മെട്രോ കൂവിയെത്തുന്പോൾ
പ്രദീപ് പുറവങ്കര
ഒരു സ്ഥലത്തെ ഗതാഗതസംവിധാനങ്ങൾ മെച്ചപ്പെടുന്പോൾ അവിടെ എത്തിപ്പെടാൻ കുറേകൂടി ആളുകൾക്ക് സാധിക്കുന്നു. അങ്ങിനെ എത്തുന്നവർ നടത്തുന്ന ക്രയവിക്രയങ്ങളിലൂടെ പൊതുവെ ആ സ്ഥലത്തിന്റെ സാന്പത്തിക ഭദ്രത വർദ്ധിക്കുകയും ചെയ്യുന്നു എന്നത് വളരെ ലളിതമായ ഒരു കാര്യമാണ്. കേരളത്തിന്റെ സാന്പത്തിക തലസ്ഥാനമായ എറണാകുളത്ത് നാളെ ഉദ്ഘാടനം ചെയ്യപ്പെടുന്ന മെട്രോ റെയിൽ സംവിധാനം അതുകൊണ്ട് തന്നെ വളരെയേറെ പ്രതീക്ഷകളാണ് കൊച്ചിക്കാർക്കും, അതുപോലെ തന്നെ കേരളത്തിനാകെയും നൽകുന്നത്.
പലപ്പോഴും നമ്മുടെ നാട്ടിൽ പുതുതായി ഇത്തരം സംവിധാനങ്ങൾ പദ്ധതിയിടുന്പോൾ തന്നെ അതിനെ നഖശിഖാന്തം എതിർത്തുകൊണ്ട്, ഇത്തരം വികസന പദ്ധതികൾ കൊണ്ട് നാട്ടിലെ ജനങ്ങൾക്ക് യാതൊരു ഉപകാരവും ഉണ്ടാകില്ലെന്നും പറയുന്നവർ നമ്മുടെ ഇടയിൽ ധാരാളമുണ്ട്. അവരെ പറ്റി ചിന്തിക്കുന്പോഴെക്കെ പണ്ട് കേട്ട ഒരു നന്പൂരി ഫലിതമാണ് ഓർമ്മ വരിക. രാഷ്ട്രപതിയായ വിവി ഗിരി വരുന്നത് പ്രമാണിച്ച് തോരണങ്ങൾ കെട്ടിതൂക്കുന്നയാളോട് കാര്യം തിരക്കിയ നന്പൂരിയുടെ സംശയം ഗിരി തോരണത്തിന് മുകളിലൂടെയാണോ വരിക എന്നായിരുന്നു. ഇങ്ങിനെ കാര്യമാത്ര പ്രസക്തമായ സംഭവങ്ങൾ നമ്മുടെ നാട്ടിൽ നടക്കുന്പോൾ അതുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾ പറഞ്ഞുകൊണ്ട് സമൂഹത്തിന്റെ ശ്രദ്ധ തിരിച്ചുവിടാൻ ചിലർ ശ്രമിച്ചു കൊണ്ടേയിരിക്കും. അത് ആർക്കും മാറ്റാൻ പറ്റാത്ത കാര്യം. അതുകൊണ്ട് തന്നെ പ്രവാസികളായ നമുക്ക് ഇത്തരം കാര്യങ്ങളെ ശുഭാപ്തിവിശ്വാസത്തോടെ കാണാമെന്ന് തോന്നുന്നു.
എറണാകുളത്ത് താമസിക്കുന്നയാളെന്ന നിലയിൽ മെട്രോറെയിൽ വരുന്പോൾ ഏറെ സന്തോഷം തോന്നുന്ന വ്യക്തിയാണ് ഈ ഞാനും. വളരെ പെട്ടന്ന് ആ നാടിന്റെ മുഖച്ഛായ ഇതിലൂടെ മാറുമെന്ന് പറയാൻ സാധിക്കില്ലെങ്കിലും, പതിയെ ഈ ഒരു ഗതാഗത സംവിധാനത്തിലേയ്ക്ക് ഇവിടെയുള്ളവർ മാറുമെന്ന് തന്നെയാണ് മനസിലാക്കുന്നത്. ബസ്സുകളുടെ മരണപാച്ചിൽ ഏറെ നടക്കുന്ന ഇടമാണ് എറണാകുളം. അതുകൊണ്ട് തന്നെ ധാരാളം അപകടങ്ങളും ഉണ്ടാകാറുണ്ട്. അതിന് ഈ മെട്രോ കുറെയൊക്കെ പരിഹാരമാകും എന്നതുറപ്പാണ്. അതുപോലെ തന്നെ നഗരത്തിൽ ഇപ്പോൾ തന്നെ ഓൺലൈൻ ടാക്സികൾ വളരെയധികം വ്യപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. നേരത്തെ ഇവിടെയുണ്ടായിരുന്ന നിരവധി ഓട്ടോറിക്ഷാ തൊഴിലാളികൾ ഇന്ന് ഓടിക്കുന്നത് ഇത്തരം ടാക്സികളാണ്. മാന്യമായ വരുമാനം ലഭിക്കുന്നതിനോടൊപ്പം തന്നെ യാത്രക്കാർക്ക് ഏറെ സുരക്ഷിതത്വം ഇത്തരം ടാക്സികളിൽ അനുഭവപ്പെടുന്നുമുണ്ട്. ഇൻഫോ പാർക്ക് പോലെയുള്ള വലിയ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഇടമാണ് കൊച്ചി. അവിടെ ലക്ഷകണക്കിന് പേരാണ് ഒരു ദിവസം ജോലി ചെയ്യാനായി എത്തിച്ചേരുന്നത്. അതു വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് വരുന്നവർ. ഇവരായിരിക്കും കൊച്ചി മെട്രോയുടെയും പ്രധാന ഉപഭോക്താക്കൾ.
അതേസമയം വാരാന്ത്യങ്ങളിൽ കൊച്ചിയിലെ ജീവിതം സത്യത്തിൽ വിരസമാണ്. പകൽ സമയങ്ങളിൽ പ്രധാന റോഡുകളിൽ പോലും വലിയ തിരക്ക് അനുഭവപ്പെടാറില്ല. മിക്കവരും ജോലിക്കിടയിൽ വീണുകിട്ടുന്ന അവധിക്ക് അവരുടെ നാട്ടിലേയ്ക്ക് പാഞ്ഞെത്തും. ഇത് മെട്രോ റെയിലിനെയും ബാധിച്ചേക്കാം. എന്തായാലും ഈ അവധിക്ക് നാട്ടിൽ പോകുന്ന പ്രവാസി സുഹൃത്തുകൾക്ക് മെട്രോ റെയിൽ അനുഭവം അറിയണമെന്നുണ്ടെങ്കിൽ ആ യാത്ര വാരാന്ത്യങ്ങളിലാക്കുന്നതാണെന്ന് ഓർമ്മിപ്പിക്കട്ടെ.