അരുത് ഈ മുറിച്ചുമാറ്റലുകൾ...
പ്രദീപ് പുറവങ്കര
പ്രകൃതിയെ സ്നേഹിക്കുന്നവന് ലോകത്ത് എന്തിനെയും സ്നേഹിക്കാൻ സാധിക്കുമെന്ന് പറയാറുണ്ട്. പരിസ്ഥിതിയെ പറ്റിയും, പ്രകൃതിയെ പറ്റിയും വർണ്ണിക്കുന്പോൾ വാക്കുകൾക്ക് യാതൊരു ക്ഷാമവുമില്ലാത്ത നാടാണ് നമ്മുടെ കേരളം. നമ്മുടെ രാഷ്ട്രീയക്കാർക്കും, സാംസ്കാരിക നായകർക്കും ഏറെ താത്പര്യമുള്ള വിഷയവും ഇതു തന്നെ. പക്ഷെ ഓരോ തവണയും നാട്ടിൽ നിന്ന് പ്രകൃതിദ്രോഹ വാർത്തകൾ കേൾക്കുന്പോൾ ഇതൊക്കെ കേവലമഭിനയമാണോ എന്നു തോന്നിപോകുന്നു.
അത്യുത്തര കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ കാഞ്ഞങ്ങാടിലൂടെ മുന്പ് യാത്ര ചെയ്തവർ ഇന്ന് അതിലൂടെ പോകുകയാണെങ്കിൽ കാണുന്ന ഒരു കാഴ്ച്ച വേദനിപ്പിക്കുന്നതാണ്. നഗര മദ്ധ്യത്തിൽ വിശാലമായ റോഡിന്റെ വശങ്ങളിൽ വളർന്നു പന്തലിച്ചു വർഷങ്ങളായി നിലനിന്നിരുന്ന, അവിടെയുള്ളവർക്ക് തണലേകിയ എല്ലാ മരങ്ങളും ഇന്ന് മുറിച്ച് മാറ്റപ്പെട്ടിരിക്കുന്നു. വികസനത്തിന് വേണ്ടിയാണത്രെ ഈ മുറിച്ച് മാറ്റൽ നടത്തിയത്. ഈ സംഭവം നടന്നിട്ട് ഇപ്പോൾ ഏകദേശം ഒന്നരവർഷമായിരിക്കുന്നു. യാതൊരു വികസനവും ഇവിടെ നടന്നിട്ടില്ലെന്ന് മാത്രമല്ല, തണൽ നഷ്ടമായത് കാരണം സമീപങ്ങളിലെ എയർകണ്ടീഷൻഡ് മാളുകളിൽ കയറാൻ നാട്ടുകാർ നിർബന്ധിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഇത് ചെയ്തവൻ ആരായാലും അവന്റെ തലയിൽ ഇടിത്തീ വീഴണമേ എന്ന് വിയർത്തൊലിച്ച് അതിലൂടെ പോകുന്ന പഴമക്കാരും ശപിക്കുന്നു. ഈ മരം മുറിച്ചതിന് പകരം മറ്റ് എവിടെയെങ്കിലും പുതിയ ചെടികൾ നട്ടതായും അറിഞ്ഞിട്ടില്ല.
സമാനമായൊരു സംഭവം പുതിയ വിമാനത്താവളത്തിന്റെ വരവിൽ ആഹ്ലാദം കൊണ്ടിരിക്കുന്ന കണ്ണൂരിലും നടക്കാനിരിക്കുന്നു. കണ്ണൂരിൽ പോയവരൊക്കെ അവിടെയുള്ള പോലീസ് പരേഡ് ഗ്രൗണ്ട് കണ്ടിരിക്കും. അതിന്റെ വശങ്ങളിൽ എത്രയോ കാലമായി തണൽ വിരിയിച്ചു നിൽക്കുന്ന ഒരു ആൽമരവും രണ്ട് മാവുകളുമാണ് ജില്ലാ വികസന സമിതി അപകടകരമായ മരങ്ങൾ എന്ന് പറഞ്ഞ് മുറിച്ച് നീക്കാനൊരുങ്ങുന്നത്. മരങ്ങൾ പൊട്ടിവീഴാറുകുന്പോഴാണ് അതിനെ അപകടകരമെന്ന് പറയാൻ സാധിക്കുക. അത് ആധികാരികമായി പറയാൻ ഉത്തരവാദിത്വമുള്ള ഒരു കമ്മിറ്റി നമ്മുടെ നാട്ടിലുണ്ട്. അതിന്റെ പേര് മരംമുറി നിയന്ത്രണക്കമ്മിറ്റി എന്നാണ്. ആ കമ്മിറ്റി മൂന്നു പ്രാവശ്യം മുറിക്കാനുള്ള അനുമതി നിഷേധിച്ച മരങ്ങളാണ് കണ്ണൂർ ജില്ലാ വികസന കമ്മിറ്റി മുറിക്കാൻ പോകുന്നത്. ഇതിനെ എതിർക്കുന്നവരുടെ എണ്ണം വളരെ ചെറുതാണെങ്കിലും അവർ നാളെ ഒരു ദിവസം പകൽ മുഴുവൻ മരണം വിധിക്കപ്പെട്ട ഈ മരങ്ങളോടൊത്ത് ചിലവഴിക്കുകയാണ്. ശുദ്ധ വായു കിട്ടാതെ കഷ്ടപ്പെടുന്ന നഗരങ്ങളിലെ വൃക്ഷങ്ങൾ ഇങ്ങിനെ വെട്ടി ഇല്ലാതാക്കുന്പോൾ എന്താണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് ലഭിക്കുന്ന നേട്ടങ്ങൾ എന്ന് ഒരിക്കൽ പോലും ആർക്കും വ്യക്തമാകുന്നില്ല.
പൊതു ഇടങ്ങളിലെ വൃക്ഷങ്ങൾ മുറിക്കുന്പോൾ വ്യക്തമായ ബോധ്യപ്പെടുത്തലുകൾ നൽകാൻ അധികാരികൾക്ക് സാധിക്കേണ്ടതുണ്ട്. ഒരു മരം വളരാൻ എത്രയോ വർഷങ്ങളെടുക്കും. എന്നാൽ മുറിച്ച് മാറ്റാൻ മണിക്കൂറുകൾ മതി. വരും തലമുറയെ പറ്റി അൽപ്പമെങ്കിലും ചിന്തിച്ച് തീരുമാനങ്ങളെടുക്കാൻ സാധിക്കുന്ന ഒരു ഭരണകൂടം വരാൻ ഇനിയുമെത്ര നാൾ എന്ന ചിന്തയോടെ, കണ്ണൂരിലെ പരിസ്ഥിതി സ്നേഹികൾക്ക് ഐക്യദാർഢ്യം അറിയിക്കട്ടെ...