കാരുണ്യവേദികളാകട്ടെ നോന്പ് തുറകൾ...
പ്രദീപ് പുറവങ്കര
പരിശുദ്ധ റമദാൻ നൽകുന്ന സന്ദേശങ്ങൾ പരസ്പരം പങ്കിട്ട് ഒരു നോന്പ് കാലം കൂടി സമാപിക്കാറായിരിക്കുന്നു. നാട്ടിലേത് പോലെ തന്നെ പ്രവാസ ലോകത്തും ഈ മാസം ഒന്നിച്ചിരിക്കലിന്റെ കാലമാണ്. ഇന്നിന്റെ ലോകത്ത് നഷ്ടപ്പെടുന്ന വലിയൊരു കാര്യമാണിത്. ഒരു മേശയ്ക്ക് ചുറ്റും ഇരുന്നും, സംസാരിച്ചും, ആശങ്കകളും, വേവാലാതികളും, വിശേഷങ്ങളും പങ്കിട്ടും ഒത്തുകൂടുന്ന ഈ സന്ദർഭങ്ങൾ അതുകൊണ്ട് തന്നെ നോന്പ് തുറയിൽ പങ്കെടുക്കുന്നവർക്ക് അവിസ്മരണീയമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. ഓരോ ഇഫ്താർ കഴിയുന്പോഴും നാളെയും മറ്റൊരിടത്ത് കാണാമെന്ന് പറഞ്ഞ് പിരിയുന്നവരാണ് പ്രവാസലോകത്തിലെ പ്രത്യേകിച്ച് ബഹ്റൈൻ പോലെയുള്ള ഇടങ്ങളിലെ സുഹൃത്തുകൾ. ഭൂമിയെന്ന വലിയ വീട്ടിൽ താമസിക്കുന്ന ഏകോദരസഹോദരങ്ങളാണ് നമ്മളൊക്കെയെന്ന ഭാവനയാണ് ഓരോ നോന്പുതുറകളും സമ്മാനിക്കുന്നത്. നോന്പ് തുറയിൽ പങ്കെടുക്കുന്ന എല്ലാവരും നോന്പെടുത്തവരാകണമെന്നില്ല. പക്ഷെ അവരും അനുഭവിക്കുന്നത് സാഹോദര്യത്തിന്റെയും, വ്രത പുണ്യത്തിന്റെയും തീവ്രമായ അനുഭവങ്ങൾ തന്നെയാണ്.
നോന്പ് എടുക്കുന്നവർക്ക് വിശപ്പിന്റെ വേദന അറിയുന്നതിനോടൊപ്പം തന്നെ വിശക്കുന്നവന്റെ വേദനയും മനസിലാകുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം വ്രതങ്ങൾ മനുഷ്യ സമൂഹത്തിൽ നിലനിൽക്കപ്പെടുന്നത്. അതേസമയം ഓരോ നോന്പ് തുറയിലും പങ്കെടുക്കുന്പോൾ ഏറ്റവുമധികം വിഷമം തോന്നുന്ന ഒരു കാര്യം ഭക്ഷണത്തിന്റെ അമിതമായ ഉപയോഗവും, അതുപോലെ തന്നെ അവ കഴിക്കാൻ സാധിക്കാതെ പാഴാക്കി കളയുന്നതുമാണ്. ഒരു കാരക്കയും, വെള്ളവും ചെറിയൊരു പലഹാരവും മതി നോന്പുകാരന് അവന്റെ നോന്പ് അവസാനിപ്പിക്കാൻ എന്ന കാര്യം പലപ്പോഴും നോന്പ് തുറ സംഘടിപ്പിക്കുന്ന മിക്കവരും മറന്നുപോകുന്നു എന്നതാണ് സത്യം. ഭക്ഷണം നൽകുന്നതിൽ അല്ല, മറിച്ച് അത് വെറുതെ ആരും കഴിക്കാതെ പാഴായി പോകുന്പോൾ നഷ്ടമാകുന്നത് നോന്പ് നൽകുന്ന ചൈതന്യം തന്നെയാണ്. പ്രത്യേകിച്ച് പ്രവാസ ലോകത്ത് പാഴായി പോകുന്ന ഭക്ഷണം ആവശ്യക്കാർക്ക് എത്തിക്കാനുള്ള സംവിധാനവും നമ്മുടെ നാട്ടിലേത് പോലെയില്ല എന്നതും ഓർക്കേണ്ട കാര്യമാണ്. അതു പോലെ തന്നെ പല കൂട്ടായ്മകളും മത്സരാധിഷ്ഠിതമായി നോന്പ് തുറ സംഘടിപ്പിക്കുന്നതിനോടും യോജിക്കാൻ സാധിക്കുന്നില്ല.
ലാളിത്യത്തിന്റെ ഒരു ലാഞ്ചനയെങ്കിലും ഇത്തരം വേദികളിലേയ്ക്ക് തിരിച്ചെത്തിക്കാനാണ് കൂട്ടായ്മകൾ ശ്രമിക്കേണ്ടത്. ഗൾഫ് നാടുകൾ പ്രതിസന്ധിഘട്ടങ്ങളിൽ കടന്നു പോകുന്ന ഈ കാലത്ത്, എത്രയോ പേർക്ക് ശന്പളം പോലും ലഭിക്കാതെ മാസങ്ങളായിട്ടുണ്ടെന്ന് വാർത്തകളിലൂടെ നാം എല്ലാവരും മനസിലാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഓരോ ഇഫ്താറുകളിലും ഭക്ഷണം കഴിച്ച് പിരിയുന്നതിന് മുന്പ് നാട്ടിൽ പോകാൻ പറ്റാത്തെ കഷ്ടപ്പെടുന്ന ഒരാളെയെങ്കിലും സാന്പത്തികമായി സഹായിക്കാനോ, അവർക്ക് വേണ്ട ഒരു ടിക്കറ്റെടുത്ത് നൽകാനോ, ആശുപത്രിയിൽ കിടക്കുന്ന രോഗിക്ക് സഹായം നൽകാനോ സാധിക്കുമെങ്കിൽ അതും ഈ മാസത്തെ ഒരു പുണ്യപ്രവർത്തിയായി മാറും. അതുകൊണ്ട് തന്നെ അത്തരം ആളുകളെ സഹായിക്കാനുള്ള വേദികൾ കൂടിയായി ഇനിയുള്ള ഇഫ്താർ സംഗമങ്ങൾ മാറട്ടെ എന്നാഗ്രഹിച്ചു കൊണ്ട്...