വേണ്ടത് കണക്കെടുപ്പ്...
പ്രദീപ് പുറവങ്കര
കഴിഞ്ഞ ആഴ്ച്ച ഫാദർ ടോം ഉഴുന്നേലിന്റെ മോചനവുമായി ബന്ധപ്പെട്ട് നടന്ന ഒരു ചർച്ചാസദസിൽ പങ്കെടുക്കാൻ ഇടയായി. അവിടെ സംസാരിക്കാനുള്ള അവസരം ലഭിച്ചപ്പോൾ പ്രധാനമായും പറയാനുണ്ടായിരുന്ന ഒരു കാര്യം ഉഴുന്നേലിനെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നതിനോടൊപ്പം എത്രയും വേഗം നമ്മുടെ ഗവണ്മെന്റ് പ്രവാസികളായ ഇന്ത്യക്കാരെ പറ്റിയുള്ള ഒരു കണക്കെടുപ്പ് എടുക്കാൻ ശ്രമിക്കണമെന്നായിരുന്നു. പ്രത്യേകിച്ച് മധ്യേഷ്യയിൽ ഉരുണ്ടുകൂടി വരുന്ന കാർമേഘങ്ങളെ കണക്കിലെടുക്കുന്പോൾ ഇത്തരമൊരു കണക്കെടുപ്പിന്റെ പ്രസക്തി ഏറെയാണ്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗൾഫ് മേഖലകളിൽ തുടരുന്ന അസ്ഥിരതയും, സന്പാദ്യമുണ്ടാക്കാനുള്ള വഴികൾ അടഞ്ഞുവരുന്നതും ഇവിടെയുള്ള ലക്ഷകണക്കിന് പ്രവാസികളെ വേവലാതിപ്പെടുത്തന്നതും, ആശങ്കയിലാഴ്ത്തുന്നതുമായ കാര്യമാണ്. പെട്ടന്നൊരു ദിവസം എന്തെങ്കിലും അത്യാപത്ത് വന്നാൽ അതിനെ നേരിടാനുള്ള എന്ത് മാർഗ്ഗമാണ് നമ്മുടെ ഗവണ്മെന്റ് എടുത്തിരിക്കുന്നതെന്ന് ആർക്കുമറിയില്ല. നമ്മുടെ രാജ്യത്തിലേയ്ക്ക് ഏറ്റവുമധികം വിദേശനാണ്യം കൊണ്ടുവരുന്നത് ഈ മേഖലയിലെ പ്രവാസികളാണെന്നും ഓർക്കേണ്ട കാര്യമാണ്. നേരത്തേ തുർക്കിയിൽ പ്രശ്നമുണ്ടായപ്പോൾ വിദേശകാര്യമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അവിടെ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചത് ഏറെ പ്രശംസ പിടിച്ചു പറ്റിയ കാര്യമാണെങ്കിലും അതു പോലെയായിരിക്കില്ല ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ അവസ്ഥ. എണ്ണത്തിൽ ഏറെ കൂടുതലാണ് ഇവിടെയുള്ള പ്രവാസ ജനസംഖ്യ. ഒരു യുദ്ധത്തിന്റെ സാഹചര്യം പെട്ടന്നുണ്ടായില്ലെങ്കിൽ പോലും ശീതയുദ്ധത്തിന് സമാനമായ ഒരവസ്ഥ ഇവിടെയുള്ള പലരും പ്രവചിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അത്യാവശ്യമായി വേണ്ട പ്രധാനപ്പെട്ട കാര്യം ഓരോ രാജ്യത്തെയും എംബസിയുടെ നേതൃത്വത്തിൽ ഇവിടെ സജീവമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കൂട്ടായ്മകളുടെ സഹായത്തോടെ ഇന്ത്യക്കാർ ആയവരുടെ തലയെണ്ണൽ തന്നെയാണ്. അവരുടെ വിലാസങ്ങളും, ബന്ധപ്പെടേണ്ട നന്പറുകളും ശേഖരിച്ച് വെക്കേണ്ടതുണ്ട്. നമ്മുടെ നാട്ടിൽ ഓരോ വ്യക്തിയുടെയും വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ആധാർ ഉൾപ്പടെയുള്ള ബൃഹത്ത് പദ്ധതികളുമായി മുന്പോട്ട് പോകുന്ന കേന്ദ്ര സർക്കാരിന് ഇതൊരിക്കലും ഭഗീരഥ പ്രയത്നമാവില്ല. സൗദി അറേബ്യ പോലെയുള്ള ഇടങ്ങളിൽ മരുഭൂമികളിൽ ഒട്ടകങ്ങളെയും ആടിനെയും മേയ്ക്കുന്ന എത്രയോ ഇന്ത്യക്കാരുണ്ട്. ഇവരുടെ വിവരങ്ങളും ഇന്ത്യൻ ഗവണ്മെന്റ് കണ്ടെത്തേണ്ടതുണ്ട്.
പറഞ്ഞുവരുന്നത് നാളെ തന്നെ യുദ്ധമുണ്ടാകുമെന്നോ, വലിയ ഭീഷണി വരുമെന്നോ അല്ല മറിച്ച് അസുഖം വന്ന് ചികിത്സിക്കുന്നതിന് മുന്പ് അസുഖം വരാതെ നോക്കലാണെന്ന് പറയുന്നത് പോലെ മുൻകരുതലുകൾ എടുക്കുന്നത് ഏറെ നന്നായിരിക്കുമെന്ന് മാത്രം. കാര്യപ്രാപ്തിയുള്ള വിദേശകാര്യമന്ത്രിയാണ് നമുക്കുള്ളതെന്ന് മിക്കവരും പറയുന്നത് കൊണ്ട് തന്നെ ഇത്തരമൊരു നിർദ്ദേശം അവരുടെ മുന്പിൽ വെച്ചാൽ അത് നടക്കുമെന്ന് ഉറപ്പ്...