രാഷ്ട്രപതി തിരഞ്ഞെടുപ്പ് അടുക്കുന്പോൾ...


പ്രദീപ് പുറവങ്കര

രാജ്യം മറ്റൊരു രാഷ്ട്രപതി തെര‍ഞ്ഞെടുപ്പിലേയ്ക്ക് നടന്നടുക്കയാണല്ലോ. അത്ഭുതങ്ങളൊന്നും തന്നെ സംഭവിച്ചില്ലെങ്കില്‍ എന്‍ ഡി എയുടെ സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദ് തന്നെ പ്രണബ് മുഖര്‍ജിയുടെ പിന്‍ഗാമിയാകുമെന്നത് ഉറപ്പാണ്. ഓരോ രാഷ്ട്രീയ കക്ഷികളുടെ അവരുടെ ഭരണകാലത്ത് കാണിക്കുന്ന പ്രമാദിത്വത്തിന്റെ തെളിവുകളാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനാരോഹണങ്ങള്‍. മുന്പും അതങ്ങിനെ തന്നെയായിരുന്നു. എന്നാല്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ദളിതര്‍ തമ്മിലുള്ള തെരഞ്ഞെടുപ്പായി ചിത്രീകരിക്കാനുള്ള ഒരു തത്രപ്പാട് ഭരണപക്ഷവും, പ്രതിപക്ഷവും ഒരു പോലെ കാണിക്കുന്നത് ആശാസ്യമായി തോന്നുന്നില്ല. മുന്പും നമ്മുടെ നാട്ടില്‍ ദളിതനായ ആള്‍ രാഷ്ട്രപതിയായിട്ടുണ്ട്. മലയാളിയായ കെ ആര്‍ നാരായണന്‍ എന്ന ആ രാഷ്ട്രപതിയെ രാജ്യത്തിലെ മുഴുവന്‍ ജനങ്ങളും അംഗീകരിച്ചത് അദ്ദേഹം ദളിതനായത് കൊണ്ട് മാത്രമല്ല, മറിച്ച് അദ്ദേഹത്തിന്രെ അനുഭവങ്ങളും, യോഗ്യതകളും ചോദ്യം ചെയ്യപ്പെടാന്‍ പറ്റാത്തതവ ആയത് കൊണ്ടുമാണ്. 

ഇത്തരമൊരു ചിന്തയുണ്ടാകാനുള്ള ഒരു കാരണം രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മീരാകുമാറിന്റെ വാക്കുകള്‍ ആണ്.  ഉന്നത ജാതീയരായ നേതാക്കൾ രാഷ്ട്രപതി സ്ഥാനത്തേക്ക്‌ മത്സരിക്കുന്നത്‌ പതിവാണെങ്കിലും അപ്പോഴൊന്നും അവരുടെ ജാതിയെപ്പറ്റി യാതൊരു ചർച്ചയും നടന്നിട്ടില്ല എന്ന് ചൂണ്ടികാട്ടിയാണ് അവര്‍ ഈ വിഷയം ശ്രദ്ധയില്‍ കൊണ്ടുവന്നിരിക്കുന്നത്. ഇത്തവണ രണ്ട്‌ ദളിതർ മത്സരത്തിലേർപ്പെട്ടിരിക്കുമ്പോൾ അവരുടെ ജാതിയെ ചൊല്ലി വലിയ കോലാഹലമാണ്‌ ഉയരുന്നത് ആശങ്കപ്പെടുത്തുവെന്നും, ജാതിയെ ഭൂമിയുടെ ആഴങ്ങളിൽ കുഴിച്ചുമൂടി എക്കാലത്തേക്കും അത്‌ വിസ്മരിക്കപ്പെടണമെന്നാണ്‌ താന്‍ കരുതുന്നതെന്നും ഇലക്ടറൽ കോളജ്‌ അംഗങ്ങൾക്ക്‌ അയച്ച കത്തിൽ അവര്‍  പറയുന്നു. 

ഭാരതീയന്‍ എന്ന ഒരു ഭാവത്തോടെ, ലോകരാഷ്ട്രങ്ങള്‍ക്ക് മുന്പില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രപതിയെ ഒരു പ്രത്യേക വിഭാഗത്തിന്റെ പ്രതിനിധിയായി ചുരുക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്ന മീരാകുമാറിന്റെ ആശങ്ക ഏറെ പ്രസക്തമാണ്. ബാബു ജഗ്ജജീവന്‍ റാമിന്റെ മകളും, അതു പോലെ തന്നെ ലോകസഭയുടെ സ്പീക്കറായും കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയുമായ മീരാ കുമാര്‍ രാഷ്ട്രപതിയായില്ലെങ്കില്‍ പോലും അവര്‍ ഉന്നയിച്ച ഈ വിഷയം കൂടുതലായി ചര്‍ച്ച ചെയ്യപ്പെടുമെന്നതും ഉറപ്പ്. നാളിതുവരെ നടന്നിട്ടുള്ള രാഷ്ട്രപതി തെരഞ്ഞെടുപ്പുകളിൽ നിന്ന്‌ വിഭിന്നമായി തികച്ചും രാഷ്ട്രീയവും ആശയപരവുമായ ഒരു തെരഞ്ഞെടുപ്പു മത്സരത്തിനാണ്‌ രാജ്യം സാക്ഷ്യം വഹിക്കുന്നത്‌. അത്തരമൊരു മത്സരത്തിന്റെ അന്തിമഫലത്തേക്കാൾ ഉപരി തെരഞ്ഞടുപ്പുയർത്തുന്ന രാഷ്ട്രീയവും ആശയപരവുമായ പ്രശ്നങ്ങളാണ്‌ ഇവിടെ പ്രസക്തമാവുന്നതെന്ന ഓര്‍മ്മപ്പെടുത്തലോടെ...

You might also like

Most Viewed