തിരിച്ചറിയേണ്ട ജീവിതം...
പ്രദീപ് പുറവങ്കര
ജീവിതത്തിൽ നമ്മളെല്ലാവരും തന്നെ എപ്പോഴെങ്കിലുമൊന്ന് കണ്ടിരുന്നവെങ്കിൽ എന്നാഗ്രഹിക്കുന്ന നിരവധി പേരുണ്ടാകാം. ചിലർ നമ്മൾ ഈ ഭൂമിയിൽ ജനിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുന്പ് ജീവിച്ച് മരിച്ചവർ, ചിലർ നമ്മൾ ജീവിക്കുന്ന അതേ കാലത്ത് ഭൂമിയുടെ മറ്റേതെങ്കിലും ഭാഗത്ത് ജീവിച്ചു കൊണ്ടിരിക്കുന്നവർ. ചിലർ നമ്മുടെ പ്രാർത്ഥനാമുറിയിലെ ചിത്രങ്ങളുമായിരിക്കാം. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ പറ്റി പ്രശസ്തനായ ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞ വാക്കുകൾ ഓർക്കട്ടെ. ഇങ്ങിനെയൊരു മനുഷ്യൻ ഈ ഭൂമുഖത്ത് ജീവിച്ചിരുന്നു എന്നു പറഞ്ഞാൽ പോലും വിശ്വസിക്കാത്ത ഒരു കാലം വരുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്തരത്തിൽ നമുക്കു മുന്പേ നടന്ന് നീങ്ങിയവർ ഇങ്ങിനെ എത്രയോ പേർ. നമ്മളും അതേ പാതയിലാണെന്ന് പലപ്പോഴും തിരിച്ചറിയാതെ പോകുന്പോഴാണ് ജീവിതം ഒരസംബന്ധ നാടകമായി മാറി പോകുന്നത്. ജീവിതം ലളിതമാണെങ്കിലും നമ്മളാണ് അതിനെ ദുർഘടമാക്കുന്നതെന്ന കൺഫ്യൂഷസിന്റെ വരികളും ഈ ചിന്തയ്ക്കൊപ്പം പ്രസക്തം.
പ്രായമായ മാതാപിതാക്കൾ ഉള്ള എത്രയോ പേർ നമ്മുക്കിടയിൽ ഉണ്ട്. ജീവിതപ്രാരബ്ധങ്ങൾക്ക് നടുവിൽ ചുറ്റിതിരിയുന്പോൾ പലപ്പോഴും ഇവരെ ശ്രദ്ധിക്കാനോ, സ്നേഹിക്കാനോ, പരിചരിക്കാനോ സാധിച്ചെന്ന് വരില്ല. പക്ഷെ എന്നെങ്കിലും അവിചാരിതമായോ അല്ലാതയോ അവർ ഇല്ലാതാകുന്പോൾ ഉടനെ തന്നെ ഒരു ഫോട്ടോയുണ്ടാക്കി അതിന്മേൽ ഒരു മാല ചാർത്തും. എന്നിട്ട് സദസുകളിൽ പിരിഞ്ഞുപോയവരെ പറ്റിയുള്ള ഓർമ്മകൾ ചൂടുചായക്കൊപ്പം പങ്കുവെയ്ക്കും. ജീവനോടെ അവർ ഉണ്ടായിരുന്നപ്പോൾ പരസ്പരം കാണാനോ, ഹൃദയം പങ്കിടാനോ, കേൾക്കാനോ മറന്നുപോയവരായിരിക്കും ഞാനും നിങ്ങളും. ജീവിതത്തിന്റെ ഓട്ടപ്രദക്ഷിണത്തിനടയിൽ ഇങ്ങിനെയുള്ള നിരവധി യാഥാർത്ഥ്യങ്ങളുണ്ട്. പലതും ഓർക്കാൻ വലിയ രസമില്ലാത്തത് കൊണ്ട് ഓർക്കുന്നില്ലെന്ന് മാത്രം.
കുറച്ച് കാലം കഴിഞ്ഞാൽ നമ്മെ പറ്റിയും ഓർക്കാൻ ആരുമുണ്ടാകില്ലെന്നതും പകൽ പോലെ സത്യമാണ്. ഇന്ന് നമ്മൾ ജീവനെക്കാൾ വില കൊടുക്കുന്ന മക്കളുടെ മക്കളുടെ മക്കൾക്ക് നമ്മുടെ പേര് പോലും ഓർമ്മ കാണില്ല. അവർ എങ്ങിനെ ആയി തീരുമെന്നോ, എവിടെയായിരിക്കുമെന്നോ നമുക്ക് ഒരിക്കലും അറിയാനും സാധിക്കില്ല. സംശയമുണ്ടെങ്കിൽ സ്വന്തം പ്രപിതാമഹന്‍മാരെ പറ്റി ഓർത്തു നോക്കൂ. ആ പേര് പോലും നമ്മളിൽ മിക്കവർക്കും ഓർമ്മയുണ്ടാകില്ല. അവരും അവരുടെ ജീവിതകാലത്ത് തനിക്ക് ചുറ്റുമാണ് ഈ ലോകം കറങ്ങുന്നത് എന്നൊക്കെ ചിന്തിച്ചു കൂട്ടിയിരിക്കാം. പക്ഷെ കാലം അവരെയും വിഴുങ്ങി കളഞ്ഞു. അതുകൊണ്ട് തന്നെയാണ് വിവേകമുള്ളവർ പറയുന്നത് പോലെ ജീവിക്കുന്പോൾ പ്രിയപ്പെട്ടവരെയും, അല്ലാത്തവരെയുമൊക്കെ വല്ലാതെ സ്നേഹിക്കുക. കാരണം എല്ലാവരും, എപ്പോഴും, നമ്മുടെ കൂടെയോ, നമ്മൾ അവരുടെ കൂടെയോ ഉണ്ടാകില്ലെന്ന് മനസിലാക്കുക. ഏറ്റവും ലളിതമായി പറഞ്ഞാൽ ഈ തിരിച്ചറിവ് മാത്രമാണ് ജീവിതം...