ഇവരുടെ സ്ഥാനം മനസുകളിലാണ്...
പ്രദീപ് പുറവങ്കര
കഴിഞ്ഞ ദിവസം എൺപ്പതിയഞ്ചാം പിറന്നാൾ ആഘോഷിച്ച എള്ളാട്ടുവളപ്പിൽ ശ്രീധരൻ എന്ന വലിയ മനുഷ്യൻ ഇന്ന് നമ്മൾ മലയാളികളുടെയും അതിലുപരി ഇന്ത്യക്കാരുടെയും സ്വകാര്യ അഹങ്കാരവും, അഭിമാനവുമാണ്. രാജ്യ തലസ്ഥാനത്ത് ഡെൽഹി മെട്രോ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയതുകൊണ്ടോ, 1964ൽ 46 ദിവസം കൊണ്ട് പാന്പൻ പാലം പുനർനിർമ്മിച്ചത് കൊണ്ടോ, ഏറ്റവും കുറഞ്ഞ നേരം കൊണ്ട് കൊങ്കൺ പാതയുടെ നിർമ്മാണം പൂർത്തികരിക്കാൻ നേതൃത്വം കൊടുത്തത് കൊണ്ടോ മാത്രമല്ല അദ്ദേഹം നമ്മുടെ അഭിമാനമായി മാറുന്നത്. വയസ് ഏറുന്പോൾ, തലയൽപ്പം നരക്കുന്പോൾ, ഇനിയൊന്നിനുമില്ല എന്ന് പറഞ്ഞ് ചടഞ്ഞ് കൂടിയിരുന്ന് മരണത്തെ കാത്തിരിക്കാൻ വെന്പുന്നവരാണ് നമ്മളിൽ മിക്കവരും. അതിൽ എൺപത്തിയഞ്ച് വയസ് എന്നത് ഒരു വയസല്ലെന്നും ഇപ്പോഴും ചുറുചുറുക്കോടെ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നും തെളിയിച്ചു കൊണ്ടിരിക്കുന്ന വലിയ മനുഷ്യനാണ് ശ്രീ ഇ ശ്രീധരൻ. പൊന്നാനിയിലെ വീട്ടിൽ നിന്ന് കൊച്ചിയിലേയ്ക്കും മറ്റ് മെട്രോ നഗരങ്ങളിലേയ്ക്കും നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനും, വിവിധ ജീവകാരുണ്യപ്രവർത്തനങ്ങളുടെയും, മാനേജ്മെന്റ് പ്രഭാഷണങ്ങളുടെയും ഭാഗമാകാനും അദ്ദേഹം എല്ലായിടത്തും ഓടിയെത്തുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിരവധി പദ്ധതികളുടെ ആസൂത്രണങ്ങൾക്കായി അദ്ദേഹം തന്റെ ചിന്താശക്തിയെ ഉപയോഗപ്പെടുത്തുന്നു. ഇതിനൊന്നും അദ്ദേഹം പ്രായത്തിന്റെ പരിമിതി നോക്കാറെയില്ല എന്ന് പലതവണ നമ്മളൊക്കെ കണ്ടിരിക്കുന്നു.
കേരളത്തിന്റെ വ്യവസായിക തലസ്ഥാനവും, ദിവസവും ലക്ഷകണക്കിന് പേർ യാത്ര ചെയ്യുന്നതുമായ സ്ഥലമാണ് എറണാകുളം അല്ലെങ്കിൽ കൊച്ചി. ഈ തിരക്കിനിടയിൽ ഇവിടെ ഒരു മെട്രോ പ്രൊജക്ട് ഉണ്ടാക്കിയെടുക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ഇ.ശ്രീധരൻ എന്ന ടെക്നോക്രാറ്റ് ഏറ്റെടുത്തത്. തറകല്ലിട്ട് പോയാൽ പിന്നെ ആ കല്ലിന് മുകളിലും കാടും പടലും പടർന്ന് കയറിയാൽ പോലും ആരും ഒന്നും ചെയ്യാത്ത എത്രയോ സ്വപ്ന പദ്ധതികളെ നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങളും സ്വാർത്ഥ താത്പര്യക്കാരും മൂടിയിട്ടുണ്ട്. അങ്ങിനെയൊരു അവസ്ഥ കൊച്ചിയിലെ മെട്രോയ്ക്ക് വരില്ലെന്ന വിശ്വാസം ഉണ്ടാക്കിയെടുത്തത് ഇ ശ്രീധരൻ എന്ന മനുഷ്യന്റെ നിറഞ്ഞ സാന്നിദ്ധ്യമാണ്. പദ്ധതിയുടെ മുഖ്യ ഉപദേശകൻ എന്ന സ്ഥാനമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നതെങ്കിലും, ആ ഉപദേശം എന്നു പറയുന്നത് വിലമതിക്കാൻ പറ്റാത്തതാണ് എന്ന് മെട്രോയുമായി ബന്ധപ്പെട്ട് പ്രവർത്തിവരൊക്കെ ഒറ്റക്കെട്ടായി ഇന്ന് തുറന്ന് പറയുന്നു. കേരളത്തിന്റെ ഈ സ്വപ്നം പൂർത്തിക്കരിക്കാൻ ഇനിയുള്ളത് മൂന്ന് ദിവസങ്ങൾ മാത്രമാണ്. ആലുവയിൽ നിന്ന് പാലാരിവട്ടത്തേയ്ക്ക് മെട്രോ കുതിച്ച് പായുന്പോൾ ഇ ശ്രീധരൻ എന്ന മനുഷ്യന്റെയും, ഇതിന് വേണ്ടി വിയർപ്പൊഴുക്കിയ തൊഴിലാളികളുടെയും മനസും ആഹ്ലാദിക്കും. എന്നാൽ ആ സന്തോഷത്തിന് അൽപ്പം ഇടിച്ചലുണ്ടാക്കുന്ന ഒരു വാർത്ത എന്നെയും വേദനിപ്പിക്കുന്നുണ്ട് എന്ന് പറയാതെ വയ്യ.
ഉദ്ഘാടനവേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ പി സദാശിവം, സംസ്ഥാന ഗതാഗത മന്ത്രി തോമസ് ചാണ്ടി, ഒപ്പം കൊച്ചി മേയർ സൗമിനി ജെയിൻ എന്നിവർ മാത്രം മതിയെന്ന് പ്രധാനമന്ത്രിയുടെ സുരക്ഷാകാര്യങ്ങൾ കൈക്കാര്യം ചെയ്യുന്ന എസ്പിജി സംഘം തീരുമാനിച്ചിരിക്കുന്നു. ഇതിൽ നിയമത്തിന്റെ കുരുക്കൾ ഉണ്ടാകാമെങ്കിലും ഒരിക്കലും ന്യായമായ തീരുമാനമാണെന്ന് തോന്നുന്നില്ല. ഇതോടൊപ്പം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രവർത്തനങ്ങളെയും കാണാതിരിക്കാനാവില്ല. ആളുകളുടെ എണ്ണകൂടുതൽ കാരണം വേദി തന്ന തകർന്ന സംഭവങ്ങൾ നമ്മുടെ നാട്ടിൽ എത്രയോ ഉണ്ടായിട്ടുണ്ട്. ഓരോ തെരഞ്ഞെടുപ്പ് കാലത്തും ജനങ്ങളുടെ വോട്ടഭ്യർത്ഥിക്കാൻ വരുന്പോൾ വേദിയിലേയ്ക്ക് എത്രയോ പേരെ വലിച്ച് കയറ്റാനും രാഷ്ട്രീയ നേതാക്കൾ ശ്രമിക്കാറുണ്ട്. ഒരു നാടിന്റെ സ്വപ്നസാഫല്യത്തിന്റെ പൂർത്തീകരണത്തിന് അതിന് പിന്നിൽ ഏറ്റവും ആത്മാർത്ഥയോടെ പ്രവർത്തിച്ച കൂടി വന്നാൽ പത്തോ അതോ പതിനഞ്ചോ പേരെ ഇരുത്തുന്നത് കൊണ്ട് ബഹുമാന്യനായ പ്രധാനമന്ത്രിക്കോ, മറ്റ് മന്ത്രി പുംഗവന്മാർക്കോ ആപത്തുണ്ടാകുമെന്ന കണ്ടുപിടിത്തം അൽപ്പത്തരം ആണെന്ന് മാത്രമേ പറയാൻ സാധിക്കൂ. ഇങ്ങിനെയൊരു തീരുമാനമെടുത്തത് ആരായാലും അയാൾ ശുദ്ധമണ്ടനാണെന്നും പറയേണ്ടിയിരിക്കുന്നു. കാരണം ഇത്തരം മനുഷ്യർ ജീവിക്കുന്ന വേദികളിൽ മാത്രമല്ല, മറിച്ച് മനസുകളിൽ കൂടിയാണ്. അവിടെ നിന്ന് ഇറക്കിവിടാൻ നിങ്ങൾക്ക് സാധിക്കുകയില്ലെന്ന് ഓർമ്മിപ്പിച്ചു കൊണ്ട്...