തോറ്റ് പഠിക്കണം ജീവിതം...
പ്രദീപ് പുറവങ്കര
കഴിഞ്ഞ ദിവസം സിബിഎസ്ഇ പത്താം തരത്തിന്റെ ഫലം പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയിൽ മാതാപിതാക്കളുടെ സന്തോഷം നിറഞ്ഞു കവിയുകയാണ്. തീർച്ചയായും പത്ത് വർഷത്തെ പ്രാഥമിക പഠനത്തിന്റെ ഒരു പരീക്ഷണത്തിൽ വിജയിക്കുന്നത് ആവേശകരവും സന്തോഷവും നൽകുന്ന കാര്യം തന്നെയാണെന്നതിൽ തർക്കമില്ല. ഉറക്കം പോലും കളഞ്ഞ് കഷ്ടപ്പെട്ട് പഠിച്ചതൊക്കെ ഓർത്തു വെച്ച് അത് കടലാസിലേയ്ക്ക് പകർത്തി വെച്ച് മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരം എഴുതി നല്ല വിജയം നേടുന്നത് എല്ലാവർക്കും സാധ്യമായ കാര്യമല്ല. അതുകൊണ്ട് തന്നെ ഓരോ മിടുക്കന്മാർക്കും, മിടുക്കികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനം. അതേസമയം ഈ പരീക്ഷകളിൽ പങ്കെടുത്ത് മാർക്ക് അൽപം കുറഞ്ഞതിന് ഏറെ വിഷമിക്കുന്നവരും ഏറെയാണ്. അതിൽ രക്ഷിതാക്കളും, വിദ്യാർത്ഥികളും ഒരുപോലെ പെടും. അവരോടാണ് ഇന്നത്തെ തോന്ന്യാക്ഷരത്തിലൂടെ സംസാരിക്കാനാഗ്രഹിക്കുന്നത്. ജീവിതമെന്ന പരീക്ഷണത്തിലാണ് നിങ്ങൾ വിജയിക്കേണ്ടതെന്ന് ഓർമ്മിപ്പിക്കുന്നു.
ജീവിതം മനോഹരമാണെങ്കിലും, പ്രശ്നങ്ങളും പ്രതിസന്ധികളും ഇല്ലാത്തവരായി ആരുമുണ്ടാകില്ലെന്ന വാസ്തവം മനസിലാക്കണം. പക്ഷെ തോൽവികളും, വെല്ലുവിളികളും നമ്മെ ബലപ്പെടുത്തേണ്ട കാര്യങ്ങളാണെന്ന് തിരിച്ചറിയുക. ഭാവിയിലെ ജീവിത പ്രശ്നങ്ങളെ ഒറ്റയ്ക്ക് നേരിടാനുള്ള കരുത്തും ഇതേ പ്രതിസന്ധികളാണ് നൽകുന്നത്. പരാജയത്തെ അല്ലെങ്കിൽ വെല്ലുവിളികളെ നേരിട്ടിട്ടില്ലാത്ത ഒരു കരുത്തുറ്റ ശക്തിമാനെയോ വിജയിയെയോ ലോകത്തിൽ കണ്ടെത്താനാവില്ല തന്നെ. ജീവിതം ഒരു വഴി യാത്രയാണെന്ന് തിരിച്ചറിഞ്ഞ നമ്മുടേതായ വഴി നാം കണ്ടെത്തിയാൽ തന്നെ ഈ ലോകം മനോഹരമാകുമെന്നതും തീർച്ച. പിന്നെ ഇടയ്ക്കിടെ താഴെയുള്ള ചോദ്യങ്ങൾ സ്വയം ചോദിക്കുക.
“ഞാൻ ഒരു മോശപ്പെട്ട ആളാണോ ?”
“ഞാൻ എന്ത് കൊണ്ട് ഒറ്റപ്പെട്ടവനാകുന്നു ?
“ഈ ലോകം എന്തുകൊണ്ട് ജീവിത യോഗ്യം അല്ലാതായി തീരുന്നു ?”
“മറ്റുള്ളവരുടെ കാഴ്ചയിൽ ഞാൻ എന്തുകൊണ്ട് ഇങ്ങനെയായി?”
“മറ്റുള്ളവരെ എനിക്ക് എങ്ങനെ സന്തോഷിപ്പിക്കാൻ കഴിയും?”
ഈ ചോദ്യങ്ങൾ അവസാനിക്കാതിരിക്കട്ടെ, വീണ്ടും വീണ്ടും ആവർത്തിച്ചു കൊണ്ടിരിക്കുക. ഉത്തരം മുട്ടുന്ന അവസരത്തിൽ സ്വയം പൊട്ടിത്തെറിക്കാം, അല്ലെങ്കിൽ പൊട്ടിക്കരയാം. നമ്മുടെ സാഹചര്യങ്ങൾ മാറി മറഞ്ഞേക്കാം. ചുറ്റും പുതിയ ജനന മരണങ്ങൾ ഉണ്ടായേക്കാം. അപ്പോഴൊക്കെ ഏറ്റവുമധികം സന്തോഷിക്കേണ്ട ഒരു കാര്യം നിങ്ങൾ ജീവനോടെയിരിക്കുന്നു എന്നതാണ്.
ആ ജീവിതം ആസ്വദിക്കുക, നിങ്ങൾ ആഗ്രഹിക്കും പോലെ !
നൃത്തം ചെയ്യുക, ഒരു ഉത്സവത്തിലെന്ന പോലെ !
വെല്ലുവിളികൾ നേരിടുക, ആത്മവിശ്വാസത്തോടെ !
ശത്രുക്കളെ മറന്നേക്കുക, ഒരു ദുഃസ്വപ്നം പോലെ!
ഈ ചെറു ജീവിതത്തെ നാളേയ്ക്കായി കരുതി വെയ്ക്കുക !
ഒരു പ്രണയത്തിലെന്ന പോലെ ജീവിതത്തെ വാരിപ്പുണരുക !
കുന്നോളം സ്വപ്നം കാണുക, കുന്നിക്കുരുവോളം നേടുക !