നിറയുന്ന വാട്സാപ്പ് ഗ്രൂപ്പുകൾ
പ്രദീപ് പുറവങ്കര
ഇന്ന് ഒരു സാധാരണ മനുഷ്യൻ ഏറ്റവുമധികം സമയം ചെലവഴിക്കുന്നത് അവന്റെ കുടുംബത്തോടൊപ്പമോ, പ്രിയപ്പെട്ടവരോടൊപ്പമോ, സുഹൃത്തുക്കളോടൊപ്പമോ ആയിരിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഒരു ഇഫ്താർ സംഗമത്തിൽ പങ്കെടുത്തപ്പോൾ ഒരു കൂട്ടുക്കാരൻ പറയുകയുണ്ടായി. കുറച്ച് അതിശയത്തോടെ ഞാൻ ആ മുഖത്തേയ്ക്ക് നോക്കിയപ്പോൾ ഞങ്ങളിരുന്ന മേശയുടെ ചുറ്റിലേക്കും ഒന്നു കണ്ണോടിക്കാൻ അവൻ ആവശ്യപ്പെട്ടു. ശരിയാണ്, എല്ലാവരുടെയും തല കുനിച്ച് സ്വന്തം മൊബൈൽ ഫോണിലേയ്ക്ക് നോക്കി ഇരിക്കുന്നു. ഒരു തരത്തിൽ അവരൊക്കെ സ്മാർട്ടായി കൊണ്ടിരിക്കുന്നു. നോന്പ് തുറ ആരംഭിക്കാനിരിക്കുന്നത് വരേയ്ക്കും അവരവരുടെ ലോകത്ത് ആണ് എല്ലാവരും. ഒരു അഞ്ച് വർഷം മുന്പെങ്കിലും നോന്പുതുറകളായിക്കോട്ടെ, സൗഹർദസംഗമങ്ങളായിക്കോട്ടെ, അവിടെ തൊട്ടടുത്തയാളോട് പരസ്പര വിശേഷങ്ങളുടെ ഒരു പങ്ക് വെയ്ക്കലായിരുന്നു നടന്നിരുന്നത്. എന്നാൽ അത്തരം പങ്ക് വെയ്ക്കലൊക്കെ ഇന്ന് മൊബൈൽ ഫോണിന്റെ ചെറിയ ചതുരത്തിലായിരിക്കുന്നു എന്ന സങ്കടകരമായ യാത്ഥാർത്ഥ്യമാണ് കൂട്ടുക്കാരൻ പങ്കിട്ടത്.
സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവരും, വാട്സാപ്പ് നന്പറുകൾ ഉള്ളവരുമാണ് നമ്മളിൽ മഹാഭൂരിഭാഗം പേരും. തങ്ങളുടെ നന്പറിൽ എത്ര ഗ്രൂപ്പുകളുണ്ടെന്ന് പോലും ഇതിൽ മിക്കവർക്കും അറിയുന്നുണ്ടാകില്ല. വൈകുന്നേരമാകുന്പോൾ വീട് അടിച്ച് വാരുന്നത് പോലെ ഫോണിന്റെ ഗാലറിയിൽ വന്നടിയുന്ന ചിത്രങ്ങളും, വീഡിയോളും തൂത്ത് തുടക്കുന്നതാണ് ഇന്ന് നമ്മളിൽ മിക്കവരുടെയും പ്രധാന ജോലി. ഇല്ലെങ്കിൽ ഫോൺ ഹാങ്ങ് ആകും. രാവിലെ ഉറങ്ങിയെഴുന്നേൽപ്പിക്കുന്ന ഗുഡ് മോണിങ്ങ് മെസേജ് മുതൽ രാത്രി ഉറങ്ങാനായി താരാട്ട് പാട്ടുകൾ വരെ ഗ്രൂപ്പുകളിൽ നിറഞ്ഞുകവിയുന്നു. ഇതിൽ ഏതെടുക്കണമെന്ന സന്ദേഹത്തിൽ പലപ്പോഴും ഒന്നും പോലും നോക്കാത്തെ ഡിലീറ്റ് ചെയ്യപ്പെടുന്നതാണ് മിക്കവരുടെയും രീതി. ചില ഗ്രൂപ്പുകളിൽ രാഷ്രീയത്തിന്റെയും മതത്തിന്റെയും അതിപ്രസരമാണ്. തങ്ങളുടെ വാദഗതികൾ സ്ഥാപിച്ചെടുക്കാൻ വേണ്ടിയുള്ള ഗംഭീരമായ വഴക്കുകൾ ഇതിൽ കാണാം. ചിലതൊക്കെ വ്യക്തിപരമായ കടുത്ത ശത്രുതയിലേയ്ക്കും എത്തുന്നു. ഒന്നാം ക്ലാസിൽ ഒന്നിച്ച് പഠിച്ചവരുടെ നൊസ്റ്റാൾജിയ ഗ്രൂപ്പ് മുതൽ ക്വട്ടേഷൻ സംഘങ്ങൾക്ക് വരെ ഇന്ന് ഗ്രൂപ്പുകളുണ്ട്. തമാശ മുതൽ വേദനകളും, വികാരങ്ങളും, പ്രക്ഷോഭങ്ങളും വരെ ഈ ഇടത്തിൽ പങ്കിടുന്നു.
നിലവിൽ ഈ ലോകത്ത് നൂറുകോടിയിലധികം വാട്സാപ്പ് ഗ്രൂപ്പുകളാണത്രെ ഉള്ളത്. പക്ഷെ പുതിയ കാലത്ത് ഇത്തരം ഇടങ്ങൾക്ക് മുകളിൽ കർശനമായ നിയന്ത്രണങ്ങൾ വന്നുകൊണ്ടിരിക്കുകയാണെന്നത് പലർക്കും അറിയാത്ത വസ്തുതയാണ്. പ്രത്യേകിച്ച് പ്രവാസലോകത്ത് വളരെ അധികം നിരീക്ഷണങ്ങളാണ് സോഷ്യൽ മീഡയകളിൽ നടക്കുന്നത്. പല രാജ്യങ്ങളിലും സോഷ്യൽ മീഡിയയിലൂടെ തെറ്റായ സന്ദേശങ്ങൾ നൽകിയത് ജയിൽ ശിക്ഷയുൾപ്പടെ ഏറ്റുവാങ്ങുന്നവരുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും ഓർമ്മിപ്പിക്കട്ടെ...