നയം മാറുമുന്പോൾ...
പ്രദീപ് പുറവങ്കര
സർക്കാറിന്റെ പുതിയ മദ്യനയത്തിലൂടെ നമ്മുടെ നാട്ടിൽ മദ്യം ഇനി ഒഴുകും എന്നാണ് സകലമാന മദ്യവിരോധികളും കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തോളമായി കേരളത്തിൽ ത്രീസ്റ്റാർ, ഫോർ സ്റ്റാർ ബാറുകൾ നിരോധിച്ചത് കൊണ്ട് മലയാളികളെല്ലാം മാന്യമാരായി മാറിയെന്നും, പുതിയ തീരുമാനം കാരണം പഴയ പടി അവരൊക്കെ വലിയ തെമ്മാടികളാകുമെന്നും ഇവർ കരുതുന്നു. രാവിലെ ഉറക്കപ്പായയിൽ നിന്നും ചാടിയെഴുന്നേറ്റ് സ്ത്രീകളടക്കമുള്ള കുഞ്ഞുകുട്ടിപരാധീനങ്ങൾ നടന്നു പോകുന്ന വഴിവക്കിൽ സ്ഥാപിച്ചിരിക്കുന്ന ബീവറേജസ് ശാഖകളുടെ മുന്പിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്ന മലയാളി പുതിയ തീരുമാനത്തോടെ വളരെ മോശക്കാരനായി മാറുമെന്ന ധ്വനിയാണ് അവരുടെ ചിന്തകളിൽ നിറയുന്നത്.
സത്യത്തിൽ എന്താണ് വിദേശ മദ്യമെന്ന് മനസ് ചോദിച്ചപ്പോഴാണ് https://en.wikipedia.org/wiki/Indian-made_foreign_liquor എന്ന ലിങ്കിലേയ്ക്ക് യാത്ര ചെയ്തത്. അതിൽ പറഞ്ഞിരിക്കുന്നതനുസരിച്ച് സാധാരണ ഗതിയിൽ വിദേശത്തൊക്കെ മുന്തിരി പോലെയുള്ള പഴങ്ങൾ വാറ്റിയുണ്ടാക്കുന്ന ലഹരിപാനീയങ്ങൾക്ക് പകരം ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിൽ പഞ്ചസാര സത്ത് ഉപയോഗിച്ച് ഉണ്ടാക്കുന്ന സ്പിരിറ്റാണ് ഉപയോഗിക്കുന്നത്. ശരിക്കും പറഞ്ഞാൽ വ്യാജൻ എന്നർത്ഥം. നമ്മുടെ നാട്ടിലെ നിയമം അനുസരിച്ച് മായം ചേർത്ത ഭക്ഷ്യവസ്തുക്കൾ ഉൽപാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും തെറ്റാണ്. അങ്ങിനെ നോക്കുന്പോൾ കേരളത്തിലെ ബീവറേജസ് ശാഖകളിലൂടെ കാലങ്ങളായി ഒഴുകുന്നത് വളരെ വിലകുറഞ്ഞ മദ്യമാണ്. അപ്പോൾ പിന്നെ മദ്യപരുടെ കാര്യത്തിലുള്ള താൽപര്യമല്ല മറിച്ച് ഉൽപാദകരുടെയും വിതരണക്കാരുടെയും കച്ചവട താത്പര്യങ്ങളാണ് ഓരോ സർക്കാറിനെയും മദ്യനയം ഉണ്ടാക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകമെന്ന് നമ്മൾ സദാ ജനം തിരിച്ചറിയണം. ഇടക്കിടെ മദ്യനിരോധനം, മദ്യവർജ്ജനം എന്നൊക്കെ വലിയ വായയിൽ വിളിച്ചു പറഞ്ഞാൽ തന്നെ പാവം മദ്യവിരോധികൾ സമാധാനപ്പെടുമെന്ന് നമ്മുടെ രാഷ്ട്രീയക്കാർക്കും നന്നായി അറിയാം.
കുടിച്ച് പൂസായി തുണിയുരിഞ്ഞ് വഴിയിൽ കിടക്കുന്ന മദ്യപന്മാരെ കണ്ടാണ് നമ്മൾ മലയാളിക്ക് ശീലം. അതിന്റെ പ്രധാന കാരണം അവൻ കഴിക്കുന്നത് നല്ല മദ്യമല്ല എന്നത് തന്നെയാണ്. നല്ല മദ്യം, നല്ല വിലയോടെ, കുറേ കൂടി വൃത്തിയിൽ നൽകാൻ തുടങ്ങുകയാണ് പുതിയ മദ്യനയത്തോടൊപ്പം കേരളം ചെയ്യേണ്ടത്. മുന്പെടുത്ത തീരുമാനം കൊണ്ട് നമ്മുടെ നാട്ടിൽ ലഹരിയുടെ ഉപയോഗം കുറഞ്ഞിട്ടില്ലെന്ന് കണക്കുകളും വ്യക്തമാക്കുന്നു. പ്രത്യേകിച്ച് യുവജനങ്ങൾ മദ്യത്തിന് പകരം അതിലും വീര്യം കൂടിയ മയക്ക് മരുന്ന് പോലെയുള്ള ലഹരികൾക്ക് അടിമകളായി കൊണ്ടിരിക്കുന്നു. ഇത്തരം ലഹരികളുടെ ഉപയോഗം സാമൂഹ്യ ജീവിതത്തെ കൂടുതൽ ദുരിതമയമാക്കുന്നുണ്ട്. അതോടൊപ്പം വൈകീട്ടെന്താ പരിപാടിയെന്ന് ചോദിക്കുന്നവർ ഏറെയുള്ള ജനസമൂഹത്തിൽ ലഹരിയുടെ ഉപയോഗം ഒറ്റയടിക്ക് കുറക്കാമെന്ന് ചിന്തിക്കുന്നത് മൗഢ്യമാണ്. സന്തോഷത്തെ എങ്ങിനെയെങ്കിലും കൈയെത്തി പിടിക്കുക എന്ന ചിന്തയിൽ മനുഷ്യൻ ജീവിക്കുന്ന കാലമാണിത്. അതുകൊണ്ട് തന്നെ മദ്യമടക്കമുള്ള ലഹരികൾ ആ സന്തോഷം നൽകുമെന്നും അവർ ഉറച്ച് വിശ്വസിച്ച് പോകുന്നു. മദ്യം നിരോധിച്ചാൽ അടുത്ത വിഷത്തെ ലക്ഷ്യമാക്കി അവർ യാത്ര തുടരും, തീർച്ച.