മദ്യം വിഷമാണ്, വിഷയവും...
പ്രദീപ് പുറവങ്കര
മദ്യപാനം ആരോഗ്യത്തിന് ഹാനീകരമാണെന്നതിൽ ഒരു പുനർവിചിന്തനത്തിന് സ്കോപ്പില്ല. സമൂഹത്തിൽ നിലനിൽക്കുന്ന ക്രമസമാധനം തകർക്കുന്നതിനും അക്രമസംഭവങ്ങൾ അരങ്ങേറുന്നതിനുമെല്ലാം മദ്യം ഒരു പ്രധാന കാരണമാണെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. ജനങ്ങളുടെ ആരോഗ്യ സുരക്ഷയിൽ അതീവ ജാഗ്രതയുള്ള സർക്കാരുകൾ മദ്യം ആരോഗ്യത്തിന് ഹാനീകരമാണെന്ന് എഴുതിവെച്ച് അത് വിൽക്കുന്നു. ഹാനീകരമാണെങ്കിൽ അത് നിരോധിച്ചുകൂടെ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ടെങ്കിലും, വിൽപ്പന നിർത്താൻ കഴിയില്ല പകരം ജനങ്ങൾക്ക് തിരിച്ചറിവുണ്ടായി മദ്യം അവർ സ്വയം വർജ്ജിക്കട്ടെ എന്ന ആശയമാണ് ഇവർ പിന്തുടരുന്നത് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. ഇത്തരത്തിലൊരു സൈക്കോളജിക്കൽ മൂവ്മെന്റ് വഴി ജനങ്ങളുടെ തിരിച്ചറിവ് വളർത്തിയെടുക്കാൻ കേന്ദ്രവും സംസ്ഥാനവും പെടാപ്പാട്പ്പെടുകയാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.
കേരളത്തിൽ യുഡിഎഫ് ഭരിച്ചിരുന്ന കാലത്തും ഇപ്പോൾ എൽഡിഎഫ് ഭരിക്കുന്ന സമയത്തും വിഷമായ മദ്യം ഒരു പ്രധാന വിഷയമാണ്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് ഇതിനകം ഒരു വർഷം പിന്നിട്ടു. തിരഞ്ഞെടുപ്പ് സമയത്ത് കാഴ്ചവെച്ച പ്രകടനങ്ങളിൽ നിന്ന് വേർത്തിരിച്ചുണ്ടാക്കി പ്രാകാശിപ്പിച്ച പത്രിക പ്രകാരം യുഡിഎഫിന്റെ മദ്യനയത്തോട് നേരെ എതിരായിരുന്നു എൽഡിഎഫിന്റെ പ്രവർത്തന ശൈലി. ഇപ്പോൾ ഈ കുറിപ്പെഴുതി തീരുന്നതിന് മുന്പ് സർക്കാർ ഹൈക്കോടതിയോട് തെറ്റ് സമ്മതിച്ചിരിക്കുന്നു.
മദ്യശാലകൾ പൂട്ടി ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ യുഡിഎഫ് ഇറങ്ങിപുറപ്പെട്ടതും പിന്നീട് ബാർ കോഴക്കേസിൽ പെട്ട് മന്ത്രി മാണി രാജിവെച്ചതുമെല്ലാം നാട്ടിൽ പാട്ടായ കാര്യമാണ്. പക്ഷെ ഇവിടെ എൽഡിഎഫ് ഭരണത്തിൽ തലതിരിഞ്ഞുപോയ പ്രകടനപത്രികയുടെ ഒരു കോപ്പിയാണ് കാണുന്നത്. പ്രകടനപത്രിക തയ്യാറാക്കിയ സമയത്തെ കാര്യങ്ങൾ ഓർമ്മയിൽ ഇല്ലാഞ്ഞിട്ടോ മറ്റോ സർക്കാർ മദ്യശാലകൾ തുറന്നു പ്രവർത്തിക്കാമെന്ന അഭിപ്രായക്കാരായിരിക്കുന്നു. പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ ഭയപ്പെടുന്നുണ്ട്, മദ്യം ഇവിടെ സുലഭമായി നൽകിയില്ലെങ്കിൽ വിഷമദ്യമൊഴുകുമെന്ന്!. വ്യക്തമായ മദ്യവർജ്ജന നയം എൽഡിഎഫ് നടപ്പാക്കുമെന്നാണ് തിരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞിരുന്നത്.
കോടതി നിർദ്ദേശങ്ങൾക്കനുസരിച്ചാണ് മദ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും മറ്റും തീരുമാനമുണ്ടാകുന്നത്. ദേശീയ പാതയോരത്തെ മദ്യശാലകൾ അടയ്ക്കാൻ സുപ്രീംകോടതി വിധിയുണ്ടായതാണ്. പക്ഷെ തുറക്കാൻ ആരൊക്കയോ ചേർന്ന് ചില നീക്കങ്ങൾ നടത്തി. അതിന്റെ ഭാഗമായി വളപ്പട്ടണം-കുറ്റിപ്പുറം തിരുവനന്തപുരം-ചേർത്തല ഭാഗങ്ങളിലെ പാതയോരങ്ങൾ ദേശീയ പാതയോരങ്ങളിൽ പെടില്ലെന്ന തെറ്റിദ്ധാരണയുടെ പുറത്ത് സർക്കാർ അവിടങ്ങളിലെ മദ്യശാലകൾ തുറക്കാൻ തീരുമാനിച്ചു. ദേശീയ പാതയാണോ എന്ന് പരിശോധിച്ചും സുപ്രീം കോടതിയിലേതുൾപ്പടെ മാനദണ്ധങ്ങൾ പരിഗണിച്ചും മദ്യശാലകളുടെ കാര്യത്തിൽ തീർപ്പുണ്ടാക്കാനാണ് കോടതി നിർദ്ദേശിച്ചിരുന്നത്. ഹൈക്കോടതി വിധി ശരിയായി മനസ്സിലാകാഞ്ഞിട്ടോ അതോ വിധിയിൽ വെള്ളം ചേർത്തോ മദ്യശാലകൾ തുറക്കാൻ സർക്കാർ അനുമതിയുണ്ടായി. കോടതിവിധിയെ ദുർവ്യാഖ്യാനിച്ചു എന്നാണ് കോടതി ഇന്നലെ പരാമർശിച്ചിരിക്കുന്നത്. ദേശീയപാതാ ഗണത്തിൽ പെടന്നുവയല്ല എന്നതിൽ പുനപരിശോധനാ ഹർജി കോടതി പരിഗണിക്കാനിരിക്കുകയാണ്. മദ്യശാലകൾ തുറക്കാൻ സർക്കാരിന്റെ തിടുക്കം കാണുന്പോൾ സർക്കാർ പലതും മറക്കുന്നതായാണ് മനസ്സിലാകുന്നത്. മദ്യം പൂർണ്ണമായും നിരോധിക്കാനോ കുടിക്കുന്നത് ഇല്ലാതാക്കാനോ സർക്കാരുകൾക്ക് കഴിഞ്ഞെന്ന് വരില്ല, ശ്രദ്ധിക്കേണ്ടത് വാഗ്ദാനങ്ങൾ നൽകുന്പോഴാണ്... ശ്രദ്ധിക്കുമല്ലോ...