വായന എന്ന ലഹരി...


ഒരു വായനാ ദിനം കൂടി കടന്നുപോയിരിക്കുന്നു. ആ ദിനത്തിന്റെ ആചരണം പതിവ് പോലെ വായിച്ചും വായിപ്പിച്ചും തകൃതിയായി നടന്നു കഴിഞ്ഞു. ഓരോ കാര്യത്തിനും ഇങ്ങിനെ ദിനങ്ങളുണ്ടാക്കിയിരിക്കുന്നത് ഇതൊക്കെ അത്യാവശ്യമായി മനുഷ്യൻ‍ ഓർ‍ക്കേണ്ട കാര്യങ്ങളായത് കൊണ്ടാണ്. വായനദിനത്തിന്റെ പ്രസക്തിയും അതുകൊണ്ട് തന്നെ വലുതാണ്. എവിടെ നിന്ന് വന്നു ഞാനെന്നും, എവിടേയ്ക്ക് പോകുന്നുവെന്നും അറിവായ വിളക്കുമരത്തോട് ചോദിക്കുന്നത് വായനയിലൂടെയാണ്. ഓരോ വായനയും മനുഷ്യനെ വീണ്ടും വീണ്ടും സംസ്കരിച്ചെടുക്കുന്നു എന്നതും ഓർ‍ക്കാം. ആദ്യം വായിച്ചപ്പോൾ ലഭിച്ച അനുഭവമായിരിക്കില്ല കാലം കഴിഞ്ഞ അതേ പുസ്തകം വീണ്ടും വായിക്കുന്പോൾ ലഭിക്കുന്നത്. ഇങ്ങിനെ ജീവിതത്തിനൊപ്പം മനുഷ്യന്റെ ചിന്തകളെ സംസ്കരിച്ചെടുത്ത് അവനെ ശ്രേഷ്ഠമായ തലത്തിലേയ്ക്ക് ഉയർ‍ത്തുന്നതാണ് ഓരോ വായനാ ശ്രമവും. 

വായിക്കാൻ തോന്നുക എന്നതാണ് ഏതൊരു വായനയുടെയും ആദ്യത്തെ ഘട്ടം. പലപ്പോഴും പുതിയ തലമുറയ്ക്ക് നമ്മൾ വായിക്കാൻ‍ ഒന്നും കൊടുക്കാറില്ല. അവരുടെ ഭക്ഷണത്തിനും, വസ്ത്രങ്ങൾക്കും പിന്നെ സ്കൂൾ പാഠപുസ്തകങ്ങൾ‍ക്കുമാണ് നമ്മുടെ സന്പാദ്യം മിക്കവാറും ചെലവഴിക്കപ്പെടുന്നത്. ശരീരം വളർ‍ത്താനും, പാഠ്യ വിഷയങ്ങളെ മാത്രം ഓർ‍ത്തെടുത്ത് അതൊക്കെ പരീക്ഷപേപ്പറിലേയ്ക്ക് ഛർദ്ദിച്ച് വെക്കാനുമാണ് നമ്മൾ ഇന്നത്തെ കുട്ടികളെ പഠിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ അവർ‍ക്ക് എന്തെങ്കിലും വാങ്ങി കൊടുത്തു സന്തോഷിപ്പിക്കാൻ‍ ശ്രമിക്കുന്നതിനിടയിൽ വിദ്യാഭ്യാസത്തിന് പുറത്തുള്ള പുസ്തകങ്ങളെ മാത്രം നാം മറന്നു പോകുന്നു. വായന ലഹരിയാക്കിയ ഒരു തലമുറയിൽ നിന്ന് ലഹരിക്ക് വേണ്ടി മറ്റ് പലതും തേടേണ്ടി വരുന്ന ഒരു തലമുറയിലേയ്ക്കാണ് നമ്മൾ യാത്ര ചെയ്തുകൊണ്ടിരിക്കുന്നത്. ഇവിടെയാണ് മാറ്റങ്ങൾ ഉണ്ടാകേണ്ടത്.

എന്താണ് വായിക്കേണ്ടത് എന്നത് വായനയുടെ രണ്ടാം ഘട്ടമാണ്. മൂന്നാമത്തേത് ഇതെങ്ങിനെ വാങ്ങുമെന്നതാണ്. മറ്റെന്തിന് വേണ്ടിയും ചിലവാക്കാൻ‍ പണമുണ്ടാകുമെങ്കിലും വായിക്കാൻ‍ എങ്ങിനെ പണം കണ്ടെത്തും എന്നത് വലിയ ആശങ്കയാണ് നമ്മിൽ ഉണ്ടാക്കുന്നത്. ഇതിന് ഒരു പരിഹാരം നമ്മുടെ ഇടയിൽ കൂടുതൽ വായനശാലകൾ ഉണ്ടാക്കുക എന്നതാണ്. ആ വായനശാലയുടെ വാതിലുകൾ വായന ആഗ്രഹിക്കുന്നവർ‍ക്ക് മുന്പിൽ മലർ‍ക്കെ തുറന്നിടാൻ‍ മനസ്സുള്ള ആളുകളും ഈ കാലത്തിന്റെ ആവശ്യമാണ്. നാലാമത്തെ ഘട്ടം പുസ്തകം എങ്ങിനെ വായിക്കണമെന്നാണ്. പല വീടുകളിലും ഷോക്കേസ് പീസുകളാണ് പുസ്ത
കങ്ങൾ. ഒരു പൊടിയും തട്ടാതെ അന്ത്യ വിശ്രമം കൊള്ളുകയാണ് അതിന്റെവിധി. അഞ്ചാമത്തെ ഘട്ടം വായിക്കലാണ്. ആറാമത്തെ ഘട്ടം ചിന്തിക്കലാ
ണ്. ഏഴാമത്തെ ഘട്ടം വായിച്ചതിനെ പറ്റി വിശകലനം ചെയ്യുക എന്നാണ്.അതിന് ശേഷമാണ് സംസ്കാരം എന്ന ഘട്ടത്തിലേയ്ക്ക് കടക്കേണ്ടത്.
ഇതിലൂടെ വായിച്ച്, ചിന്തിച്ച് വിശകലനം ചെയ്ത് വേണ്ടതെടുത്ത് ആവശ്യമുള്ളത് എടുക്കാൻ‍ പഠിക്കണം. ഒന്പതാമതായി വായിച്ചത് ഓർ‍ക്കണം എന്നതാണ്. അതിന് ശേഷം പ്രതികരിക്കാൻ‍ പഠിക്കണം. ആരോടും വഴക്കിടാനല്ല, മറിച്ച് നമ്മുടെ ചിന്തകളിൽ, വർ‍ത്തമാനങ്ങളിൽ, ജീവിത രീതികളിൽ മാറ്റമുണ്ടാകണം എന്നതായിരിക്കണം ആ പ്രതികരണങ്ങളിലൂടെ ലക്ഷ്യമാക്കേണ്ടത്. ഇങ്ങിനെ ചെയ്താൽ ജീവിതത്തിലുണ്ടാകാൻ പോകുന്ന മാറ്റങ്ങൾ എത്രയോ വലുതായിരിക്കുമെന്ന് തീർ‍ച്ച.

You might also like

Most Viewed