ആശങ്കകൾ മായട്ടെ
പ്രദീപ് പുറവങ്കര
2004ൽ ഹോളിവുഡിലെ പ്രശസ്തനായ സംവിധായകൻ സ്റ്റീഫൻ സ്പീൽബർഗ് സംവിധാനം ചെയ്ത ദ ടെർമിനിൽ എന്ന ചിത്രം നിങ്ങളിൽ പലരും കണ്ടിരിക്കാം. ടോം ഹാംങ്ക്സ് എന്ന അതുല്യനടൻ അഭിനയിച്ച് ഫലിപ്പിച്ച വിക്ടർ നവോർസ്കി എന്ന നായകൻ അമേരിക്കയിലെ ജോൺ എഫ്. കെന്നഡി വിമാനത്താവളത്തിനകത്ത് പെട്ടു പോകുന്ന കഥയാണിത്. ജാസ് സംഗീതത്തിന്റെ കടുത്ത ആരാധകനായ തന്റെ അച്ഛന്റ അന്തിമാഭിലാഷ പൂർത്തിക്കരണത്തിന് വേണ്ടിയാണ് വിക്ടർ നവോർസ്കി അമേരിക്കയിൽ എത്തിയത്. അച്ഛന് വേണ്ടി പ്രശസ്തനായ സംഗീതജ്ഞന്റെ ഓട്ടോഗ്രാഫ് വാങ്ങിയാണ് അദ്ദേഹം എയർപ്പോർട്ടിൽ തന്റെ മടക്കയാത്രക്കായി എത്തിയത്. എന്നാൽ അദ്ദേഹത്തിന്റെ സ്വന്തം രാജ്യമായ ക്രോക്കേഷ്യയിൽ നടന്ന അഭ്യന്തരകലാപത്തിനെ തുടർന്ന് ആ രാജ്യം ഇല്ലാതാകുകയും, ഒപ്പം അമേരിക്ക അംഗീകരിക്കാത്ത ആ രാജ്യത്തിന്റെ പാസ്പോർട്ടിന് ഒരു വിലയും ലഭിക്കാതെ പോവുകയും ചെയ്യുന്ന സാഹചര്യത്തിൽ മുറി ഇംഗ്ലീഷ് സംസാരിക്കുന്ന വിക്ടർ നവോർസ്കിക്ക് ജീവിതം വഴിമുട്ടുന്ന അവസ്ഥയുണ്ടാകുന്നു. വിമാനത്താവളത്തിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ഇദ്ദേഹത്തോട് പറയുന്ന വാചകം ഇങ്ങിനെയായിരുന്നു.. “നിങ്ങൾക്ക് ഈ കെട്ടിടം വിട്ട് പുറത്തുപോകാൻ പറ്റില്ല, കാരണം അമേരിക്ക നിങ്ങളുടെ മുന്നിൽ അടഞ്ഞു കഴിഞ്ഞു”. ഇതോടെ വല്ലവിധേനയും പല പല ജോലികൾ ചെയ്തും വിക്ടർ നവോർസ്കി ആ വിമാനത്താവളത്തിൽ ഒന്പത് മാസം കഴിയുന്നു. ഒടുവിൽ രാജ്യത്തെ അഭ്യന്തരയുദ്ധത്തിന് ശേഷം അദ്ദേഹത്തിന് തിരികെ നാട്ടിലെത്താൻ സാധിക്കുന്നു.
ഈ കഥയ്ക്ക് പ്രചോദനമായത് ഇറാൻകാരനായ പിതാവിനും, സ്കോട്ടന്റുകാരിയായ മാതാവിനും ജനിച്ച മെഹ്റാൻ കരീമി എന്നയാളുടെ ജീവിതകഥയാണ്. ഇറാനിലെ ഷാ ഭരണകൂടത്തിനെതിരെ നടന്ന വിപ്ലവത്തിൽ രാജ്യഭ്രഷ്ടനായ വ്യക്തിയാണ് കരീമി. ഷാ ഭരണം അവസാനിച്ചിട്ടും കരീമിയുടെ ജീവിതം ഇറാൻന് പുറത്ത് അഭയാർത്ഥിയുടേതായിരുന്നു. ആ യാത്രക്കിടയിൽ അദ്ദേഹം ഫ്രാൻസിലെത്തി. പക്ഷെ അവിടെ വെച്ച് അയാളുടെ യാത്രാരേഖകൾ ഒരു കള്ളൻ മോഷ്ടിക്കുന്നു. പിന്നെ എങ്ങിനെയോ അയാൾ ഫ്രാൻസിൽ നിന്ന് ഇംഗ്ലണ്ടിലേയ്ക്കുള്ള വിമാനത്തിൽ കയറിപറ്റി. എന്നാൽ ഹിത്രോ വിമാനത്താവളത്തിൽ നിന്ന് അടുത്ത വിമാനത്തിൽ തന്നെ കരീമിയെ ഫ്രാൻസിലേയ്ക്ക് തിരികെ അയച്ചു. 1988 ആഗസ്റ്റിൽ ഊരും, പേരും, ദേശവും അടയാളപ്പെടുത്താൻ രേഖകളില്ലാതെ വന്നിറങ്ങിയ മെഹ്റാൻ ചാൾസ് ഡി ഗ്വല്ലെ വിമാനത്താവളത്തിന്റെ ലോഞ്ചിൽ താമസം തുടങ്ങി. ആ താമസത്തിൽ കരീമിക്ക് നഷ്ടമായത് നീണ്ട 17 വർഷങ്ങളായിരുന്നു. എല്ലാ ദിവസവും അദ്ദേഹം ഒരു യാത്രയ്ക്ക് തയ്യാറെടുക്കുമായിരുന്നു. വിമാനത്താവളത്തിലെ കുളിമുറിയിൽ കയറി കുളിച്ച്, ഷേവ് ചെയ്ത്, വസ്ത്രങ്ങൾ ധരിച്ച് തന്റെ ഇരിപ്പടത്തിൽ ആരെങ്കിലും തന്നെ വിളിക്കുമെന്ന പ്രതീക്ഷയിൽ അദ്ദേഹം ഇരുന്നു. ആദ്യമാദ്യം അദ്ദേഹത്തിന്റെ കഥ വാർത്തകളുടെ തലക്കെട്ടുകളായി. പക്ഷെ പിന്നീട് ലോകവും കരീമിനെ മറന്നു തുടങ്ങി. ആ വിമാനത്താവളത്തിന്റെ മുറിച്ച് മാറ്റാൻ പറ്റാത്ത ഭാഗമായി കരീമിയും മാറി. മറ്റ് യാത്രക്കാർ അദ്ദേഹത്തിന് ഫുഡ് കൂപ്പണുകൾ സമ്മാനിച്ചു. ആ വിലാസത്തിൽ കത്തുകൾ പോലും അദ്ദേഹത്തെ തേടി വന്നു. പലവട്ടം അദ്ദേഹം സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കാൻ വിമാനത്താവളത്തിന്റെ വാതിൽ പടി വരെ വന്നു നിന്നു. പുറത്തേയ്ക്ക് വെക്കുന്ന ആദ്യ കാലടി തന്നെ ജയിലിൽ എത്തിക്കുമെന്ന ഭയം കാരണം ഒരിക്കൽ പോലും ആ ലക്ഷ്മണ രേഖ അദ്ദേഹം മുറിച്ച് കടന്നില്ല. ഒടുവിൽ ഏറെ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ മെഹ്റാൻ ഇറാൻ പൗരനാണെന്നും, ലോകത്തെവിടെ വേണമെങ്കിലും പോകാമെന്നുമുള്ള വിധി വന്നപ്പോൾ വർഷങ്ങളായി താൻ ഉണരുകയും, ഉറങ്ങുകയും ചെയ്ത ആ ടെർമിനൽ വിട്ട് പോകാൻ കരീമി കൂട്ടാക്കിയില്ല. നിയമത്തിന്റെ അന്തമായ കുരുക്കിൽ പെട്ട് അപ്പോഴേയ്ക്കും അദ്ദേഹത്തിന്റെ മനസിന് താളം തെറ്റിയിരുന്നു. തന്റെ ഭൂതകാലം പോലും ആ വിപ്ലവകാരി മറുന്നു പോയി. ഒടുവിൽ 2006 ജൂലൈയിൽ അസുഖ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് വരേയ്ക്കും ആ വിമാനത്താവളം തന്നെയായിരുന്നു അദ്ദേഹത്തിന്റെ തറവാടും മേൽവിലാസവും. ഇന്ന് അദ്ദേഹത്തെ പറ്റി യാതൊരു വിവരവും ലഭ്യമല്ല.
അതിർത്തി തർക്കങ്ങളും, ചെറിയ പിണക്കങ്ങളും ഇല്ലാത്തവരായി ആരുമുണ്ടാകില്ല ഈ ലോകത്ത്. പക്ഷെ അത്തരം തർക്കങ്ങൾ വലിയൊരു വിഭാഗം മനുഷ്യരുടെ ഉറക്കം കെടുത്തുന്ന സാഹചര്യങ്ങൾ വേദനാജനകമാണ്. അവിടെ അസ്തമിച്ച് പോകുന്നത് വളരെ നശ്വരമായ ജീവിതത്തിലെ ഏറ്റവും അനർഘമായ നിമിഷങ്ങളായിരിക്കാം, കണ്ടു കൊതിതീരാത്ത സ്വപ്നങ്ങളും, ആശകളുമായിരിക്കാം.. ചുറ്റിലും നല്ലത് മാത്രം നടക്കെട്ട എന്നാഗ്രഹിച്ചു കൊണ്ട്..