പാന്പിനെ തിന്നുന്പോൾ...
പ്രദീപ് പുറവങ്കര
ജീവിതം ഒന്നേ ഉള്ളൂവെന്നും, അതുകൊണ്ട് തന്നെ ഈ കുറഞ്ഞ കാലയളവിൽ എല്ലാം പഠിക്കുകയും, അനുഭവിക്കുയും വേണമെന്ന തോന്നലാണ് പൊതുവെ അമേരിക്ക, യൂറോപ്പ് പോലെയുള്ള സ്ഥലങ്ങളിൽ ജീവിക്കുന്ന മിക്ക മനുഷ്യന്മാർക്കുമുള്ളത്. രണ്ടാം ജന്മത്തെ കുറിച്ച് അത്ര വിശ്വാസമില്ലാത്ത അവർ ജീവിതത്തിൽ ഒരാഗ്രഹം പോലും ബാക്കി വെക്കരുതെന്ന പക്ഷക്കാരാണ്. ഒരു മാസം മുന്പ് നെതർലാൻഡ്സിൽ നിന്ന് വന്ന ഒരു വാർത്ത ഇവിടെ പങ്ക്്വെയ്ക്കട്ടെ.
അവിടയുള്ള 99 വയസുകാരിയായ അമ്മൂമ്മയാണ് ആനി. ജീവിതത്തിൽ എല്ലാം ഒരു വിധം അവർ അനുഭവിച്ച് തീർത്തപ്പോഴാണ് വിചിത്രമായ ഒരാഗ്രഹം അവരെ പിടികൂടിയത്. കൈയാമം വെച്ച് കുറ്റകൃത്യം ചെയ്ത പ്രതിയെ പോലെ ജയിലിൽ കിട്ടക്കണമെന്നതായിരുന്നു ആ ആഗ്രഹം. ആദ്യം അത്ഭുതം തോന്നിയെങ്കിലും ആനിയുടെ ആഗ്രഹത്തിന് ഒടുവിൽ അവിടെയുള്ള പോലീസ് അനുവാദം നൽകി. കഴിഞ്ഞ കുറെ കാലമായി മുത്തശ്ശി ഇത് തന്നെ ആലോചിചിരിക്കുകയാണെന്നും എങ്ങനെയെങ്കിലും സാധിച്ച് തരണമെന്നും ആനിയുടെ അനന്തരവളാണ് പോലീസ് ഉദ്യോഗസ്ഥന്മാരെ അറിയിച്ചത്. എന്തായാലും ഒരു പ്രതിയെ പോലെ കയ്യാമം വെച്ച് ജയിലിൽ കിടക്കുന്ന ആനിയുടെ ഫോട്ടോ നെതർലാൻഡിലൊക്കെ വൈറലായി മാറി. ഇത്തരത്തിൽ വിചിത്രവും, രസകരവും, ഭീകരവുമൊക്കെയായിരിക്കും നമ്മിൽ പലരുടെയും ആഗ്രഹങ്ങൾ. ഒരു കടലാസിൽ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും എഴുതിവെച്ചാൽ കൂടി പോയാൽ പത്തോ ഇരുപതോ കാണുമെന്ന് ഒരു സിനിമയിൽ കേട്ടതും ഓർക്കുന്നു.
പറഞ്ഞു വരുന്നത് ഈ ലോകത്തെ പറ്റി തന്നെയാണ്. പലപ്പോഴും നമ്മൾ ഒരു വേലിക്കെട്ട് നിർമ്മിച്ച് അതിനുള്ളിൽ മാത്രം കഴിയുന്പോഴാണ് ഈ ലോകത്ത് പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. വേലി തുറന്ന് വെക്കാനോ, ഇടയ്ക്ക് അതിനപ്പുറത്തേയ്ക്ക് പോകാനോ സാധിക്കാതെ വരുന്പോൾ വ്യക്തിയാവട്ടെ, സമൂഹമാകട്ടെ, രാഷ്ട്രമാകട്ടെ അവർ ചുരുങ്ങി ചുരുങ്ങി ഇല്ലാതാകുന്നു. ഇന്ന് നമ്മുടെ നാട്ടിൽ സജീവമായി കൊണ്ടിരിക്കുന്ന ഭക്ഷണ ചിന്തകളും ആശങ്കകളും ഇത്തരം ചുരുങ്ങി പോകലിന്റെ തെളിവുകളാണ്. കഴിഞ്ഞ ദിവസം യൂറോപ്യൻ രാജ്യങ്ങളിൽ കഴിക്കുന്ന ചില ഭക്ഷണങ്ങളെ പറ്റി വായിക്കാനിടയായി. ഇതു പ്രകാരം കുറച്ചു കൂടി കാലം കഴിഞ്ഞാൽ ഈ ലോകത്ത് നമ്മൾ ഇന്ന് കഴിക്കുന്ന ഭക്ഷണമൊന്നും തന്നെ ലഭ്യമാകില്ലെന്നും പകരം നമുക്കൊന്നും ഒരിക്കലും ചിന്തിക്കാൻ പറ്റാത്ത തരത്തിൽ കീടങ്ങളായിരിക്കുമത്രെ ഭക്ഷണമെന്നാണ് ഐക്യരാഷ്ട്ര സഭ തന്നെ നടത്തിയ ഒരു പഠനം അഭിപ്രായപ്പെടുന്നത്. ഇതിൽ പെട്ട കീടങ്ങളായ ചിലന്തി, നാടവിര, ചെറിയ വണ്ട്, ചിതൽ, പുഴുക്കൾ, തേൾ, തേനീച്ച, പുൽചാടി, പാറ്റ എന്നിവ ഇപ്പോൾ തന്നെ ലോകത്തിന്റെ പലയിടങ്ങളിലും തീന്മേശയിലെ ഇഷ്ടവിഭവമാണ് എന്നു കൂടി നാം മനസിലാക്കണം.
സാഹചര്യങ്ങളാണ് ഒരാളുടെ ഭക്ഷണമോ, ജീവിതക്രമമോ നിശ്ചയിക്കുന്നത് എന്ന് തിരിച്ചറിഞ്ഞാൽ തന്നെ ഇത്തരത്തിലുള്ള ആശങ്കകൾ തീരും. പാന്പിനെ തിന്നുന്ന നാട്ടിൽ നടുകണ്ടം തിന്നണമെന്ന് മുന്പേ നടന്നവർ പറഞ്ഞുവെച്ചതും ഇതേ ചിന്ത കൊണ്ടാണ്.