ലിക്കൊന്ന വാർത്തയും നമ്മൾ വായിച്ചു. ഇത്തരം സംഭവങ്ങൾ ന്യൂനപക്ഷ സമൂഹത്തിൽ മാത്രമല്ല, വലിയൊരു വിഭാഗം ഹൈന്ദവ വിശ്വസികളിലും ആശങ്കയുണ്ടാക്കുന്നുണ്ട് എന്നതാണ് യാത്ഥാർത്ഥ്യം. നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യയുടെ അസ്തിത്വത്തിനെ ഇല്ലാതാക്കുന്ന സംഭവങ്ങളാണ് ഇതൊക്കെ.
രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ അരങ്ങേറുന്ന ഇത്തരം അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും ഉത്തരവാദിത്തം ക്രമസമാധാനപാലനത്തിന്റെ ചുമതല വഹിക്കുന്ന സംസ്ഥാനങ്ങളുടെ തലയിൽ കെട്ടിവെച്ച് കൈകഴുകാനാണ് പലപ്പോഴും കേന്ദ ഭരണകൂടം ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ മഹാത്മാഗാന്ധിയുടെ സ്മരണകൾ ഇരന്പുന്ന സമബർമതിയിൽ വെച്ച് ഗോ ആരാധനയുടെ പേരിൽ രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങൾ അംഗീകരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറയുന്നുണ്ടെങ്കിലും അതിലെ ആത്മാർത്ഥതയെ സംശയിക്കാതിരിക്കാൻ പറ്റുന്നില്ലെന്ന ചിന്തയോടൊപ്പം, ഇനിയും ഇത്തരം അക്രമങ്ങൾ ഉണ്ടാകരുതെന്ന് പ്രാർത്ഥിക്കട്ടെ.