ഖത്തർ തനിച്ചാകുന്പോൾ...
പ്രദീപ് പുറവങ്കര
കാലത്ത് എഴുന്നേൽക്കുന്പോൾ നല്ല വാർത്തകൾ കേൾക്കാൻ സാധിക്കണമെന്ന ആഗ്രഹത്തോടെയാണ് നമ്മളെല്ലാവരും ഉറങ്ങാൻ പോകുന്നത്. എന്നാൽ നേരം ഇരുട്ടി വെളുക്കുന്പോൾ ഒരിക്കലും വിചാരിക്കാത്ത സംഭവവികാസങ്ങളായിരിക്കാം ചുറ്റിലും നടന്നിട്ടുണ്ടാകുക. അത്തരമൊരു വാർത്തയാണ് ഇന്ന് രാവിലെ പ്രത്യേകിച്ച് പ്രവാസലോകത്ത് അശനീപാതം പോലെ വന്നിടിച്ചിരിക്കുന്നത്. ഗൾഫ് സമൂഹത്തെയാകെ ഈ തീരുമാനം ഏത് രീതിയിൽ ബാധിക്കുമെന്ന ആശങ്ക കാട്ടുതീ പോലെ പടരുകയാണ്.
ഭീകരവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു എന്ന ആരോപണം ഉന്നയിച്ചാണ് ഗൾഫ് നാടുകളിലെ പ്രധാനിയായ ഖത്തറുമായി സൗദി അറേബ്യ, യുണെറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്റൈൻ, ഈജിപ്ത്, യെമൻ തുടങ്ങിയ പ്രബല ശക്തികൾ അവരുടെ നയതന്ത്രബന്ധം വിച്ഛേദിച്ചിരിക്കുന്നത്. അതോടൊപ്പം കടൽ, കര, വ്യോമ അതിർത്തികളും ഇവർ അടച്ചിരിക്കുന്നു. മുസ്ലീം ബ്രദർ ഹുഡ്, അൽ ഖ്വയ്ദ, ഐഎസ് തുടങ്ങിയ സംഘടനകളെ ഖത്തർ വലിയ രീതിയിൽ പിന്തുണയ്ക്കുന്നു എന്ന ആരോപണത്തോടൊപ്പം മേഖലയിൽ ഇറാൻ ഉയർത്തുന്ന ഭീഷണിക്ക് ഖത്തറിന്റെ ഈ സഹായം ആക്കം കൂട്ടുവെന്നാണ് മറ്റ് രാജ്യങ്ങളുടെ പരാതി. ഇത് കൂടാതെ ഖത്തർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അൽ ജസീറ ചാനലടക്കമുളള മാധ്യമങ്ങൾ അറബ് രാജ്യങ്ങളുടെ സ്ഥിരതയ്ക്ക് ഭീഷണിയായി പ്രവർത്തിക്കുന്നു എന്ന ആരോപണവും നിലനിൽക്കുന്നു. ബഹ്റൈൻ ആണ് ഈ ആരോപണം പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. ഇതോടൊപ്പം ഖത്തർ വാർത്ത ഏജൻസിയിൽ മെയ് അവസാന വാരം ഇറാനെയും ഇസ്രയേലിനെയും പറ്റി ഖത്തർ അമീറിന്റെതായി വന്ന ഒരു അഭിമുഖവും മറ്റ് രാജ്യങ്ങളെ ഏറെ പ്രകോപിപ്പിച്ചിരുന്നു. വാർത്ത ഏജൻസിയുടെ സൈറ്റ് ഹാക്ക് ചെയ്ത് വ്യാജമായി നൽകിയ അഭിമുഖമാണെന്ന് ഖത്തർ പറയുന്നുണ്ടെങ്കിലും മറ്റ് രാജ്യങ്ങൾ അത് വിശ്വാസത്തിലെടുത്തിട്ടില്ല. മുന്പ് 2014ൽ സൗദി അറേബ്യ, ബഹ്റൈൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവർ ഖത്തറിൽ നിന്നുള്ള സ്ഥാനപതികളെ പിൻവലിച്ചിരുന്നു. തുടർന്ന് എട്ട്മാസത്തിന് ശേഷം മുസ്ലീം ബ്രദർഹുഡുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ടവരെ ഖത്തർ പുറത്താക്കിയതിന് ശേഷമാണ് സ്ഥാനപതിമാരെ വീണ്ടും ഇവിടെ നിയമിച്ചത്. എന്നാൽ ഇത്തവണ എടുത്ത തീരുമാനം കുറേ കൂടി കടുപ്പമേറിയതാണ്.
അമേരിക്കയുടെ പ്രസിഡണ്ട് ഡോണാൾഡ് ട്രംപിന്റെ സൗദി സന്ദർശനവുമായി ഇപ്പോഴുണ്ടായിരിക്കുന്ന നീക്കത്തെ നിരീക്ഷകർ ബന്ധപ്പെടുത്തുന്നുണ്ട്. സൗദി അറേബ്യയുമായി 110 ബില്യൺ ഡോളറിന്റെ ആയുധകരാറാണ് ട്രംപ് ഒപ്പിട്ടത്. ഇറാനെതിരെയുള്ള നീക്കങ്ങൾക്ക് ശക്തി പകരാൻ ഈ കരാർ സഹായിക്കുമെന്ന ധാരണയും ഇതോടൊപ്പം പരന്നിരുന്നു. ഖത്തറിൽ അമേരിക്കയുടെ വ്യോമതാവളം പ്രവർത്തിക്കുന്നുണ്ട്. ഏകദേശം പതിനായിരത്തോളം അമേരിക്കൻ സൈനികരാണ് ഇവിടെയുള്ളത്. അതുകൊണ്ട് തന്നെ അമേരിക്കയുമായുള്ള സൗഹൃദം ഇല്ലാതാക്കി കൊണ്ട് ഖത്തറിലേയ്ക്ക് ഒരു സൈനിക നീക്കം നടത്താൻ സൗദി അറേബ്യയോ മറ്റ് രാജ്യങ്ങളോ തയ്യാറാകുമെന്ന് കരുതാനാകില്ല. വരുംനാളുകൾ ഏറെ നിർണ്ണായകം തന്നെയായിരിക്കുമെന്ന് സൂചിപ്പിക്കുകയാണ് മധ്യേഷ്യയിലെ ഓരോ വാർത്തകളും. അതേസമയം ഓരോ തീരുമാനങ്ങളും ബാധിക്കുന്നത് ഇവിടെയുള്ള ജനലക്ഷങ്ങളെയാണെന്ന ഓർമ്മപ്പെടുത്തലോടെ...