തല്ലിയാൽ എല്ലാം ശരിയാകില്ല


പ്രദീപ് പുറവങ്കര

പോലീസായാൽ‍ മീശ പിരിക്കണം. അവന്റെ കയ്യിൽ‍ നല്ല വടിയും, ആയുധവും വേണം. നാട്ടിൽ‍ ക്രമസമാധാനം നിലനിർ‍ത്താനും, കുറ്റവാളികളെ പിടികൂടാനും ഈ ആയുധങ്ങളും, തടിമിടുക്കും ഉപയോഗിക്കണം. ഇടയ്ക്കിടെ ഈ പോലീസുകാർ‍ ആളുകളെ തെറി വിളിക്കണം. ഇങ്ങിനെ കാലാകാലങ്ങളിൽ‍ പല ഭരണാധികാരികളും വളരെ ലളിതമായ ഉപയോഗിച്ചു വരുന്ന പോലീസ് നയമാണിത്. കഴിഞ്ഞ ദിവസം ഒരു പോലീസ് ഉദ്യോഗസ്ഥൻ നടത്തിയ പ്രകടനം കണ്ടപ്പോൾ‍ ഈ ഒരു നയം തന്നെയാണോ അടിയന്തരാവസ്ഥകാലത്ത് ലഭിച്ച ക്രൂരമായ പോലീസ് മർ‍ദ്ദനത്തെ പറ്റി ഓർ‍മ്മിപ്പിച്ച് കേരള ജനതയെ ഇടയ്ക്കിടെ കോരിത്തരിപ്പിക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രിപിണറായി വിജയന് ഉള്ളതെന്ന് അറിയാൻ താൽപ്പര്യം തോന്നുന്നു. ഒരു നാട്ടിൽ‍ വികസന പ്രവർ‍ത്തനങ്ങൾ‍ വരുന്പോൾ‍ അതിനെ സ്വാഗതം ചെയ്യുന്നവരാണ് മഹാഭൂരിഭാഗം മലയാളികളും. അതേസമയം എന്താണ് ഈ വികസനമെന്നോ, എന്തിനാണ് ഈ വികസനമെന്നോ വിശദീകരിക്കാതെ പോകുന്പോഴാണ് അവിടെയുള്ളവർ‍ ആശങ്കയിലാകുന്നത്. കൊച്ചിയിലെ പുതുവൈപ്പിൽ‍ ഇന്ത്യൻ ഓയിൽ‍ കോർ‍പ്പറേഷന്‍റെ എൽ‍.പി.ജി പ്ലാന്റിനെതിരായ ജനകീയ പ്രക്ഷോഭവും ഏകദേശം ഇതേ സാഹചര്യത്തിലാണ് ഉണ്ടായിരിക്കുന്നത്. എൽ‍.പി.ജി എന്ന അപകടകരമായ വാതകം 500−ഓളം ടാങ്കറുകളിലായി ഇവിടെ നിന്ന് ദിവസവും നിറച്ചുകൊണ്ടുപോകുന്പോൾ‍ ഗ്യാസ് ലീക്ക് സംഭവിച്ചാൽ‍ അത് ഹാനികരമായി ബാധിക്കുമോ എന്നും,  ഇപ്പോൾ‍ തന്നെ രണ്ട് എൽ‍.എൻ.ജി പ്ലാന്റുകൾ‍, ഒരു ക്രൂഡ് പന്പിംഗ് േസ്റ്റഷൻ എന്നിവ ഇവിടെയുണ്ടെന്നും, ഇതോടൊപ്പം എൽ‍.പി.ജി ടെർ‍മിനൽ‍ കൂടി വരുന്പോൾ‍ പുറമേ നിന്ന് ഭീകരാക്രമണം വരെ ഉണ്ടായാൽ‍ അതിനെ എങ്ങിനെ നേരിടണമെന്ന ഭയവും ഇവിടെയുള്ളവർ‍ക്ക് ഉണ്ടെന്ന് വാർ‍ത്തകളിലൂടെ മനസ്സിലാക്കുന്നു. കൂ
ടാതെ ഈ പദ്ധതി നടപ്പിലാക്കാനായി പല നിയമങ്ങളുടെയും പരസ്യമായ ലംഘനങ്ങൾ‍ നടക്കുന്നു എന്നും നാട്ടുക്കാർ‍ ആരോപിക്കുന്നു. പല ക്ലിയറൻസുകളും വേണ്ടത് പോലെയല്ല വാങ്ങിയിരിക്കുന്നതെന്നും, അവർ‍ പറ
യുന്നു. 

ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും, അതേ പറ്റി നേരിട്ട് വിശദീകരിക്കാനുമാണ് സർ‍ക്കാരും, കന്പനിയും മുൻകയ്യെടുക്കേണ്ടത്. ടാങ്കറുകളിൽ‍ എൽ‍.പി.ജി നിറയ്ക്കുന്നത് ലോകത്ത് എല്ലായിടത്തും എല്ലാ ദിവസവും നടക്കുന്ന കാര്യമാണെന്നും ഇതൊടനുബന്ധിച്ച്  വേണ്ട മുൻകരുതലുകൾ‍ എടുത്തിട്ടുണ്ടെന്നും നാട്ടുകാരെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം കന്പനിക്കും സർക്കാരിനും ഉള്ളതാണ്. ഇത്തരമൊരു ബൃഹത്തായ പദ്ധതി നടപ്പിലാകുന്പോൾ‍ അവയുടെ സംരക്ഷണ ചുമതല ഏറ്റെടുക്കുന്നത് ഇന്ത്യൻ‍ നേവിയുടെ ഒരു കമാൻഡാണെന്നും നാട്ടുക്കാരെ പറഞ്ഞ് മനസ്സിലാക്കാനും സർ‍ക്കാരിന് സാധിക്കേണ്ടതുണ്ട്. നമ്മുടെ രാജ്യത്തെ നിയമങ്ങൾ‍ നടപ്പാക്കാനുള്ള ബാധ്യത സർ‍ക്കാരിനുള്ളത് കൊണ്ട് തന്നെ ഈ പദ്ധതി നടത്തിപ്പിൽ‍ അനധികൃതമായി ഒന്നും നടക്കുന്നില്ലെന്നും സർ‍കാരാണ് ഉറപ്പ് വരുത്തേണ്ടത്. കോടതി ഇത് സംബന്ധിച്ച ഉത്തരവുകൾ‍ നൽ‍കിയിട്ടുണ്ടെന്നും മനസ്സിലാക്കുന്നു.

ഈ പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന പൈലിംഗും, മറ്റ് പ്രവർ‍ത്തനങ്ങളും കാരണം രാത്രി കാലങ്ങളിൽ‍ പോലും ഉറക്കം നഷ്ടപ്പെട്ടവരാണ് പ്രദേശ വാസികൾ‍. സ്വന്തം ഭൂമി വികസന പ്രവർ‍ത്തനങ്ങൾ‍ക്ക് വേണ്ടി വിട്ടുകൊടുത്ത് ത്യാഗ്യം ചെയ്തവരാണിവർ‍. അവരെ പേപ്പട്ടിയെ പോലെ പോലീസ് തല്ലിച്ചതയ്ക്കുന്നുണ്ടെങ്കിൽ‍ അങ്ങിനെ ചെയ്യുന്നവർ‍ സാമൂഹ്യദ്രോഹികളാണ്. ഇന്ന് തീവ്രവാദം ബന്ധം പോലും ആരോപിക്കുന്ന വൈപ്പിനിലെ ഈ പാവങ്ങളെ തല്ലിച്ചതച്ച യതീഷ് ചന്ദ്ര എന്ന പോലീസുകാരന്റെയും മറ്റ് പോലീസ് ഗുണ്ടകളുടെയും പേരിൽ‍ കേസെടുത്ത് അവരുടെ തലയിലെ തൊപ്പി ഊരിവെച്ചാൽ‍ മാത്രമേ ആർ‍ജ്ജവമുള്ള സർ‍ക്കാരാണ് ഇവിടെ ഭരിക്കുന്നതെന്ന് പറയാൻ സാധിക്കൂ. അല്ലാതെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും തല്ലി ശരിയാക്കി ഈ നാട് വികസിപ്പിക്കാമെന്നും അതിലൂടെ എല്ലാം ശരിയാക്കാമെന്ന് ചിന്തിക്കുന്നത് വലിയ മണ്ടത്തരമാണെന്ന് ഓർ‍മ്മിപ്പിക്കട്ടെ.

You might also like

Most Viewed