കാണാതെ പോകരുത് ഈ സമരങ്ങൾ...
പ്രദീപ് പുറവങ്കര
കൃഷി എന്നത് മഹത്തായ ഒരു സംസ്കാരത്തിന്റെ ഭാഗമാണ്. മണ്ണിൽ പൊന്ന് വിളയിക്കാൻ അതുകൊണ്ട് തന്നെ ഒരു സംസ്കാരസന്പന്നന് മാത്രം സാധിക്കുന്ന കാര്യവുമാണ്. എന്നാൽ പലപ്പോഴും ഇവരുടെ സന്പന്നത സംസ്കാരത്തിൽ മാത്രം ഒതുങ്ങി പോകുന്നു എന്നതും യാഥാർത്ഥ്യമാണ്. പട്ടിണിയും, ദുരിതവും അലട്ടുന്നവരാണ് ഇന്നും നമ്മുടെ നാട്ടിലെ മഹാഭൂരിഭാഗം കർഷകരും. മറ്റുള്ളവരെ ഊട്ടാൻ വേണ്ടി രാപ്പകൽ പണിയെടുക്കുന്ന കർഷകന്റെ കൂരയിൽ അതു കൊണ്ട് തന്നെ ഇപ്പോഴും അന്നത്തിന് മുട്ട് അനുഭവപ്പെടുന്നു. ഇതിന്റെ തെളിവുകളാണ് ഇന്ന് രാജ്യം മുഴവൻ ആളികത്തികൊണ്ടിരിക്കുന്ന കർഷക സമരങ്ങൾ. കാർഷിക വിളകളെയും, കന്നുകാലി വളർത്തലിനെയും പ്രതികൂലമായി ബാധിച്ച തുടർച്ചയായ വരൾച്ച, കാർഷികോത്പന്നങ്ങളുടെ വിലതകർച്ച, താങ്ങുവിലയുടെ അഭാവം, കടകെണി കാരണം കെട്ടിതൂങ്ങി മരിക്കേണ്ടി വരുന്ന അവസ്ഥ, ഇവരോട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിരന്തരം ആവർത്തിക്കുന്ന കുറ്റകരമായ അവഗണന തുടങ്ങിയ കാരണങ്ങളാണ് ഇത്തരം പ്രക്ഷോഭങ്ങൾ വർദ്ധിക്കാനുള്ള പ്രധാന കാരണം.
നേരത്തേ വരൾച്ചാ ദുരിതാശ്വാസം ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ കർഷകർ 41 ദിവസം നടത്തിയ പ്രതിക്ഷേധ പ്രകടനങ്ങൾ താത്കാലികമായി പിൻവലിച്ചുവെങ്കിലും, ഇന്ന് മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങി സംസ്ഥാനങ്ങളിൽ കർഷകർ വലിയ പ്രക്ഷോഭങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. ഇതിൽ മധ്യപ്രദേശിൽ അക്രമാസക്തമായ പ്രക്ഷോഭത്തെ തുടർന്ന് ആറ് കർഷകർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. കർഷകരുടെ സമരങ്ങൾ അക്രമാസക്തമാക്കുന്നത് സാമൂഹ്യവിരുദ്ധരുടെ ഇടപെടൽ കൊണ്ടാണെന്ന് തെളിയിക്കാൻ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങൾ കാണിക്കുന്ന വ്യഗ്രത ഒരിക്കലും ശരിയായ കാര്യമാണെന്ന് തോന്നുന്നില്ല. ഇത് നിലവിലെ അന്തരീക്ഷം കൂടുതൽ വഷളാക്കാൻ മാത്രമേ സഹായിക്കൂ. കഴിഞ്ഞ രണ്ട് ദശകങ്ങളിലായി മൂന്ന് ലക്ഷത്തോളം കർഷകകാണ് നമ്മുടെ നാട്ടിൽ ആത്മഹത്യ ചെയ്തത്. ഇത് കണക്കിലെടുത്ത് കാർഷിക കടങ്ങൾ എഴുതി തള്ളണമെന്നാണ് സമരം ചെയ്യുന്നവരുടെ പ്രധാന ആവശ്യം. പലപ്പോഴും ഇത്തരം എഴുതിതള്ളലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും അതിന്റെ പ്രയോജനം വൻകിട കർഷകർക്കാണ് ലഭിക്കാറുള്ളത്. ഇത് കാരണം പാവപ്പെട്ട കർഷകർക്ക് വീണ്ടും വീണ്ടും തങ്ങളുടെ കാർഷിക വിളകൾ ഉണ്ടാക്കിയെടുക്കാൻ കഴുത്തറപ്പൻ പലിശ ഈടാക്കുന്ന സ്വകാര്യ പണമിടപാടുകാരുടെ കാലിൽ വീഴേണ്ടി വരുന്നു. അതുകൊണ്ട് തന്നെ വിത്ത്, വള്ളം, അതുപോലെ വൈദ്യുതി, ജലസേചനം എന്നീ സൗകര്യങ്ങൾ സൗജന്യമാക്കി വേണം നമ്മുടെ നാട്ടിലെ ഇടത്തരം, ചെറുകിട കർഷകരെ നിലനിർത്താൻ.
വിജയ് മാല്യയെ പോലെയുള്ള കോർപ്പറേറ്റുകൾക്ക് വായ്പ്പെയെടുത്ത കോടിക്കണക്കിന് രൂപ എഴുതിതള്ളുന്നത് മാത്രമായിരിക്കരുത് സർക്കാറുകളുടെ നയം. രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പു നൽകുന്ന, സാന്പത്തിക വളർച്ചയ്ക്ക് അടിത്തറ പാകുന്ന, കർഷകരോടുള്ള അവഗണന ഏറ്റവും വലിയ കുറ്റകൃത്യമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഗതികെട്ടിട്ടാണ് പാവം കർഷകർ സമരത്തിനിറങ്ങുന്നതെന്നും മനസിലാക്കുക. നാടിനെ തീറ്റിപ്പോറ്റുന്ന ഈ പാവപ്പെട്ടവരോടുള്ള നീതി നടപ്പിലാക്കുമെന്ന വിശ്വാസത്തോടെ...