കൂട്ടായ്മകൾ മനുഷ്യനെ നിർമ്മിക്കണം...
പ്രദീപ് പുറവങ്കര
പെരുന്നാളിനെ എതിരേൽക്കാനുള്ള തിരക്കിലായി തുടങ്ങി നാടും, പ്രവാസവും. നാട്ടിലാണെങ്കിൽ ഇത് പനികാലവും കൂടിയാണ്. പ്രവാസത്തിൽ അവധിക്കുള്ള ഒരുക്കങ്ങളും ആരംഭിച്ചിരിക്കുന്നു. പലരും പെരുന്നാളോടു കൂടി തന്നെ നാട്ടിലെത്തി അവധിയാഘോഷിക്കാനുള്ള ഒരുക്കത്തിലുമാണ്. ആഘോഷങ്ങളും ഉത്സവങ്ങളുമാണ് മനുഷ്യനെ ഏറ്റവുമധികം സന്തോഷഭരിതനാക്കുന്ന കാര്യങ്ങളെന്ന് പറയാം. ആൾകൂട്ടത്തിന്റെ ബഹളത്തിനിടയിൽ പരസ്പരം അലിയാൻ മനുഷ്യനെന്ന സാമൂഹ്യ ജീവി ഏറെ കൊതിക്കുന്നു എന്നതിന്റെ അടയാളമാണ് ഓരോ ആഘോഷങ്ങളിലും എത്തിപ്പെടുന്ന ജനസമൂഹം. ഇത്തരം അവസരങ്ങളാണ് നാം ഒന്നാണെന്ന് മനുഷ്യനെ ഓർമ്മിപ്പിക്കുന്നത്.
കഴിഞ്ഞദിവസം ഒരു പ്രഭാഷണം കേൾക്കാൻ ഇടയായി. പ്രഭാഷകനോട് വിദ്യാഭ്യാസം കൂടുന്പോൾ മനുഷ്യൻ കൂടുതൽ അസഹിഷ്ണുത പ്രകടിപ്പിക്കുന്നയാളായി മാറുന്ന കാഴ്ച്ചയാണ് ഇന്നുള്ളതെന്ന് സദസിൽ ഉള്ളയാൾ പറഞ്ഞു. ഇത് കേട്ട പ്രഭാഷകൻ പറഞ്ഞ മറുപടി ഏറെ ചിന്തിപ്പിക്കുന്നതാണ്. ഈ അസഹിഷ്ണുത എന്നത് റോഡിലിറങ്ങിയാൽ കാണാൻ സാധിക്കുന്നുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആകെ നമുക്ക് ഈ അസഹിഷ്ണുത കാണാൻ സാധിക്കുന്നത് സോഷ്യൽ മീഡിയകളിലാണെന്ന് അദ്ദേഹം പറഞ്ഞുവെച്ചപ്പോൾ കുറച്ചൊക്കെ യാത്ഥാർത്ഥ്യം ഉണ്ടെന്ന് തോന്നിപോയി. വെറുപ്പിന്റെ പ്രത്യയശാസ്ത്ര കച്ചവടക്കാർ വളരെ സജീവമാകുന്ന കാലമാണിത്. രാവിലെ മുതൽ കിട്ടാവുന്ന ഇടങ്ങളിലൊക്കെ പരസ്പരം വെറുക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയുള്ള സന്ദേശങ്ങൾ അയച്ചു കൊണ്ടേയിരിക്കും. മറ്റവൻ ആൾ ശരിയല്ലെന്ന് പറഞ്ഞു കൊണ്ടേയിരിക്കും. ഉറങ്ങാൻ കിടന്നാൽ പിറ്റേന്ന് എഴുന്നേൽക്കുമെന്ന യാതൊരു ഉറപ്പും ഇല്ലാത്തവരാണ് ഇവരും. ഇവരെ വല്ലാതെ സൂക്ഷിച്ചാണ് കൈക്കാര്യം ചെയ്യേണ്ടത്. സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തി ഇവരെ ഇല്ലായ്മ ചെയ്യാമെന്ന് വിചാരിക്കുന്നതും അബദ്ധമാണ്.
എല്ലാ മതങ്ങളിലും, എല്ലാ വിശ്വാസങ്ങളിലും, എല്ലാ രാഷ്ട്രീയചിന്തകളിലും ഇത്തരം ആളുകളെ നമുക്ക് കാണാം. വളരെ അപൂർവ്വം പേർ മാത്രമാണ് ഈ വിശ്വാസങ്ങളെ പക്വതയോടെ കൊണ്ട് നടക്കുന്നവർ. അവർ അവരുടെ വിശ്വാസസംഹിതകളെ മുറകെ പിടിക്കുന്പോഴും മറ്റുള്ളവനിലേയ്ക്ക് വിഷം കുത്തിവെക്കാൻ ശ്രമിക്കാറില്ല. എയ്ഡ്സ് പോലെയുള്ള മാറാരോഗങ്ങൾ ബാധിച്ചവരെ പറ്റിയുള്ള ഒരു കഥ കേട്ടിട്ടുണ്ട്. എത്രത്തോളം യാത്ഥാർത്ഥ്യമുണ്ടെന്ന് അറിയില്ലെങ്കിലും, ആ കഥയിലെ കാര്യം ഇതായിരുന്നു. മാറാരോഗം ബാധിച്ച ഒരാൾ കാണുന്നവരോടൊക്കെ ഹസ്തദാനം ചെയ്യുകയും, അതിനിടയിൽ തന്റെ കൈയിലെ സിറിഞ്ച് ഉപയോഗിച്ച് തന്റെ രക്തം അയാളിലേയ്ക്ക് പന്പ് ചെയ്ത് അയാളെ കൂടി രോഗിയാക്കുന്ന ഭീകരമായ മാനസികാവസ്ഥയെ പറ്റിയായിരുന്നു ആ കഥ. ഇത് തന്നെയാണ് നേരത്തേ സൂചിപ്പിച്ചവരും ചെയ്തു പോരുന്നത്. എല്ലാ മനുഷ്യനെയും ഒന്നായി കാണാനും, സ്നേഹിക്കാനും താൽപ്പര്യപ്പെടുന്നവരെ പോലും മലിനമായ ചിന്തകൾ കൊണ്ട് ഇവർ മാറ്റിയെടുക്കുന്നു. ഇതിനെതിരെയുള്ള പ്രവർത്തനങ്ങളാകട്ടെ ഓരോ ആഘോഷവസരങ്ങളും, ഒത്തുകൂടലും എന്നോർമ്മിപ്പിച്ചു കൊണ്ട്...