ഓർ‍ക്കേണ്ടത് ഇവരെ കൂടി...


പ്രദീപ് പുറവങ്കര   

അങ്ങിനെ നമ്മുടെ കൊച്ചിയിൽ മെട്രോ ഓടി തുടങ്ങിയിരിക്കുന്നു. തീർ‍ച്ചയായും ഒരു സ്വപ്ന സാഫല്യം തന്നെയാണത് എന്നതിൽ‍ സംശയമില്ല. അതേസമയം പലപ്പോഴും നമ്മുടെ നാട്ടിൽ‍ വികസനപദ്ധതികൾ‍ നടക്കുന്പോൾ‍ അത് രാഷ്ട്രീയക്കാരുടെ സ്വപ്നം മാത്രമാണ് എന്ന തരത്തിൽ‍ ചിന്തിച്ചു പോകുന്നവരാണ് വലിയൊരു സമൂഹം ജനങ്ങൾ‍. അവർ‍ക്ക് മാത്രമാണ് നാടിന്റെ വികസനത്തിലും, പുതിയ പദ്ധതികളിലും സ്വപ്നങ്ങൾ‍ കാണാനുള്ള അവകാശമെന്നും നമ്മൾ‍ പാവപ്പെട്ട ജനം വിശ്വസിച്ച് വശം കെടുന്നു. കൊച്ചിയിലെ മെട്രോയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചരണ കോലാഹലങ്ങളിലും അതുകൊണ്ട് തന്നെ തെളിഞ്ഞ് നിൽ‍ക്കുന്നത് രാഷ്ട്രീയ മേലാളന്‍മാരുടെ ചിത്രങ്ങൾ‍ മാത്രം. ഇതൊക്കെ കാണുന്പോൾ‍ തോന്നും മെട്രോയ്ക്ക് വേണ്ടി ചിലവാക്കിയ പണം ഇവരൊക്കെ അവരുടെ വീട്ടിൽ‍ നിന്ന് സംഭാവന ചെയ്തതാണെന്ന്. നാട്ടിലെ ജനകോടികളുടെ നികുതി പണം ഉപയോഗിച്ചാണ് ഇതൊക്കെ ഉണ്ടാക്കിയതെന്ന് ആരും എവിടെയും പറയുന്നതായി കേട്ടിട്ടില്ല.

അതോടൊപ്പം ഈ മെട്രോയുണ്ടാക്കാൻ ഏറ്റവുമധികം കഷ്ടപ്പെട്ട അടിസ്ഥാന വർ‍ഗ്ഗ തൊഴിലാളികളുണ്ട്. അവരിൽ‍ മഹാഭൂരിഭാഗവും അന്യദേശ തൊഴിലാളികളുമായിരുന്നു. രാവും പകലും ചൂടിലും മഴയിലും കഠിനമായി നടത്തിയ അദ്ധ്വാനത്തിന്റെ തിരുശേഷിപ്പാണ് മെട്രോയെന്ന മലയാളിയുടെ ഈ അഹങ്കാരമെന്നും നമ്മൾ‍ വിസ്മരിച്ചു പോകരുത്. ഇനി വരുന്ന ഘട്ടങ്ങളിലും ഇവരുടെ വിയർ‍പ്പ് തുള്ളികൾ‍ കുറേ ഉറ്റിയാൽ‍ മാത്രമേ ഈ സ്വപ്നം മുഴുവനായും പൂർ‍ത്തീകരിക്കാൻ സാധിക്കൂ. അതോടൊപ്പം തന്നെ മെട്രോ പദ്ധതി എന്ന ഈ വലിയ സ്വപ്നത്തിന് വേണ്ടി കിടപ്പാടം വിട്ടുകൊടുത്തവരും ഏറെയാണ്. അവരുടെയും ത്യാഗം ഈ നേരത്ത് ഓർ‍ക്കപ്പെടേണ്ടതാണ്. മറ്റൊന്ന് മെട്രോ നിർ‍മ്മാണം ആരംഭിച്ചത് മുതൽ‍ പല വിധത്തിലും ബുദ്ധിമുട്ട് നേരിടേണ്ടി വന്നത് സമീപവാസികൾ‍ക്കാണ്. അവരൊക്കെ ക്ഷമയോടെ ഈ സ്വപ്നത്തിന്റെ സാഫല്യത്തിനായി കാത്തിരുന്നു. തങ്ങളുടെ നാട് വളരണമെന്ന ചിന്തയാണ് അവരെയും ഇതിനായി പ്രേരിപ്പിച്ചിരിക്കുക. അവരോടുള്ള കടപ്പാടും കേരളത്തിലെ ജനങ്ങൾ‍ക്ക് നിസീമമാണ്. 

മെട്രോ നിർ‍മ്മാണത്തിന്റെ പാതിവഴിയിലെത്തിയതേയുള്ളൂ നമ്മൾ‍ എന്ന കാര്യവും ഈ നേരത്ത് ഓർ‍ക്കേണ്ടതാണ്. ഏറ്റവുമധികം പേർ‍ ജോലി ചെയ്യുന്ന കാക്കനാട് മേഖലയിലേയ്ക്കും, ഏറ്റവുമധികം പേർ‍ വിദ്യാഭ്യാസ, കച്ചവട ആവശ്യത്തിനായി എത്തുന്ന എം.ജി റോഡിലേയ്ക്കും മെട്രോയുടെ പാളങ്ങൾ‍ എത്തേണ്ടതുണ്ട്. വരും ദിവസങ്ങളിൽ‍ മുന്പത്തേക്കാൾ‍ വേഗതയിൽ‍ ഇപ്പോൾ‍ ഉണ്ടാക്കിയ നേട്ടത്തിൽ‍ അഭിരമിച്ചു പോകാതെ ആ പ്രവർ‍ത്തനം കൂടി സാധ്യമാകട്ടെ എന്നാഗ്രഹിക്കുന്നു.

You might also like

Most Viewed