എന്തിന്റെ പേരിലായാലും...
ആശയങ്ങൾ നഷ്ടപ്പെടുന്നിടത്താണ് ആയുധങ്ങൾ ഉയർന്നു വരുന്നത്. അവിടെയാണ് സംഘർഷങ്ങളും ഉണ്ടാകുന്നത്. ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുമെന്ന് പറയുന്ന ഉപദേശത്തെ അതു പോലെയെടുത്തു കൊണ്ട് ഏത് നീചമായ മാർഗത്തിലൂടെയും തങ്ങളുടെ ആവശ്യം നിറവേറ്റുക എന്ന അവസ്ഥയിലാണ് നമ്മുടെ രാജ്യത്തിലെ ചിലരുടെയെങ്കിലും പോക്കെന്ന് ഇന്നലെ ഡൽഹിയിലെ എകെജി സെന്ററിൽ സിപിഎമ്മിന്റെ പാർട്ടി സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ നടന്ന കൈയേറ്റശ്രമം തെളിയിക്കുന്നു. അധികാരത്തിന്റെ അഹന്തയും എതിർശബ്ദങ്ങളെ വളരെ വേഗം തച്ചുടക്കാമെന്ന വ്യാമോഹവുമാണ് ഇത്തരം അക്രമത്തിലേയ്ക്ക് ചിലരെ നയിച്ചിരിക്കുന്നത്. രാജ്യം ഭരിക്കുന്ന ബിജെപിയുമായോ സംഘപരിവാറുമായോ ഒരു ബന്ധവും ഈ ആക്രമികൾക്ക് ഇല്ലെന്ന് പറയുന്പോഴും മുഴുവൻ ജനസമൂഹത്തിനും ആ വാദം സ്വീകാര്യമാകണമെന്നില്ല.
ഇതാദ്യമായിട്ടല്ല സിപിഎമ്മിന്റെ ഡൽഹി ആപ്പീസിന് നേരെ അക്രമണമുണ്ടാകുന്നത്. ഇന്ത്യാ മാഹാരാജ്യത്ത് മൊത്തമായെടുത്താൽ വലിയ രാഷ്ട്രീയ ശക്തിയാണെന്ന് സിപിഎം എന്ന് മറ്റുളളവർ ആരോപിക്കുമെങ്കിലും രണ്ട് സംസ്ഥാനങ്ങൾ ഇപ്പോഴും ഭരിക്കുന്ന കക്ഷിയാണ് ഇതെന്ന് മറന്നു കൊണ്ടാണ് പലപ്പോഴും ഇത്തരത്തിലുള്ള അക്രമപ്രവർത്തനങ്ങൾ അരങ്ങേറുന്നത്. മതന്യൂനപക്ഷങ്ങളെ എതിർക്കുന്നതിനോടൊപ്പം രാജ്യത്തെ കമ്മ്യൂണിസ്റ്റ് ആശയത്തിൽ വിശ്വസിക്കുന്നവരെയും ഇല്ലായ്മ ചെയ്യണമെന്നൊക്കെ വിചാരിച്ച് ഇത്തരം പ്രവർത്തനം നടത്തുന്നവർ സത്യത്തിൽ വലിയ മൂഢമാന്‍മാരാണെന്നതിൽ സംശയമില്ല. ദേശീയതയുടെ പേരിലും, വെറുപ്പിന്റെ പ്രത്യയശാസ്ത്ര പ്രചരണത്തിലൂടെയും, നമ്മുടെ രാജ്യത്ത് വലിയ കലാപങ്ങൾ സൃഷ്ടിക്കുവാനും അരക്ഷിതാവസ്ഥ ഉണ്ടാക്കാനുമുള്ള ഈ ശ്രമങ്ങൾ ഒരു കാലത്തും വിജയം കാണില്ല എന്ന യാത്ഥാർത്ഥ്യവും ഈ അക്രമകാരികൾ മനസിലാക്കേണ്ടതുണ്ട്.
ഭയത്തിൽ നിന്നാണ് ആക്രമണത്തിന്റെ തുടക്കമുണ്ടാകുന്നത്. ഏത് ആക്രമവും അങ്ങിനെ തന്നെയാണ്. ഇപ്പോൾ യെച്ചൂരിക്ക് നേരെയുണ്ടായ അക്രമം മാത്രമല്ല, മറിച്ച് നേരത്തേ ഉമ്മൻചാണ്ടിക്ക് നേരെയും അരവിന്ദ് കേജരിവാളിന് നേരെയും ഉണ്ടായ ആക്രമങ്ങളുടെ കാരണം ഇതേ ഭയം തന്നെ. രാഷ്ട്രീയ ആശയങ്ങളെ രാഷ്ട്രീയ ആശയങ്ങൾകൊണ്ടാണ് നേരിടേണ്ടതെന്ന് അറിയാത്തവരല്ല ആരും. പലപ്പോഴും അണികളാണ് ഈ ഒരു തത്വത്തിൽ നിന്ന് വ്യതിചലിക്കുന്നത്. അതല്ലാതെ കുമ്മനം രാജശേഖൻ കൊടിയേരി ബാലകൃഷ്ണനെ കയ്യേറ്റം ചെയ്തതായോ രമേശ് ചെന്നിത്തല വിഎസ് അച്യുതാനന്ദന്റെ കരണത്തടിച്ചതായോ ആർക്കും അറിയില്ല. ഇവർ തമ്മിൽ പരസ്പരം കാണുന്പോൾ കെട്ടിപുണരുന്ന പടങ്ങൾ കണ്ട് എത്രയോ തവണ നിർവൃതി അടഞ്ഞിട്ടുമുണ്ട്. അതു കൊണ്ട് തന്നെ നല്ല രാഷ്ട്രീയത്തിന്റെ വക്താക്കളാകാൻ നേതാക്കൾക്കും അണികൾക്കും ഒരു പോലെ സാധിക്കട്ടെ എന്നാഗ്രഹത്തോടെ...