ഒരു യോഗാ ദിനം കൂടി തീരുന്പോൾ...
പ്രദീപ് പുറവങ്കര
ലോകമെങ്ങും ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നു എന്നത് യോഗയുടെ ഉത്ഭവ സ്ഥാനമായി അറിയിപ്പെടുന്ന ഇന്ത്യയിലെ ഒരു പൗരൻ എന്ന നിലയിൽ അഭിമാനം നൽകുന്ന കാര്യം തന്നെയാണ്. പ്രവാസ ലോകത്തും ഇത് സംബന്ധിച്ചുള്ള നിരവധി പരിപാടികൾ നടന്നു വരുന്നുണ്ട്. നൂറ്റാണ്ടുകളായി ഇന്ത്യ മുന്പോട്ട് വെച്ച ഇത്തരം ചില കാര്യങ്ങളെ ലോകത്തുള്ള മറ്റ് രാജ്യങ്ങൾ ഏറെ ആവേശത്തോടെ ഏറ്റെടുക്കുന്ന കാഴ്ച്ചയും പ്രോത്സാഹജനകമാണ്. ഇന്നിന്റെ ലോകം മാർക്കറ്റിങ്ങിന്റേതാണെന്ന് പറയാറുണ്ട്. ഉള്ള കഴിവുകളെ പരമാവധി പെരുപ്പിച്ച് കാണിച്ചാണ് മനുഷ്യരും, രാഷ്ട്രങ്ങളും ഒക്കെ നിലനിന്നു പോരുന്നത്. എല്ലാം അറിയുന്നവൻ ആരോടും അത് പങ്കിട്ടില്ലെങ്കിൽ ആ അറിവ് കൊണ്ട് ആർക്കും തന്നെ പ്രയോജനമുണ്ടാകുന്നില്ലെന്നതും യാത്ഥാർത്ഥ്യം. അത്തരം ഒരു സാഹചര്യം കണക്കിലെടുത്തു കൊണ്ട് ഇന്ത്യാ മഹാരാജ്യത്തിന് ഏറെ അഭിമാനിക്കാൻ സാധിക്കുന്ന യോഗ വിദ്യ പോലെയുള്ള കാര്യങ്ങളെ ലോകത്തിന്റെ വിവിധ ഇടങ്ങളിലേയ്ക്ക് എത്തിക്കാൻ ശ്രമിക്കുന്ന ഗവണ്മെന്റിനും ആശംസകൾ നേരട്ടെ.
യോഗാ വിദ്യകൾ ഏതെങ്കിലും മതത്തിന്റെ സ്വന്തമാണെന്ന് പറയാൻ സാധിക്കില്ലെന്ന് ഇന്നത്തെ യോഗദിനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ച കേരള മുഖ്യമന്ത്രിയുടെ അഭിപ്രായം ഈ ദിനത്തിൽ ഏറെ പ്രസക്തമാണ്. താൽപ്പര്യമുള്ള ആർക്കും തന്നെ പരിശീലിക്കാവുന്ന ഒരു നല്ല വ്യായാമമാണ് യോഗ എന്ന് എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്. പലപ്പോഴും ഇത്തരം കാര്യങ്ങളെ ജാതിമതവിശ്വാസങ്ങളുമായി കൂട്ടികുഴയ്ക്ക്കുന്പോൾ ആ വിദ്യയുടെ ഗുണം പലർക്കും ലഭിക്കാതെ പോകുന്നു എന്നതാണ് സത്യം. ആരും ആരെയും നിർബന്ധിച്ച് യോഗ എടുപ്പിക്കുമെന്ന് കരുതാനാകില്ല. ഇനിയപ്പോൾ അത്തരമൊരു സർക്കാർ ഉത്തരവ് വരുമോ എന്ന ഭയം ചിലർക്കെങ്കിലും ഉണ്ടായേക്കാം. പക്ഷെ സാധ്യത കുറവാണ്. അതു കൊണ്ട് യോഗയയും, യോഗ ചെയ്യുന്നവരെയും കണ്ണടച്ച് എതിർക്കേണ്ട ആവശ്യമില്ല. യോഗാ ദിനത്തിന്റെ ഭാഗമായ എല്ലാവർക്കും അതു കൊണ്ട് തന്നെ സ്നേഹം നിറഞ്ഞ യോഗാശംസകൾ അറിയിക്കട്ടെ.
വാൽകഷ്ണം: യോഗാദിനം വരുന്പോൾ മാത്രം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചില സുഹൃത്തുക്കൾ നിങ്ങൾക്കുള്ളത് പോലെ തന്നെ എനിക്കുമുണ്ട്. ഇവർ ആകെ ശ്രദ്ധിക്കേണ്ട ഒരു കാര്യം വർഷത്തിൽ ഒരു തവണ മാത്രം ചെയ്യുന്നത് കാരണം വലിയ ആവേശം കാണിച്ച് ശരീരം കേടാക്കാതിരിക്കാനാണ്.