മഴ പെയ്ത് തീരും മുന്പെ...
പ്രദീപ് പുറവങ്കര
നാട്ടിൽ വിദ്യാലയങ്ങൾ തുറന്നിതിനൊപ്പം തന്നെ കാലവർഷവും പതിവ് പോലെ എത്തിയിരിക്കുന്നു. ഒരു മഴപെയ്ത്തിനായി മലയാള നാട് ഇത്രയും കാത്തിരിക്കുന്നത് അപൂർവ്വമായ കാഴ്ച്ചായായിരുന്നു. അത്രയ്ക്കും കഷ്ടതയേറിയ തരത്തിലാണ് കഴിഞ്ഞ മാസങ്ങളിൽ നമ്മുടെ നാട്ടിൽ വരൾച്ച അനുഭവപ്പെട്ടത്. അതുകൊണ്ട് തന്നെഇനിയുള്ള നാളുകളിൽ പെയ്ത് തോർന്നു പോകുന്ന മഴതുള്ളികളെ വെറുതെ പാഴാക്കാതിരിക്കാനും, അത് സംരക്ഷിക്കാനുമുള്ള മാർഗങ്ങളെ പറ്റി ഗൗരവമായി ചിന്തിക്കേണ്ട നേരം കൂടിയാണിത്. പലപ്പോഴും മഴ പെയ്ത് തുടങ്ങുന്പോൾ അതിന് മുന്പുണ്ടായിരുന്ന ഉഷ്ണത്തെ പറ്റി നാം വേഗം മറന്നു പോകും. അത്യാവശ്യം കുടിക്കാനും, ഗാർഹിക ആവശ്യങ്ങൾക്കും വെള്ളം ലഭിച്ചാൽ പിന്നെ അത് പാഴാക്കാനാണ് നമ്മളിൽ മിക്കവർക്കും താത്പര്യം. പിന്നെ വീണ്ടും വെയിൽ പരന്ന് വേനൽ കടുക്കുന്പോൾ നമ്മൾ മഴ വെള്ള സംരക്ഷണത്തെ പറ്റി ചർച്ചകളും, സിന്പോസിയങ്ങളും സംഘടിപ്പിച്ച് വേദനകൾ പങ്ക് വെയ്ക്കും. ഈ ആവർത്തന വിരസത ഒഴിവാക്കാനുള്ള നടപടികളാണ് സംസ്ഥാന സർക്കാർ ഇനിയുള്ള ദിവസങ്ങളിൽ സ്വീകരിക്കേണ്ടത്.
കേരളത്തിലെ എല്ലാ വീടുകളിലും മഴവെള്ള സംഭരണി എന്നാശയം നടപ്പിലാക്കാൻ സമയമെടുക്കുമെങ്കിലും, ഏറ്റവും കുറഞ്ഞത് സർക്കാർ ഓഫീസുകളിലെങ്കിലും ഇത് നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്. ഇങ്ങിനെ ചെയ്യുകയാണെങ്കിൽ പൊതുസമൂഹത്തിനും അത് ഏറെ പ്രചോദനം നൽകുമെന്നുറപ്പാണ്. മേൽക്കൂരകളിൽ നിന്ന് വീഴുന്ന മഴവെള്ളത്തെ കിണറുകളിലേയ്ക്ക് എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മഴപൊലിമ എന്ന പേരിൽ ഒരു പദ്ധതി തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കാൻ മാസങ്ങൾക്ക് മുന്പേ ശ്രമം ആരംഭിച്ചിരുന്നുവെങ്കിലും ഇതുവരെയായി പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. അന്ന് നാട്ടിലെ പല കുളങ്ങളും വൃത്തിയാക്കുവാനും, നീർച്ചാലുകളെ പുനരുജ്ജീവിപ്പിക്കാനും പദ്ധതിയിട്ടിരുന്നുവെങ്കിലും വളരെ കുറഞ്ഞ ശതമാനം സ്ഥലങ്ങളിൽ മാത്രമേ ഇത് നടന്നിട്ടുള്ളൂ.
ഈ കാരണങ്ങൾ കൊണ്ട് തന്നെ കുറ്റബോധം നിറഞ്ഞ മനസോടെ വേണം മലയാളികൾ ഈ പ്രശ്നത്തെ മഴപെയ്ത് തോരുന്നതിന് മുന്പ് നോക്കി കാണേണ്ടതും, വേണ്ടത് ചെയ്യേണ്ടതും. അല്ലെങ്കിൽ നമ്മുടെ ഹരിതാഭ നിറഞ്ഞ നാട് മരുഭൂമിയാകാൻ അധികം കാലം വേണ്ടി വരില്ല. ഇത്തവണ മെച്ചപ്പെട്ട മഴ നാട്ടിൽ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം. ജൂൺ, ജൂലൈ മാസങ്ങളിലെ ഇടവപ്പാതിയാണ് നമ്മുടെ നാട്ടിൽ പെയ്യുന്ന മഴയുടെ അന്പത് ശതമാനവും ഉൾക്കൊള്ളുന്നത്. അതുകൊണ്ട് തന്നെ ഈ മഴദിനങ്ങളെ ആകുന്നത്ര പ്രയോജനപ്പെടുത്തുവാനും, അവയെ സംരക്ഷിക്കുവാനും, അധികാരികൾക്കും, പൊതുസമൂഹത്തിന് സാധിക്കട്ടെ എന്ന ആഗ്രഹത്തോടെ...