സൗദിയിലെ പുതിയ ഉദയം..
പ്രദീപ് പുറവങ്കര
ഗൾഫ് രാഷ്ട്രങ്ങളിൽ ഏറ്റവും വലുതും, വിശാലവുമാണ് സൗദി അറേബ്യ. അവിടെ നടക്കുന്ന ഓരോ ചലനങ്ങളും അതുകൊണ്ട് തന്നെ പ്രദേശത്തെ ആകെ ബാധിക്കുന്നതാണ്. കഴിഞ്ഞ ദിവസം സൗദി അറേബ്യ വളരെ അപ്രതീക്ഷിതമായി രാജ്യത്തിന്റെ അടുത്ത കിരീടവകാശിയെ പ്രഖ്യാപിച്ചിരിക്കുന്നു. നിലവിലെ ഭരണാധികാരിയായ സൽമാൻ രാജാവിന്റെ പുത്രൻ മുഹമ്മദ് ബിൻ സൽമാനെയാണ് സിംഹാസനാവകാശിയാക്കിയിരിക്കുന്നത്. പരന്പരാഗത നിലപാടുകളിൽ നിന്നും വ്യതിചലിക്കാനുള്ള സൗദി അറേബ്യയുടെ നീക്കമാണ് ഈ മാറ്റത്തിലൂടെ കാണാൻ സാധിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
നേരത്തെ കിരീടാവകാശിയായിരുന്ന സൽമാൻ രാജാവിന്റെ അനന്തിരവനുമായ മൊഹമ്മദ് ബിൻ നയീഫ് ബിൻ അബ്ദുൾഅസീസ് അൽ സൗദിയുടെ പൂർണമായ പിന്തുണ പുതിയ കിരീടാവകാശിക്കുണ്ടാകുമെന്ന് തന്നെയാണ് പൊതുവെ കരുതപ്പെടുന്നത്. 31 വയസ് പ്രായമുള്ള മുഹമ്മദ് ബിൻ സൽമാന്റെ ചെറുപ്പം സൗദി അറേബ്യയുടെ വികസനകുതിപ്പിനും, പുതിയ ചക്രവാളങ്ങളിലേയ്ക്കുള്ള പ്രയാണത്തിനും സഹായകരമാകുമെന്നും കരുതാം. സൗദി അറേബ്യയിലെ സ്വദേശികളുടെ ജനസംഖ്യയിൽ പകുതി പേരുടെയും പ്രായം 25ൽ താഴെയാണെന്നതും ചെറുപ്പക്കാരനായ പുതിയ കിരീടവാകാശിയുടെ സ്ഥാനലബ്ധിയുമായി ചേർത്ത് വായിക്കേണ്ട സംഗതിയാണ്. നിലവിൽ പ്രതിരോധ മന്ത്രിയുടെ ചുമതല വഹിക്കുന്ന മുഹമ്മദ് ബിൻ സൽമാൻ ഈ സ്ഥാനത്തിനൊപ്പം തന്നെ ഡെപ്യൂട്ടി പ്രധാനമന്ത്രിയുടെ ചുമതലയും വഹിക്കും.
അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ സൗദിയിലെ സന്ദർശനം വൻ വാർത്താപ്രാധാന്യം നേടിയതിന് പിന്നാലെയാണ് ഇത്തരമൊരു തീരുമാനം വന്നിരിക്കുന്നത്. ട്രംപ് സൗദി അറേബ്യയിലെത്തുന്നതിന് മുന്പ് അദ്ദേഹത്തെ മുഹമ്മദ് ബിൻ സൽമാൻ വൈറ്റ് ഹൗസിൽ പോയി കണ്ടിരുന്നു. അതിന്റെ പരിണിത ഫലമായിട്ടാണ് ട്രംപ് സൗദിയിലെത്തിയതെന്നും, ആ സന്ദർശനം ഏറെ വിജയകരമായി സമാപിച്ചത് ലോക രാജ്യങ്ങളുടെ ഇടയിൽ സൗദി അറേബ്യയ്ക്ക് വലിയ മേൽക്കൈ ഉണ്ടാക്കിയെന്നും നിരീക്ഷകർ പറയുന്നു. ഖത്തറുമായുള്ള പ്രശ്നങ്ങളിലും സജീവമായ ഇടപെടലുകൾ പ്രതിരോധ മന്ത്രി എന്ന നിലയിൽ പുതിയ കിരീടാവകാശി നടത്തിയിട്ടുണ്ട്. യുദ്ധങ്ങളും, അഭ്യന്തര പ്രശ്നങ്ങളും കാരണം വലിയ സമ്മർദ്ദത്തിലൂടെ കടന്നുപോകുന്ന ഗൾഫ് രാജ്യങ്ങളുടെയൊട്ടാകെയുള്ള സാന്പത്തിക ഭദ്രത ഉയർത്താനും, സൗദി അറേബ്യയ്ക്ക് അതിന് നേതൃത്വം നൽകാനും പുതിയ കിരീടാവകാശിയുടെ സ്ഥാനലബ്ധി ഉപകാരപ്പെടുമെന്ന് തന്നെയാണ് തോന്നുന്നത്. എണ്ണയെ മാത്രം ആശ്രയിച്ച് മുന്പോട്ട് പോകേണ്ടതല്ല സൗദി അറേബ്യയുടെ വികസനമെന്നാണ് മുഹമ്മദ് ബിൻ സൽമാന്‍റെ അഭിപ്രായം. അതുകൊണ്ട് തന്നെ സാന്പത്തിക ഭദ്രതയ്ക്ക് വേണ്ടി പുതിയ വഴികൾ തേടാനുള്ള ശ്രമമായിരിക്കും അദ്ദേഹം നടത്തുക എന്ന വിശ്വാസത്തോടെ..