പനിക്കാലമെത്തുന്പോൾ...
കടുത്ത ചൂടിൽ ചുട്ടുപൊരിഞ്ഞിരുന്ന കേരളത്തിൽ ഇപ്പോൾ മഴക്കാലമാണ്. വിയർത്തുകുളിച്ച് നടക്കേണ്ടി വരുന്ന സാഹചര്യത്തിൽ നിന്ന് മഴ പെയ്യുന്പോൾ ലഭിക്കുന്ന ആശ്വാസം പറഞ്ഞറിയിക്കാനും സാധിക്കില്ല. പ്രവാസികൾക്കാണെങ്കിൽ മഴ എന്ന് മുഴുവൻ പറയേണ്ടതില്ല, അപ്പോഴേക്കും ഗൃഹാതുരമായ ഓർമ്മകൾ സോഷ്യൽ മീഡിയകളിലും, മനസ്സുകളിലും പെയ്ത് തോരും. ഓരോ കാലത്തിനും അതിന്റേതായ ബുദ്ധിമുട്ടുകൾ സ ഹജമാണ്. അത്തരം ഒരു വിഷമഘട്ടമാണ് ഇപ്പോൾ മഴ നമ്മുടെ നാടിന് സമ്മാനിച്ച് വരുന്നത്. മഴ പെയ്ത് തുടങ്ങുന്പോൾ തന്നെ നമ്മുടെ നാട്ടിൽ മാലിന്യങ്ങൾ ഒഴുകിത്തുടങ്ങും. അതുവ
ഴി കൊതുകകളും പെരുകും. പിന്നീട് ഉണ്ടാകുന്നത് ആരോഗ്യപ്രശ്നങ്ങളുടെ ഘോഷയാത്രയാണ്. ഇത്തവണ നാട്ടിൽ ഡെങ്കിപനിയാണ് വ്യാപകമായിരിക്കുന്നത്. തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം പേർക്ക് ഈ രോഗം പിടിപ്പെട്ടിരിക്കുന്നത്. മരണം വരെ ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ട് കഴിഞ്ഞു എന്നത് രോഗത്തിന്റെ ഭീകരമായ അവസ്ഥ നമ്മെ ഓർമ്മിപ്പിക്കുന്നു. അതോടൊപ്പം കിടത്തി ചികിത്സിക്കാൻ കഴിയാത്ത വിധം വർദ്ധനവാണ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നതെന്നും കണക്കുകൾ പറയുന്നു.
ഡെങ്കിപനി പോലെയുള്ള അസുഖങ്ങൾ നേരത്തേ വന്നവർക്ക് വീണ്ടും വരാൻ സാധ്യതയുള്ളവയാണ്. രോഗത്തിന്റെ ഈ ആവർത്തനസ്വഭാവം കാരണം ശരീരത്തിന്റെ പ്രതിരോധശേഷിയെ തളർത്തി രക്ത
സ്രാവവും രക്തകുഴലുകളിലെ ചോർച്ചയുമടക്കമുള്ള ആപത്കരമായ കാര്യങ്ങൾ രോഗിക്ക് സംഭവിക്കുന്നു. അതീവ ജാഗ്രതയോടെഇതിനെ നേരിട്ടില്ലെങ്കിൽ സംഭവിക്കുന്നത് ജീവഹാനിയടക്കമുള്ള കാര്യങ്ങളാണ്. എപ്പോഴും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്പോൾ മാറിമാറി വരുന്ന സർക്കാരിനെയും ആരോഗ്യവകുപ്പിനെയും പഴി പറഞ്ഞ് കൈകഴുകാനാണ് നമ്മളിൽ മിക്കവർക്കും താൽപ്പര്യം. ആ ഒരു രീതിയും മാറേണ്ടതുണ്ട് എന്നാണ് തോന്നുന്നത്.
രോഗം വന്ന് ചികിത്സ തേടുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കലാണെന്ന തത്വമാണ് ഇവിടെ എല്ലാവരും പ്രയോഗിക്കേണ്ടത്. ഡെങ്കിപനി പകരാൻ കാരണമാകുന്നത് ഈഡിസ് കൊതുകകളാണ്. അധികദൂരം പറക്കാൻ ശേഷിയില്ലാത്ത കൊതുകാണിത്. അതുകൊണ്ട് പരിസരശുചിത്വമുണ്ടെങ്കിൽ തന്നെ ഈ കൊതുകിന്റെ പെരുകൽ കുറയ്ക്കാവുന്നതാണ്. വെള്ളത്തിൽ മുട്ടയിട്ട് പെരുകുന്ന ഈ കൊതുകിനെ ഇല്ലാതാക്കണമെങ്കിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണം. ഇത് ഓരോ വ്യക്തിയും അവരുടെ വീട്ടിൽ നിന്ന് ആരംഭിക്കേണ്ട കാര്യമാണ്.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഉപഭോക്തൃ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അതുകൊണ്ട് തന്നെയായിരിക്കണം യൂസ് ആൻഡ് ത്രോ സംസ്കാരം നമ്മുടെ നാട്ടിൽ ഇത്രമാത്രം വ്യാപകമായതും. ഇങ്ങിനെ വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കുപ്പികളും, കവറുകളും, കളിപ്പാട്ടങ്ങളും, ടയറുകളുമൊക്കെ കേരളത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ സഞ്ചരിച്ചാൽ നമുക്ക് കാണാൻ സാധിക്കും. അവയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെയും മാരകരോഗങ്ങൾ കടന്നുവരുന്നുണ്ട്. ഇതൊക്കെ കണക്കിലെടുത്തുവേണം ഇത്തവണ നമ്മുടെ ഡെങ്കിപനിയെയും മറ്റ് പകർച്ച വ്യാധികളെയും നേരിടാൻ എന്നോർമ്മിപ്പിക്കട്ടെ..